- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ ഓര്‍മ്മ നഷ്ടപ്പെട്ടു; കൊച്ചിയില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ കാണാതായി: ബെംഗളൂരു സ്വദേശിയെ കണ്ടെത്താന്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാന്‍ മകന്
കൊച്ചിയിലെത്തി കാണാതായി; ഹേബിയസ് കോർപസ് ഹർജി നൽകാൻ മകൻ
കൊച്ചി: കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ ഓര്മ പൂര്‍ണമായും നഷ്ടപ്പെട്ട നിലയില്‍ കുവൈത്തില്‍നിന്നു കൊച്ചിയിലെത്തി കാണാതായ ബെംഗളൂരു സ്വദേശിയെ കണ്ടെത്താന്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങി മകന്. ബെംഗളൂരു സ്വദേശിയായ സൂരജ് ലാമയെ (58) കണ്ടെത്താനാണ് മകന് സന്ദന്ലാമ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.
ഈമാസം ആറിനു പുലര്‍ച്ചെയാണു സൂരജ് ലാമ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. രണ്ടു ദിവസത്തിനു ശേഷമാണു കുവൈത്തില്‍നിന്നു സൂരജിനെ കൊച്ചിയിലേക്കു വിമാനം കയറ്റിവിട്ട കാര്യം ബെംഗളൂരുവിലെ സൂരജിന്റെ കുടുംബം അറിയുന്നത്. തുടര്‍ന്ന് കൊച്ചിയിലെത്തി അന്വേഷണം നടത്തിയെങ്കിലും സൂരജ് എങ്ങോട്ട് പോയെന്ന് വ്യക്തമല്ല.
കൊച്ചിയില്‍ വിമാനം ഇറങ്ങിയ സൂരജ് മെട്രോയുടെ ഫീഡര്‍ ബസില്‍ ആലുവ മെട്രോ സ്റ്റേഷനില്‍ എത്തിയതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. പിന്നീട് 10നാണ് സൂരജിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. അന്ന് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി എത്തി. അപ്പോഴൊന്നും ആശുപത്രി അധികാരികള്‍ക്കോ പൊലീസിനോ സൂരജ് ആരാണെന്നോ എങ്ങനെയാണു കൊച്ചിയില്‍ എത്തിയതെന്നോ അറിയില്ലായിരുന്നു. പരിശോധനയില്‍ കാര്യമായ അസുഖങ്ങളൊന്നും കണ്ടെത്താതിരുന്നതിനെ തുടര്‍ന്നു ഡിസ്ചാര്‍ജ് ചെയ്തു വിട്ടു. പിന്നീട് സൂരജിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ ഇല്ല.
കുടുംബം നെടുമ്പാശേരി പൊലീസില്‍ പരാതി നല്‍കിയതോടെയാണു സൂരജ് കുവൈത്ത് വിഷമദ്യ ദുരന്തത്തിന്റെ ഇരയാണെന്നും ഓര്മ നഷ്ടപ്പെട്ടത് അങ്ങനെയാണെന്നും വാര്‍ത്തകളിലൂടെ പുറംലോകം അറിയുന്നത്. തുടര്‍ന്നു മകന് സന്ദനും പൊലീസും നടത്തിയ അന്വേഷണങ്ങളിലൊന്നും സൂരജിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കൈവശം പണമില്ലാതെ, മലയാളം അറിയാതെ ആലുവ ഭാഗത്തുനിന്ന് ഒരുപാടു ദൂരം സഞ്ചരിക്കാന്‍ സാധ്യതയില്ലെങ്കിലും സൂരജിനെ കണ്ടെത്താന്‍ കഴിയാത്തതില്‍ അസ്വാഭാവികതയുണ്ട്. 14 ദിവസമായി എവിടെനിന്നാണു സൂരജിനു ഭക്ഷണം ലഭിക്കുന്നതെന്നും വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് കാണാതായ വ്യക്തിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ മകന് ഒരുങ്ങുന്നത്.