ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിനിടയാക്കിയ കാര്‍ ഓടിച്ചതായി കരുതുന്ന ഡോ.ഉമര്‍ മുഹമ്മദ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തില്‍ ഉമര്‍ കൊല്ലപ്പെട്ടുവെന്നും, ഇയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം പൊലീസ് ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഉമറിന്റെ അമ്മയെയും സഹോദരങ്ങളെയും ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഫരീദാബാദില്‍ നടന്ന വന്‍ സ്ഫോടകവസ്തു വേട്ടയില്‍ പിടിയിലായ ഡോക്ടര്‍മാരുമായി ഉമറിന് ബന്ധമുണ്ടെന്നാണ് സൂചനകള്‍. ജമ്മു കശ്മീര്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പരിശോധനയില്‍ രണ്ട് ഡോക്ടര്‍മാരുള്‍പ്പെടെ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്. 2,900 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്ഫോടകവസ്തു നിര്‍മാണ സാമഗ്രികളും ആയുധങ്ങളും ഹരിയാനയിലെ ഫരീദാബാദില്‍നിന്ന് കണ്ടെത്തിയിരുന്നു.

ജമ്മു കശ്മീരിലെ നൗഗാമില്‍ ഒക്ടോബര്‍ 19ന് സുരക്ഷാ സേനകളെ ഭീഷണിപ്പെടുത്തുന്ന ജയ്ഷെ മുഹമ്മദിന്റെ പേരിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് വ്യാപക പരിശോധന നടത്തിയത്. പാകിസ്ഥാനുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്ന് നിയന്ത്രിക്കുന്ന 'വൈറ്റ് കോളര്‍ ഭീകര ശൃംഖല'യിലെ പ്രധാനികളാണ് അറസ്റ്റിലായതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു . ജെയ്ഷെ മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നിവരുമായി ബന്ധമുള്ള ശൃംഖലയെ തകര്‍ക്കാന്‍ സാധിച്ചെന്നും പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ സ്‌ഫോടനം ഉണ്ടായത്. ഫരീദാബാദില്‍ ജോലി ചെയ്യുന്ന ഡോ. മുഹമ്മദ് ഷക്കീല്‍, ഡോ.ആദില്‍ അഹമ്മദ് റാത്തര്‍ എന്നിവരാണ് പിടിയിലായ ഡോക്ടര്‍മാര്‍. ഇവരെ ചോദ്യം ചെയ്തതില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡോ.ഉമറിനെ പൊലീസ് തിരയുകയായിരുന്നു. ഇതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം നടന്ന ഐ20 കാറില്‍ മുഖത്ത് മാസ്‌കും കടുംനീല നിറത്തിലുള്ള ടീഷര്‍ട്ടും ധരിച്ച് ഇരുന്നയാള്‍ ഉമറാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുറത്തുവന്ന ദൃശ്യങ്ങളില്‍ കാറിനകത്ത് ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിങ്കള്‍ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്ക് മുന്നിലുള്ള ലാല്‍കില മെട്രോ സ്റ്റേഷന്റെ ഒന്നാം നന്പര്‍ ഗെയ്റ്റിന് സമീപം സുഭാഷ്മാര്‍ഗ് ട്രാഫിക് സിഗ്നലിലാണ് കാര്‍ പൊട്ടിത്തെറിച്ചത്.

ഡോ. ഉമര്‍ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്തുവന്നിട്ടുണ്ട്. ചെങ്കോട്ടയ്ക്കു സമീപം സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച വെള്ള നിറത്തിലുള്ള ഐ20 കാറിന്റെ ഉടമയാണ് ഉമര്‍. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 1989 ഫെബ്രുവരി 24ന് ജനിച്ച ഉമര്‍ അല്‍ ഫലാ മെഡിക്കല്‍ കോളജിലെ ഡോക്ടറാണ്. വൈറ്റ് കോളര്‍ ടെറര്‍ മൊഡ്യൂളെന്ന പേരില്‍ ജമ്മു കശ്മീര്‍, ഹരിയാന പൊലീസ് സംഘം പിടികൂടിയ ഡോ. അദീല്‍ അഹമ്മദ് റാത്തര്‍, ഡോ. മുസ്സമ്മില്‍ ഷക്കീല്‍ എന്നിവരുമായി ഉമറിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ഇവരെ പിടികൂടിയ വിവരം അറിഞ്ഞ് ഉമര്‍ ഫരീദാബാദില്‍നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും അതേത്തുടര്‍ന്നാണ് സ്‌ഫോടനം നടത്തിയതെന്നുമാണ് സൂചനകള്‍. ഉമറാണ് വാഹനം ഓടിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്കു സമീപമുള്ള പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. വൈകിട്ട് 3:19 ന് എത്തിയ കാര്‍ 6:30 നാണ് ഇവിടെനിന്നു പുറപ്പെട്ടത്.

ഡ്രൈവര്‍ കൈ കാറിന്റെ ജനാലയില്‍ വച്ചുകൊണ്ട് കാര്‍ പാര്‍ക്കിങ് സ്ഥലത്തേക്ക് പ്രവേശിക്കുന്നത് ഒരു ചിത്രത്തില്‍ കാണാം. കാറിന്റെ ഡ്രൈവറെ മറ്റൊരു ചിത്രത്തില്‍ കാണാം. നീലയും കറുപ്പും കലര്‍ന്ന ടീ ഷര്‍ട്ടാണ് ഡ്രൈവര്‍ ധരിച്ചിരുന്നത്. മൂന്നാമത്തെ ചിത്രത്തില്‍ ദേശീയ തലസ്ഥാനത്തെ തിരക്കേറിയ റോഡില്‍ കാര്‍ കിടക്കുന്നതായി കാണാം. ചെങ്കോട്ടയ്ക്കു സമീപം വൈകിട്ട് 6.52 ന് സ്ഫോടനമുണ്ടായപ്പോള്‍, തിരക്കേറിയ സ്ഥലത്ത് മൃതദേഹങ്ങളും തകര്‍ന്ന കാറുകളും ചിതറിക്കിടക്കുകയായിരുന്നു. ഫൊറന്‍സിക് തെളിവുകളും ഇന്റലിജന്‍സ് വിവരങ്ങളും തീവ്രവാദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) പ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചരിത്രസ്മാരകമായ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തിലാണു രാജ്യം. നഗരവാസികളില്‍ ഇതു വലിയ ആശങ്ക പരത്തി. സ്‌ഫോടനമുണ്ടായ മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിനു സമീപത്തുനിന്ന് കേവലം 270 മീറ്റര്‍ മാത്രം അകലെയാണു ചെങ്കോട്ട സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് കേവലം 250 മീറ്റര്‍ മാത്രം അകലെയാണ് ഏഷ്യയിലെ ഏറ്റവും പഴയതും വലിപ്പമേറിയതുമായ ഇലക്ട്രോണിക് മാര്‍ക്കറ്റുകളിലൊന്നായ ഓള്‍ഡ് ലജ്പത് റായ് മാര്‍ക്കറ്റ്. 500 മീറ്റര്‍ അകലെ ഡല്‍ഹി ജുമാ മസ്ജിദും സ്ഥിതിചെയ്യുന്നു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി ദേശീയ പതാകയുയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളത്. ചെങ്കോട്ടയിലേക്കുള്ള പ്രവേശനസമയം രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ്. തിരക്കേറിയ സമയത്തായിരുന്നു സ്‌ഫോടനമെങ്കില്‍ ആളപായം കനത്ത തോതിലുണ്ടാകുമായിരുന്നു. ഇന്നലെ അവധി ദിനവും ആയിരുന്നു.