- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗത മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കി എംവിഡി ഉദ്യോഗസ്ഥര്‍; കൊച്ചിയില്‍ പിടിച്ചെടുത്ത എയര്‍ഹോണുകള്‍ കമ്മട്ടിപ്പാടത്തെ ആളൊഴിഞ്ഞ റോഡില്‍ റോഡ്‌റോളര്‍ കയറ്റി തവിടുപൊടിയാക്കി; അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളിലടക്കം കര്‍ശന പരിശോധന
കൊച്ചി: ഗതാഗത നിയമം ലംഘിച്ച് എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പിടിച്ചെടുത്ത എയര്‍ഹോണുകള്‍ ഫൈന്‍ ഈടാക്കിയതിന് പുറമെ റോഡ്‌റോളര്‍ കയറ്റി നശിപ്പിച്ചു. വാഹനങ്ങളിലെ എയര്‍ഹോണുകള്‍ പിടിച്ചെടുത്ത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെച്ചുതന്നെ നശിപ്പിക്കുമെന്നും അത് മാധ്യമങ്ങള്‍ വാര്‍ത്തയായി നല്‍കണമെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കൊച്ചിയില്‍ രണ്ടാംഘട്ട നടപടിയായി എയര്‍ഹോണുകള്‍ നശിപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി പിടിച്ചെടുത്ത എയര്‍ഹോണുകളാണ് കടവന്ത്രയിലെ കമ്മട്ടിപ്പാടത്ത് എത്തിച്ച് നശിപ്പിച്ചത്.
കേരളത്തിലെ വാഹനങ്ങളില്‍ എയര്‍ഹോണ്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഹോണുകളാണ് നശിപ്പിച്ചത്. എയര്‍ ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ പരിശോധിച്ച് ഹോണുകള്‍ പിടിച്ചെടുക്കണമെന്നും ഇവ റോഡ് റോളര്‍ കയറ്റി നശിപ്പിച്ചു കളയണമെന്നുമായിരുന്നു കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം.
ഒക്ടോബര്‍ 13 മുതല്‍ 19 വരെയായിരുന്നു വാഹനങ്ങളിലെ എയര്‍ ഹോണ്‍ കണ്ടെത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. നടപടി പൂര്‍ത്തിയായതിന് പിന്നാലെയാണ് ഒക്ടോബര്‍ 20 തിങ്കളാഴ്ച പിടിച്ചെടുത്ത ഹോണുകള്‍ എല്ലാം നിരത്തിവെച്ച് റോഡ് റോളര്‍ കയറ്റി നശിപ്പിച്ചത്. കൊച്ചിയില്‍ കമ്മട്ടിപ്പാടത്തെ ഒരു ആളൊഴിഞ്ഞ റോഡില്‍ വെച്ചാണ് ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിച്ചത്. എത്ര ഹോണുകള്‍ നശിപ്പിച്ചെന്നുള്ള വിവരം പിന്നാലെ അറിയിക്കുമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംസ്ഥാനത്ത് കുറച്ചധികം ദിവസമായി എയര്‍ഹോണുകള്‍ പിടിച്ചെടുക്കാന്‍ എം വി ഡിയുടെ നേത്യത്വത്തില്‍ വലിയ യജ്ഞം നടന്നിരുന്നു. 500 ഓളം എയര്‍ഹോണുകള്‍ എറണാകുളത്ത് നിന്ന് മാത്രമായി പിടിച്ചെടുത്തിട്ടുണ്ട്. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളിലാണ് എയര്‍ഹോണുകള്‍ കൂടുതലായി കാണപ്പെടുന്നതെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊച്ചിയിലെ മറ്റിടങ്ങളിലും പരിശോധന തുടരുകയാണ്.പിടിച്ചെടുക്കുന്നതും, നശിപ്പിക്കുന്നതും മോട്ടോര്‍ വാഹന വകുപ്പും ക്യാമറയില്‍ പകര്‍ത്തും. നിയമനടപടികള്‍ക്ക് കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാക്കാനാണ് എം വി ഡി ക്യാമറയില്‍ പകര്‍ത്തുന്നത്. ഒരു ബോധവല്‍ക്കരണം കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒന്നരാഴ്ചകള്‍ക്ക് മുന്‍പ് ഗതാഗതമന്ത്രിയ്ക്ക് തന്നെ പൊതുനിരത്തില്‍ നിന്നുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് അതിവേഗ നടപടിയിലേക്ക് എംവിഡി എത്തിയത്.
കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകള്‍ക്കെതിരേ മന്ത്രി ഉടനടിനടപടി എടുത്തിരുന്നു. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. അതിനുപിന്നാലെയാണ് സംസ്ഥാനത്ത് ഉടനീളം വാഹനങ്ങളിലെ എയര്‍ ഹോണ്‍ ഒഴിവാക്കുന്നതിന് പരിശോധന നടത്താനും നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചത്.
അനുമതിയില്ലാതെ വയ്ക്കുന്ന എയര്‍ഹോണുകള്‍ കണ്ടെത്തുക മാത്രല്ല ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം. ഇതിന്റെ ജില്ലാതല കണക്കുകളും നിത്യേന കൈമാറണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരുന്നത്. ഒക്ടോബര്‍ 15,16 ദിവസങ്ങളിലെ കണക്ക് അനുസരിച്ച് എയര്‍ഹോണ്‍ ഉപയോഗിക്കുന്ന 422 വാഹനങ്ങള്‍ക്കെതിരേ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തിരുന്നു. 8.21 ലക്ഷം രൂപ പിഴ ചുമത്തുകയും ഇതില്‍ 1.22 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.
വാഹനങ്ങളിലെ എയര്‍ഹോണുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നേരത്തേ ഹൈക്കോടതിയും മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പരിശോധനയില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സൂപ്പര്‍ ചെക്കിങ് സ്‌ക്വാഡിനെയും കമ്മിഷണര്‍ രൂപവത്കരിച്ചിട്ടുണ്ട്. സ്‌ക്വാഡ് നടത്തുന്ന പരിശോധനയില്‍ വാഹനങ്ങളില്‍ എയര്‍ഹോണ്‍ കണ്ടെത്തിയാല്‍ ആ പ്രദേശത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടാകും.