കൊച്ചി: ഇറാന്‍ കേന്ദ്രീകരിച്ചുള്ള അവയവക്കടത്ത് കേസിലെ മുഖ്യപ്രതിയായ മലയാളി അറസ്റ്റിലാകുമ്പോള്‍ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ അന്വേഷണ സംഘം. എറണാകുളം സ്വദേശിയായ മധു ജയകുമാറാണ് എന്‍ഐഎയുടെ പിടിയിലായത്. ഇന്നലെ ഇറാനില്‍നിന്ന് കേരളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇന്റര്‍പോള്‍ വഴി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി, ഇറാനില്‍നിന്ന് ഡീപോര്‍ട്ട് ചെയ്താണ് മധുവിനെ ഇന്ത്യയിലെത്തിച്ചത്. അറസ്റ്റ് ചെയ്ത് പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഇയാളെ 19വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. വിശദമായി ഇയാളെ ചോദ്യം ചെയ്യും. അവയവ കടത്ത് മാഫിയയിലെ പ്രധാന കണ്ണിയാണ് ഇയാള്‍ എന്നാണ് നിഗമനം. ഇറാനിലെ ആശുപത്രികള്‍ക്കുവേണ്ടി അവയവ കച്ചവടം നടത്തുന്ന സംഘത്തിലെ ഇന്ത്യയിലെ പ്രധാനിയും ആസൂത്രകനുമാണ് ഇയാളെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2019 മുതല്‍ ഇയാളുടെ നേതൃത്വത്തില്‍ ഇരുപതോളം ഇന്ത്യക്കാരെ ഇറാനിലെത്തിച്ച് അവയവ കച്ചവടം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ തൃശൂര്‍ എടമുട്ടം സ്വദേശി സബിത്ത് നാസര്‍, സജിത് ശ്യാം, ബെല്ലാരംകൊണ്ട രാമപ്രസാദ് എന്നിവരെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. 2024 ഓഗസ്റ്റില്‍ ഇറാനില്‍നിന്നെത്തിയ സബിത്ത് നാസറിനെ എമിഗ്രേഷന്‍ ബ്യൂറോ വിഭാഗം ചോദ്യംചെയ്തതോടെയാണ് അവയവ കച്ചവട സംഘത്തെപ്പറ്റി സൂചന ലഭിച്ചത്. വന്‍തുക വാഗ്ദാനം ചെയ്തായിരുന്നു മനുഷ്യക്കടത്ത്. കേസില്‍ നാലുപേരെയും പ്രതി ചേര്‍ത്ത് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വില്‍പ്പന നടത്തുന്ന സംഘത്തിന്റെ ഏജന്റായിരുന്നു തൃശ്ശൂര്‍ സ്വദേശി സബിത്ത് നാസര്‍.

സാധാരണക്കാരെ സമീപിച്ച് ചെറിയ തുക വാഗ്ദാനംചെയ്ത് അവരെ വിദേശത്ത് കൊണ്ടുപോകുകയാണ് ആദ്യംചെയ്യുന്നത്. കുവൈത്തിലും പിന്നീട് ഇറാനിലും കൊണ്ടുപോകും. ഇറാനിലെ ആശുപത്രിയില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ നടത്തുന്നതെന്നാണ് വിവരം. ഇവര്‍ക്ക് വ്യാജ ആധാര്‍കാര്‍ഡും പാസ്പോര്‍ട്ടും എടുത്ത് നല്‍കി ഇറാനിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ നിന്ന് അവയവം എടുത്തശേഷം തിരികെ കൊണ്ടുവരും. ഇരകളായവര്‍ക്ക് തുച്ഛമായ തുകയാണ് നല്‍കിയിരുന്നത്. ഇവര്‍ക്ക് എത്ര രൂപയാണ് നല്‍കിയതെന്നോ അവയവക്കടത്തുമായി ബന്ധപ്പെട്ട് മറ്റ് വലിയ കണ്ണികളുണ്ടോ, എത്ര പേര്‍ ഇരകളായിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല.

അവയവക്കടത്ത് മാഫിയയുടെ പ്രവര്‍ത്തനം ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്നും അവിടെയുള്ളയാളാണു പ്രധാന കണ്ണിയെന്നും സാബിത്ത് നാസര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു ഹൈദരാബാദിലെ വ്യക്തിയാണ് അവയവമാഫിയയുമായി ബന്ധിപ്പിച്ചത്. കടത്ത് സംബന്ധിച്ച കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത് ഇയാളാണ്. 2019ല്‍ സ്വന്തം വൃക്ക വിറ്റതോടെ ഈ മേഖലയിലെ സാധ്യത താന്‍ തിരിച്ചറിഞ്ഞു. ഇതിനുപിന്നാലെയാണ് ഇരകളെ തേടി തുടങ്ങിയതെന്നും സാബിത്ത് മൊഴി നല്‍കിയെന്നാണു ഒരു വര്‍ഷം മുമ്പ് പുറത്തു വന്ന വിവരം. പാലക്കാട് സ്വദേശി ഷെമീര്‍ എന്നയാളെയാണ് സാബിത്ത് വൃക്ക നല്‍കാനായി കേരളത്തില്‍നിന്ന് ഇറാനില്‍ എത്തിച്ചത് എന്നാണ് വിവരം.

അവയവക്കടത്തിനായി സബിത്ത് കടത്തിയത് എന്നു കരുതുന്ന ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരാണ്. ഇവര്‍ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളാണോ അതോ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്തതാണോയെന്ന് വ്യക്തമല്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 2019 മുതല്‍ അവയവക്കടത്തിന് ഇറാനിലേക്കു സംഘം ആളെ എത്തിച്ചിരുന്നു. ശ്രീലങ്കയിലും കുവൈത്തിലും ഇറാനിലും വ്യാപിച്ച് കിടക്കുന്ന രാജ്യാന്തര അവയവ മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണു ഇപ്പോള്‍ അറസ്റ്റിലായ മധു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സ്വാധീനിച്ച് വ്യാജ പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡും ഉള്‍പ്പെടെ സംഘടിപ്പിച്ചായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്. ഇറാനിലെ സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. സംഘത്തിലെ മറ്റ് ഏജന്റുമാര്‍ വഴി അവയവം ആവശ്യമുള്ളവരെ ബന്ധപ്പെടും. ഇവരോട് ഫുള്‍ പാക്കേജായി 60 ലക്ഷം രൂപയ്ക്ക് മുകളിലാണ് ആവശ്യപ്പെടുക. വൃക്ക നല്‍കുന്നവര്‍ക്ക് ടിക്കറ്റ്, താമസം, ചികിത്സാ ചെലവ്, പ്രതിഫലമായി പരമാവധി 6 ലക്ഷം രൂപ എന്നിങ്ങനെ നല്‍കും. വന്‍തുക ആശുപത്രിയില്‍ ചെലവായെന്ന് തെറ്റിദ്ധരിപ്പിച്ച് ബാക്കി തുക മുഴുവന്‍ ഏജന്റിന്റെ പോക്കറ്റിലാക്കുകയായിരുന്നു പതിവ്. ഇറാനിലെ ടെഹറാന്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന മധു രാജ്യാന്തര അവയക്കടത്ത് ശൃംഖലയുടെ ഭാഗമാണെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.