തിരുവനന്തപുരം: ഒരമ്മയ്ക്ക് എല്ലാവരേയും നഷ്ടപ്പെട്ടു. ആദ്യം ഭര്‍ത്താവ്.. പിന്നെ മകള്‍.. ഇപ്പോള്‍ മകനും. അലന്റെ മരണം എല്ലാ അര്‍ത്ഥത്തിലും തീരാ നഷ്ടമാണ്. ഗുണ്ടാ കുടിപ്പകയാണ് കൊലയിലേക്ക് കാര്യങ്ങളെത്തിയത്. ആ അമ്മയ്ക്കും കൂട്ടുകാര്‍ക്കും താങ്ങാനാകുന്നത് അല്ല വിയോഗം. തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങള്‍ക്ക് മേല്‍ പോലീസിന് നിയന്ത്രണം നഷ്ടമാകുന്നതാണ് ഇതിന് കാരണം.

സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിന് തൊട്ടടുത്തുള്ള സ്ഥലത്ത് നടന്ന കൊലപാതകത്തിന് പിന്നില്‍ രാജാജി നഗര്‍-ജഗതി ഗ്യാങുകള്‍ തമ്മിലെ തര്‍ക്കം. ആസൂത്രിത കൊലപാതകമാണെന്നും സംശയമുണ്ട്. ആറു പേരടങ്ങുന്ന സംഘമാണ് അലന്റെ സംഘത്തോട് ഏറ്റുമുട്ടിയത്. ഇതില്‍ റൗഡി ലിസ്റ്റില്‍പ്പെട്ടവരുമുണ്ട്. ഇതേസ്ഥലത്ത് ഇരു സംഘങ്ങള്‍ തമ്മില്‍ ഒരുമാസത്തിനിടെ പലതവണ ഏറ്റുമുട്ടിയിരുന്നു. കമ്മിഷണര്‍ ഓഫിസിനു സമീപത്താണ് സംഘര്‍ഷം. ക്രിമിനല്‍, കാപ്പാ കേസ് പ്രതികള്‍ക്ക് ഉള്‍പ്പെടെ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നാണ് സൂചന. മ്യൂസിയം സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളെ കേന്ദ്രീകരിച്ചാണു നിലവില്‍ അന്വേഷണം. പേരൂര്‍ക്കടക്കാരനാണ് കുത്തിയത് എന്നാണ് സൂചന.

മഹാരാഷ്ട്രയില്‍ 8 മാസമായി മതപഠനം നടത്തിവന്ന അലന്‍ അവധിക്കാണു നാട്ടിലെത്തിയത്. അലന്റെ സഹോദരി ആന്‍ഡ്രിയയുടെ ഭര്‍ത്താവ് നിധിന്റെ വീട്ടിലാണ് അലന്‍ താമസിക്കുന്നത്. നെട്ടയത്തായിരുന്നു ആദ്യം അലന്‍ താമസിച്ചിരുന്നത്. സഹോദരി ആന്‍ഡ്രിയ ഒരു വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തതോടെ അവിടുത്തെ വാടക വീട്ടിലെ താമസം മതിയാക്കുകയായിരുന്നു. പിതാവ് അപകടത്തില്‍ മരിച്ചു. അമ്മയാണ് വീട്ടുകാര്യങ്ങള്‍ നോക്കിയിരുന്നത്.സഹോദരി മരിച്ചതോടെ അലന്‍ പഠനം ഉപേക്ഷിച്ച് മതപഠനത്തിനു ചേര്‍ന്നു.

മേയിലാണ് മതപഠന സ്ഥലത്തുനിന്ന് തിരിച്ചെത്തി. ജനുവരിയില്‍ഉന്നത പഠനത്തിനു പുണെയില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം അലന്‍ ഫുട്‌ബോള്‍ കാണാനും കളിക്കാനും പോകുമായിരുന്നു. ഇന്നലെയും അലനെ ഫുട്‌ബോള്‍ കളിക്കാന്‍ വിളിച്ചതായിരുന്നു സുഹൃത്തുക്കള്‍. കൊല്ലത്ത് ജോലി ചെയ്യുന്ന അലന്റെ മാതാവ് മഞ്ജുള വിവരമറിഞ്ഞ് രാത്രി 10 മണിക്കാണ് വീട്ടിലെത്തിയത്. മഞ്ജുളയ്ക്ക് മകനും മകളും ഭര്‍ത്താവും നഷ്ടമായി.

സംഭവം സംഘര്‍ഷത്തിനിടെ അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നായിരുന്നു ആദ്യം പൊലീസ് സംശയിച്ചിരുന്നത്. എന്നാല്‍ കരുതിക്കൂട്ടിയതാണ് കൊലപാതകമെന്നാണ് നിലവില്‍ പൊലീസ് പറയുന്നത്. നഗരത്തില്‍ ഒരുമാസമായി തുടരുന്ന ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ഇതും. വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മല്‍സരത്തിലെ വിജയിയെ ചൊല്ലിയായിരുന്നു തര്‍ക്കം. ആ തര്‍ക്കം പരിഹരിക്കാന്‍ മുതിര്‍ന്നവരെ ഇരുകൂട്ടരും വിളിച്ചുവരുത്തുകയായിരുന്നു. വിളിച്ചുവരുത്തിയവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെയാണ് അലന്റെ കൊലയുണ്ടായത്.

തിങ്കളാഴ്ച വൈകീട്ട് 5.10നാണ് സംഭവം. മോഡല്‍ സ്‌കൂളിലെ ബി.എഡ് കോളജ് ഗ്രൗണ്ടില്‍ ഒരുമാസം മുമ്പ് സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ രാജാജി നഗര്‍, ജഗതി ക്ലബിലുള്ളവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്ന് നഗരത്തിന്റെ പലയിടങ്ങളിലും ചെറുതും വലതുമായ ഏറ്റുമുട്ടലുകളും നടന്നു. സംഘര്‍ഷം ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്നവരുടെ നേതൃത്വത്തില്‍ തൈയ്ക്കാട് ക്ഷേത്രത്തിന് സമീപത്തായി ഇരുകൂട്ടരും ഒത്തുകൂടി. ഇതില്‍ രാജാജിനഗറിലെ ഫുട്ബാള്‍ ക്ലബിലെ സുഹൃത്തുക്കളോടൊപ്പം അലനുമുണ്ടായിരുന്നു. ഇതിനിടയില്‍ വീണ്ടും സംഘര്‍ഷവുണ്ടാവുകയും തടയാന്‍ ശ്രമിക്കുന്നതിനിടെ അലന് കുത്തേല്‍ക്കുകയുമായിരുന്നു.

പേരൂര്‍ക്കട മണികണ്ഠേശ്വം സ്വദേശിയായ അലന്റെ കുടുംബം ആറുമാസത്തിന് മുമ്പാണ് രജാജി നഗറില്‍ വാടകക്ക് താമസിക്കാനെത്തിയത്. അമ്മ മഞ്ജുള വീട്ടുജോലിക്കാരിയാണ്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.