കൊല്ലം: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിയെ പിന്തുടര്‍ന്ന് റെസ്റ്റ് റൂമില്‍ കടന്ന് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച ഗ്രേഡ് എഎസ്ഐയ്ക്കെതിരേ ഒരാഴ്ചയ്ക്ക് ശേഷം കേസെടുത്ത് കൊല്ലം പോലീസ്. ഗ്രേഡ് എഎസ്ഐയ്‌ക്കെതിരായാണ് കേസ് എടുത്തിരിക്കുന്നത്. നവാസിനെതിരെയാണ് കേസ്.

നവംബര്‍ ആറിന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാന്‍ റെസ്റ്റ് റൂമിലേക്ക് പോയ പോലീസുകാരിയോടാണ് പ്രതി അപമര്യാദയായി പെരുമാറിയത്. പുരുഷന്മാരുടെ റെസ്റ്റ് റൂമിന് സമീപം നിന്ന പ്രതിയോട് പോലീസുകാരി ഉറങ്ങിയില്ലേ സാര്‍ എന്ന് ചോദിച്ചപ്പോഴായിരുന്നു മോശം പദപ്രയോഗം നടത്തിയത്. ഇതു കേട്ട് ഒഴിഞ്ഞു മാറിപ്പോയ പോലീസുകാരിയെ പിന്തുടര്‍ന്ന പ്രതി വനിതകളുടെ റെസ്റ്റ് റൂമിന് മുന്നില്‍ വച്ചാണ് ശാരീരികമായി ഉപദ്രവിച്ചത്. ഭയന്നു പോയ പോലീസുകാരി റെസ്റ്റ് റൂമില്‍ കടന്ന് കതക് അടച്ചു. ഈ സമയം ഇയാള്‍ കതക് തള്ളിത്തുറക്കാനും ശ്രമിച്ചുവെന്നാണ് പരാതി.