- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാരന് അറസ്റ്റിലായതോടെ ഉമര്‍ പരിഭ്രാന്തനായി; ഡോക്ടര്‍ മുസമ്മില്‍ അഹമ്മദ് ഖന്നെയുടെയും ഡോക്ടര്‍ അദീല്‍ അഹമ്മദ് റാത്തറിന്റെയും കൂട്ടാളിയായ ഉമര്‍ മുഹമ്മദ്; ചെങ്കോട്ടയിലേത് ചാവേര്‍ ആക്രമണം; പിന്നില്‍ പാകിസ്ഥാന്‍ ഭീകര സംഘടനകള്‍; ജനത്തിരക്കേറിയ സ്ഥലത്തേക്ക് ഓടിച്ചുകയറ്റുന്നതിന് മുമ്പ് കാറില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചു; ചെങ്കോട്ടയിലേത് ഭീകരത
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിക്കൊണ്ട് തിങ്കളാഴ്ച ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരുമ്പോള്‍ സര്‍വ്വത്ര ദുരൂഹത. സ്ഫോടനത്തിന്റെ സ്വഭാവത്തെക്കുറിച്ചോ കാരണത്തെക്കുറിച്ചോ ഒൗദ്യോഗിക വിശദീകരണം വന്നിട്ടില്ല. ഭീകര ബന്ധവും സ്ഥിരീകരിക്കുന്നില്ല. എന്നാല്‍ ഭീകരതയെ ഉറപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്, ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നിലനില്‍ക്കെ ഇക്കാര്യത്തില്‍ അലംഭാവമുണ്ടായത് അതീവ സുരക്ഷാവീഴ്ചയാണെന്ന വിലയിരുത്തലുണ്ട്. ഡല്‍ഹി സ്‌ഫോടനം ആസൂത്രിതമായ ചാവേര്‍ ആക്രമണമാണെന്ന തരത്തില്‍ അന്വേഷണം നീങ്ങുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യം നടുങ്ങിയ സംഭവത്തില്‍ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തു. സ്ഫോടനത്തില്‍ ജെയ്ഷെ ഭീകരന്‍ ഉമര്‍ മുഹമ്മദിന്റെ ബന്ധം പരിശോധിക്കുന്നുണ്ട്. കാറിലുണ്ടായിരുന്ന മൂന്ന് പേരും ചാവേറുകളാണെന്നാണ് കരുതപ്പെടുന്നത്. കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും.
ജമ്മു-കശ്മീര്‍, ഹരിയാണ പോലീസ് കഴിഞ്ഞ ദിവസം സ്ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടര്‍മാരുടെ കൂട്ടാളിയാണ് ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതെന്ന വിവരമാണ് അന്വേഷണോദ്യോഗസ്ഥര്‍ പങ്കുവെയ്ക്കുന്നത്. ചാവേര്‍ സ്ഫോടനമാണ് നടന്നതെന്നും മുഖ്യ സൂത്രധാരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്നയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. ചാവേറെന്ന് സംശയിക്കുന്ന ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹ്യൂണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചത്. പഴയ ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു സ്ഫോടനം. ഇതിന് പിന്നില്‍ പാകിസ്ഥാന്‍ ഭീകര സംഘടനകളാണെന്നും സൂചനകളുണ്ട്.
ചെങ്കോട്ടയുടെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപം സുഭാഷ്മാര്‍ഗ് ട്രാഫിക് സിഗ്‌നലില്‍ പൊട്ടിത്തെറിച്ച വെളുത്ത ഐ20 കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാര്‍ ട്രാഫിക് സിഗ്‌നലില്‍ മുന്നോട്ടുനീങ്ങുന്നതും ഡ്രൈവറുടെ സീറ്റില്‍ കടുംനീല നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച് ഒരാള്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എച്ച്ആര്‍ 26സിഇ7674 എന്ന നമ്പര്‍ പ്ലേറ്റുള്ള കാര്‍ സ്‌ഫോടനത്തിന് മൂന്ന് മണിക്കൂറോളം മുന്‍പ് ചെങ്കോട്ടയ്ക്ക് സമീപമുള്ള പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്തു. 3:19 ന് എത്തിയ കാര്‍ 6:48 നാണ് ഇവിടെ നിന്നും പുറപ്പെട്ടത്. 6.52നാണ് കാര്‍ പൊട്ടിച്ചെറിച്ചത്. പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒരാള്‍ മാത്രമേ വാഹനത്തിനുള്ളില്‍ ഉള്ളതായി കാണുന്നുള്ളൂ. സ്‌ഫോടനമുണ്ടാകുമ്പോള്‍ കാറില്‍ ഒന്നില്‍ക്കൂടുതല്‍ ആളുകള്‍ ഉണ്ടെന്നായിരുന്നു പ്രാഥമിക നിഗമനം. മാറ്റാരെങ്കിലും ഈ മണിക്കൂറുകള്‍ക്കുള്ളില്‍ കാറില്‍ കയറിയോ എന്നതടക്കം കണ്ടെത്താനാണ് നീക്കം.
