തിരുവനന്തപുരം: കേസ് വാദിക്കാനെത്തിയ അഭിഭാഷക കുടുംബകോടതിയിലെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കക്ഷിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നു, ഒളിവുകാലത്ത് പൊലീസിനെ കുടഞ്ഞ് കോടതി രംഗത്ത് വന്നതോടെ അതിവേഗ അറസ്റ്റും. നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് കോടതിയിലെ അഭിഭാഷക തിരുവനന്തപുരം പത്താംകല്ല് വി.ഐ.പി ജംഗ്ഷന്‍ സുലേഖ മന്‍സിലില്‍ അഡ്വ.യു.സുലേഖയാണ് പ്രതി. കേസില്‍ സുലൈഖയും ഒളിവില്‍ കഴിയാന്‍ സഹായിച്ച സുഹൃത്തും അറസ്റ്റിലായിട്ടുണ്ട്. വിവാഹമോചന കേസില്‍ നല്‍കിയ 40 ലക്ഷത്തിലേറെ രൂപയാണ് തട്ടിയെടുത്തത്. ഹൈക്കോടതി പറഞ്ഞിട്ടും പണം തിരികെ നല്‍കാതെ മുങ്ങി നടന്ന സുലൈഖയെ തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

നെടുമങ്ങാട് സ്വദേശി ഹാഷിമിന്റെ വിവാഹമോചന കേസാണ് സുലൈഖ നടത്തിയിരുന്നത്. കേസിന്റെ വിധിയായപ്പോള്‍ ഹാഷിമിന്റെ ഭാര്യക്ക് 40 ലക്ഷം രൂപ വിവാഹമോചന തുകയായി നല്‍കാന്‍ കുടുംബകോടതി വിധിച്ചു. ആ തുക ഹാഷിം അഭിഭാഷകയെന്ന നിലയില്‍ സുലൈഖയ്ക്ക് കൈമാറി. എന്നാല്‍ ഇതില്‍ നിന്ന് 12 ലക്ഷം രൂപ മാത്രമാണ് സുലൈഖ കോടതി വഴി എതിര്‍കക്ഷിക്ക് നല്‍കിയത്. ബാക്കി 28 ലക്ഷത്തിലേറെ രൂപ അടിച്ചുമാറ്റി. ഒടുവില്‍ പണം നല്‍കാതെ വന്നതോടെ ഹാഷിമിനെതിരെ കോടതി അലക്ഷ്യകേസുണ്ടാകുന്ന സാഹചര്യമായപ്പോഴാണ് വക്കീല്‍ പണം കട്ടോണ്ട് പോയ കാര്യം ഹാഷിം അറിയുന്നത്.

ഉടനെ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പണം ഒരാഴ്ച്ക്കുള്ളില്‍ കൊടുത്തേക്കാമെന്ന് സുലൈഖ ഉറപ്പ് നല്‍കി. ആ ഉറപ്പും ലംഘിച്ചതോടെ പരാതി ഹൈക്കോടതിയിലെത്തി. ഹൈക്കോടതി സുലൈഖയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചു. ഈ സമയമാണ് തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോയത്. അവിടെ സുഹൃത്തായ കരിപ്പൂര്‍ കാരാന്തല പാറമുകള്‍ വീട്ടില്‍ നിന്ന് പുലിപ്പാറ സിജ ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന വി.അരുണ്‍ ദേവിന്റെ സഹായത്തോടെ ഒളിവില്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടാണ് രണ്ട് പേരെയും നെടുമങ്ങാട് പൊലീസ് പിടികൂടിയത്.

കേസിലെ മറ്റൊരു പ്രതിയായ സുലേഖയുടെ ഭര്‍ത്താവ് ഒളിവിലാണ്. വിവാഹ മോചനവുമായി ബന്ധപ്പെട്ട കുടുംബ കോടതി മധ്യസ്ഥ നടപടിക്കിടെ, കേസിലെ കക്ഷിയായ നെടുമങ്ങാട് ഐക്കരവിളാകം സ്വദേശി നല്‍കിയ 40 ലക്ഷം രൂപ എതിര്‍ കക്ഷിക്ക് കൈമാറാതെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് കേസ്. 2025 ജൂലൈയില്‍ ഐക്കരവിളാകം സ്വദേശി 40 ലക്ഷം രൂപ അഭിഭാഷകയുടെ ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു. ഈ അക്കൗണ്ടില്‍ 28.80 ലക്ഷം രൂപയാണ് ഇപ്പോള്‍ ബാക്കിയുള്ളത്.

പ്രൊഫഷണല്‍ അച്ചടക്കം ലംഘിച്ചതിനെ തുടര്‍ന്ന് അഭിഭാഷക നിയമം 1961 പ്രകാരം കേരള ബാര്‍ കൗണ്‍സിലില്‍ സുലേഖക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. സമാനമായ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ മുമ്പും ഇവര്‍ക്കെതിരെ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇപ്പോഴത്തെ കേസില്‍ ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എങ്കിലും 10 ദിവസത്തിനുള്ളില്‍ തുക തിരികെ നല്‍കുമെന്ന അഭിഭാഷകയുടെ അഭ്യര്‍ഥന പരിഗണിച്ച് അറസ്റ്റ് നടപടി താത്കാലികമായി തടഞ്ഞു. സമയപരിധി പലതവണ ലംഘിച്ചതോടെ അന്വേഷണം ശക്തിപ്പെടുത്താന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലങ്ങളിലെ ആവര്‍ത്തിച്ച വ്യത്യാസങ്ങള്‍ കോടതിയെ അവഹേളിച്ചതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു

പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അന്വേഷണത്തില്‍ പുരോഗതി ഇല്ലെന്നും കോടതി വിമര്‍ശിച്ചു. അഭിഭാഷകയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷിക്കാവുന്നതല്ലേ എന്ന് കോടതി ആരാഞ്ഞു. ജില്ലാ പൊലീസ് മേധാവിയും അന്വേഷണ ഉദ്യോഗസ്ഥനും കോടതി നിര്‍ദേശ പ്രകാരം ഓണ്‍ലൈനായി കോടതിയില്‍ ഹാജരായിരുന്നു. അന്വേഷണം കാര്യക്ഷമമാക്കാനും ജില്ലാ പൊലീസ് മേധാവിയോട് മേല്‍നോട്ടം വഹിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.