ബെംഗളൂരു: ആറു മാസം നീണ്ടു നിന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ ബെംഗളൂരു സ്വദേശിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ക്ക് നഷ്ടമായത് 32 കോടി രൂപ. സൈബര്‍ ക്രൈം ഉദ്യോഗസ്ഥരായും റിസര്‍വ് ബാങ്ക് ഉദ്യോഗ്‌സഥരായും ചമഞ്ഞ് ഡിജിറ്റല്‍ അറസ്റ്റില്‍ കുടുക്കി പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് വന്‍ തുക തട്ടിയെടുത്തത്. ഡിഎച്ച്എല്‍ ജീവനക്കാരായും സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ്, സിബിഐ, റിസര്‍വ് ബാങ്ക് ഉദ്യോഗ്‌സഥരായൊക്കെ ചമഞ്ഞ തട്ടിപ്പുകാര്‍ ആറു മാസത്തോളം സ്ത്രീയെ കബളിപ്പിച്ച് പണം തട്ടുക ആയിരുന്നു.

32 കോടി രൂപയാണ് ഇവര്‍ക്ക് നഷ്ടപ്പെത്. ഇതോടെയാണ് പരാതിയുമായി ഇവര്‍ രംഗത്ത് എത്തിയത്. 2024 സെപ്റ്റംബര്‍ 15ന് തുടങ്ങിയ ഡിജിറ്റല്‍ അറസ്റ്റാണ് ആറ് മാസത്തോളം നീണ്ടത്. ഡിഎച്ച്എല്‍ ജീവനക്കാരനെന്ന വ്യാജേനയാണ് പരാതിക്കാരിക്ക് തട്ടിപ്പുകാരുടെ ആദ്യ ഫോണ്‍ കോള്‍ ലഭിക്കുന്നത്. മുംബൈയില്‍ നിന്ന് ഒരു പാഴ്‌സല്‍ വന്നിട്ടുണ്ടെന്നും അതില്‍ അനധികൃതമായി നാലു പാസ്പ്പോര്‍ട്ടുകളും, മൂന്ന് ക്രേഡിറ്റ് കാര്‍ഡും, ലഹരിവസ്തുവായ എംഡിഎംഎയും ഉള്ളതായി അവര്‍ അറിയിച്ചു. എന്നാല്‍ പരാതിക്കാരി താന്‍ മുംബൈയില്‍ പോയിട്ടില്ലെന്ന് അറിയിച്ചപ്പോള്‍ പേരുവിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടതാകാമെന്നും സൈബര്‍ കുറ്റകൃത്യത്തിന് പരാതി നല്‍കാമെന്നും പറഞ്ഞ് തട്ടിപ്പുകാര്‍ ഇവരുടെ വിശ്വാസം പിടിച്ചു പറ്റി.

പിന്നീട് ഇവരെ വിളിച്ചത് സിബിഐ ഉദ്യോഗ്‌സഥരായി ചമഞ്ഞ തട്ടിപ്പുകാരാണ്. ഇവര്‍ പരാതിക്കാരിയെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, പൊലീസിനെ സമീപിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. ഭയന്ന് പോയ സ്ത്രീ വിവരം പുറത്ത് ആരോടും പറഞ്ഞില്ല. എല്ലാ സ്വത്തുക്കളുടെയും വിശദാംശങ്ങള്‍ ആര്‍ബിഐയുടെ കീഴിലുള്ള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന് (എഫ്ഐയു) പരിശോധനയ്ക്കായി സമര്‍പ്പിച്ചാല്‍ മാത്രമേ കുറ്റവിമുക്തയാകൂ എന്ന് തട്ടിപ്പുകാര്‍ പരാതിക്കാരിയോട് പറഞ്ഞു. പിന്നീട് വീട്ടുതടങ്കലിലാക്കുകയാണ് എന്ന് അവകാശപ്പെട്ട് തട്ടിപ്പുകാര്‍ പരാതിക്കാരിയെ സ്‌കൈപ്പിലൂടെ നിരീക്ഷിക്കാന്‍ തുടങ്ങി.

2024 സെപ്റ്റംബര്‍ 24നും ഒക്ടോബര്‍ 22നും ഇടയില്‍ പരാതിക്കാരി അവരുടെ ബാങ്ക് വിവരങ്ങള്‍ പൂര്‍ണ്ണമായി തട്ടിപ്പുകാര്‍ക്ക് നല്‍കി. സ്വത്തിന്റെ 90% ബാങ്കില്‍ നിക്ഷേപിക്കുവാനും തട്ടിപ്പുകാര്‍ പരാതിക്കാരിയോട് ആവശ്യപ്പെട്ടു. 2024 ഡിസംബര്‍ 1ന് വ്യാജ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും തട്ടിപ്പുകാര്‍ പരാതിക്കാരിക്ക് കൈമാറി. എന്നാല്‍ 2025ല്‍ വീണ്ടും പണം ആവശ്യപ്പെടുകയും ഫെബ്രുവരിയില്‍ പണം മുഴുവന്‍ തിരികെ നല്‍കാമെന്നും അവര്‍ പറഞ്ഞു. പക്ഷേ, 2025 മാര്‍ച്ച് 26ന് തട്ടിപ്പുകാരുമായുള്ള ബന്ധം പൂര്‍ണമായി നഷ്ടമായി. പരാതിക്കാരി 187 ട്രാന്‍സാക്ഷന്‍ നടത്തിയെന്നും 31.83 കോടി നഷ്ടമായെന്നും എഫ്‌ഐആറില്‍ പറയുന്നു. സ്ത്രീയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.