ഒന്‍പത് പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ 25ലേറെ പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില അതീവഗുരുതരമാണ്. മരണസംഖ്യ ഇനിയും കൂടിയേക്കും. സമീപമുണ്ടായിരുന്ന ഇരുപതിലേറെ വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഹമ്മദ് സല്‍മാന്‍ എന്ന ഗുരുഗ്രാം നിവാസിയുടെ പേരിലാണ് വാഹനമെന്നും എന്നാല്‍ ഇത് ഒഖ്ല നിവാസിയായ ദേവേന്ദറിന് ഇയാള്‍ ഒന്നര വര്‍ഷം മുമ്പ് വിറ്റതായി മൊഴി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. ദേവേന്ദറിനെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൊല്ലപ്പെട്ടത് പൊട്ടിത്തെറിച്ച കാറിന് സമീപത്തുണ്ടായിരുന്നവരാണ്. ഉഗ്രസ്ഫോടനത്തില്‍ മൃതദേഹ ഭാഗങ്ങള്‍ മീറ്ററുകള്‍ അകലേക്ക് ചിതറിത്തെറിച്ചു. കാറിന്റെ ഡോര്‍ തെറിച്ചുവീണത് അന്പത് മീറ്റര്‍ അകലെയാണ്. പൂര്‍ണമായി ചിന്നിച്ചിതറാത്ത മൃതദേഹം മറ്റൊരു കാറിന്റെ മുന്‍ഭാഗത്താണ് പതിച്ചത്.
ഡല്‍ഹിയില്‍ നിന്ന് 30 കിലോ മീറ്റര്‍ പോലും ദൂരമില്ലാത്ത ഫരീദാബാദില്‍ നിന്ന് 2,900 കിലോ സ്ഫോടക സാമഗ്രികള്‍ പിടിച്ചെടുക്കുകയും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത് മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോഴാണ് സ്ഫോടനം. ജമ്മു കശ്മീര്‍ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ലഷ്‌കര്‍ ഇ തൊയ്ബ (എല്‍ഇടി) നേതാവ് ഹഫീസ് സെയ്ദ് ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എല്‍ഇടി കമാന്‍ഡര്‍ സയ്ഫുള്ള സയ്ഫ് പാകിസ്ഥാനിലെ ഒരു റാലിയില്‍ സംസാരിക്കവെ ഹഫീസ് സെയ്ദിന്റെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. മസുദ് അസറിന്റെ നേതൃത്വത്തിലുള്ള ജെയ്ഷെ മുഹമ്മദും ബംഗ്ലാദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു എന്ന റിപ്പോര്‍ട്ടും ഇൗയടുത്താണ് പുറത്തുവന്നത്.
ജമ്മു-കശ്മീര്‍, ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലായി വ്യാപിച്ച ഭീകരവാദശൃംഖലയിലെ എട്ട് പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മൂന്ന് ഡോക്ടര്‍മാരുള്‍പ്പെടെ ഇതിലുണ്ടായിരുന്നു. 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് അടക്കം ഐഇഡി നിര്‍മാണത്തിനുള്ള 2900 കിലോഗ്രാം വസ്തുക്കള്‍ ഇവരില്‍നിന്ന് പിടികൂടിയിരുന്നു. പിടിയിലായ ഡോക്ടര്‍ മുസമ്മില്‍ അഹമ്മദ് ഖന്നെയുടെയും ഡോക്ടര്‍ അദീല്‍ അഹമ്മദ് റാത്തറിന്റെയും കൂട്ടാളിയാണ് ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് എന്നാണ് സംശയിക്കപ്പെടുന്നത്.
ഫരീദാബാദ് ഭീകരസംഘത്തിലെ പ്രധാനപ്രതിയും തന്റെ കൂട്ടാളിയുമായ ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍ അറസ്റ്റിലായതോടെ ഉമര്‍ പരിഭ്രാന്തനായെന്നും തുടര്‍ന്നാണ് സ്ഫോടനത്തിന് പദ്ധതിയിട്ടതെന്നും അന്വേഷണവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ താരിഖില്‍നിന്നാണ് ഉമര്‍ കാര്‍ വാങ്ങിയതെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനം ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന ഫരീദാബാദ് ഭീകരസംഘവുമായുള്ള ഇയാളുടെ ബന്ധം അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.
ജനത്തിരക്കേറിയ സ്ഥലത്തേക്ക് ഓടിച്ചുകയറ്റുന്നതിന് മുമ്പ് കാറില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിരുന്നു. വൈകുന്നേരം 6:52-ഓടെ കാര്‍ പൊട്ടിത്തെറിക്കുകയും സമീപത്തെ വാഹനങ്ങളിലേക്ക് തീ പടരുകയും ചെയ്തുവെന്നാണ് നിഗമനം.




