- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൊട്ടാരക്കരയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റിനെ വിര്‍ച്വല്‍ അറസ്റ്റില്‍ കുടുക്കി തട്ടിപ്പ് സംഘം; കള്ളപ്പണം കടത്തിയെന്ന പേരില്‍ ബന്ദിയാക്കിയത് 48 മണിക്കൂര്‍: മക്കള്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ വന്നതോടെ പോലിസില്‍ അറിയിച്ചു: പണം നഷ്ടമാകാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
48 മണിക്കൂർ വെർച്വൽ അറസ്റ്റിൽ; ഡോക്ടർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊട്ടാരക്കര: വിര്‍ച്വല്‍ അറസ്റ്റില്‍ കുടുങ്ങി കൊട്ടാരക്കരയിലെ പ്രമുഖ വനിതാ ഗൈനക്കോളജിസ്റ്റ്. അക്കൗണ്ടിലൂടെ അനധികൃതമായി പടമിടപാട് നടത്തിയെന്ന പേരില്‍ തട്ടിപ്പ് സംഘം 48 മണിക്കൂര്‍ ആണ് ബന്ദിയാക്കിയത്. ജോലി ചെയ്യുന്ന ആശുപത്രിയില്‍ ഉള്ളവരും മക്കളും വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ വന്നതോടെ ിവര്‍ പോലിസില്‍ അറിയിച്ചു. പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ പണം നഷ്ടമാകാതെ ഡോക്ടറെ മോചിപ്പിച്ചു.
നഗരത്തില്‍ തന്നെയുള്ള വനിതാ ഡോക്ടറാണ് വെര്‍ച്വല്‍ അറസ്റ്റില്‍ കുടുങ്ങിയത്. മറ്റാരോടും സംസാരിക്കാന്‍ പോലും അനുവദിക്കാതെ തട്ടിപ്പ് സംഘം ഡോക്ടറെ കുടുക്കുക ആയിരുന്നു. മുംബൈ കൊളാബയിലെ സിബിഐ ഓഫീസില്‍നിന്നാണെന്ന പേരിലാണ് സൈബര്‍ തട്ടിപ്പുസംഘം ഡോക്ടറെ വെര്‍ച്വല്‍ അറസ്റ്റിലാക്കിയത്. സ്വകാര്യ വിമാന കമ്പനി ഉടമയുടെ 990 കോടി രൂപ കള്ളപ്പണം ഡോക്ടറുടെ അക്കൗണ്ടിലൂടെ കടത്തിയെന്നു പറഞ്ഞാണ് വിളിച്ചത്. വീടുവിട്ട് എങ്ങും പോകാന്‍ പാടില്ലെന്നാവശ്യപ്പെട്ട സംഘം മുഴുവന്‍ സമയവും വീഡിയോ പരിധിയിലായിരിക്കണമെന്നും നിര്‍ദേശിച്ചു.
ഡോക്ടറുടെ പേരിലുള്ള എല്ലാ അക്കൗണ്ട് വിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ടു. ഭയന്നു പോയ വനിതാ ഡോക്ടര്‍ സംഭവം ആരോടും പറഞ്ഞില്ല. മറ്റാരോടും സംസാരിക്കാന്‍ പാടില്ലെന്നും അനുസരിച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം അധികം തടവ് അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. സിബിഐ മുദ്രയുള്ള ഫോറങ്ങള്‍ ഫോണിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തതോടെ ഡോക്ടര്‍ ഭയന്നു പോയി. ജോലിക്ക് പോലും പോവാതെ തട്ടിപ്പ് സംഘത്തിന്റെ നിര്‍ദേശം അനുസരിച്ച് വീട്ടിലിരുന്നു.
കൊട്ടാരക്കരയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍ രണ്ടുദിവസവും എത്താതിരിക്കുകയും മക്കള്‍ ഉള്‍പ്പെടെ വിളിച്ചിട്ട് ഫോണ്‍ എടുക്കാതിരിക്കുകയും ചെയ്തതോടെ സംശയമായി. ഇതോടെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. കൂടാതെ മൊബൈല്‍ ഫോണിന്റെ ചാര്‍ജ് തീരാതിരിക്കാന്‍ പവര്‍ബാങ്ക് വാങ്ങാന്‍ ഡ്രൈവറെ ചുമതലപ്പെടുത്തിയതും സംശയത്തിനിടയാക്കി.
പോലീസിനോട് ആദ്യം കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. തുടര്‍ന്ന് സൈബര്‍ തട്ടിപ്പ് സംബന്ധിച്ച ബോധവത്കരണം നടത്തുകയും വെര്‍ച്വല്‍ അറസ്റ്റ് എന്നത് തട്ടിപ്പാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് ഡോക്ടര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പിന്നീടെത്തിയ തട്ടിപ്പുസംഘത്തിന്റെ ഫോണ്‍കോള്‍ സ്വീകരിച്ചത് പോലീസായിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാനുള്ള വിളിക്കു തൊട്ടുമുന്‍പായിരുന്നു പോലീസ് ഇടപെടല്‍. അതിനാല്‍ തന്നെ ധനനഷ്ടം ഉണ്ടായില്ല.




