സെലിബ്രിറ്റികളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതിന് ബ്രിട്ടീഷ് ഹാക്കര്‍ 4 മില്യണ്‍ പൗണ്ട് തിരികെ നല്‍കണം. ബിറ്റ്‌കോയിന്‍ തട്ടിപ്പിന്റെ ഭാഗമായി ഉന്നത വ്യക്തികളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുകയായിരുന്നു ഇയാള്‍. 4.1 മില്യണ്‍ പൗണ്ടാണ് ഇയാള്‍ മോഷ്ടിച്ചെടുത്തത്. ഈ പണം ഇയാള്‍ കൈമാറണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ലിവര്‍പൂള്‍ സ്വദേശിയായ ജോസഫ് ഒ'കോണര്‍ 2020 ജൂലൈയില്‍ ബരാക് ഒബാമ, ജോ ബൈഡന്‍, എലോണ്‍ മസ്‌ക് എന്നിവരുടെ ഉള്‍പ്പെടെ 130-ലധികം അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്തിരുന്നു. ഇരുപത്തിയാറ് വയസുകാരനായിരുന്നു ഇയാള്‍.

അറസ്ററിനും വിചാരണക്കുമായി അമേരിക്കയിലേക്ക് കൊണ്ട് പോകുന്നതിന് മുമ്പ് ഇയാള്‍ അമ്മയുടെ നാടായ സ്പെയിനിലേക്ക് പലായനം ചെയ്തിരുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് അഞ്ച് വര്‍ഷം തടവിന് ഇയാള്‍ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. പക്ഷേ ഇപ്പോള്‍ ഹാക്കിംഗിലൂടെയും തട്ടിപ്പുകളിലൂടെയും ഇയാള്‍ ശേഖരിച്ച ഒരു കൂട്ടം ക്രിപ്‌റ്റോ കൈമാറണം എന്നാണ് ഉത്തരവ്. പ്ലഗ്വാക്ക്‌ജോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഒ'കോണര്‍, മറ്റ് യുവാക്കളുമായും കൗമാരക്കാരുമായും ചേര്‍ന്ന് 'ഗിവ് എവേ സ്‌കാം' നടത്തിയാണ് ഉന്നതരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് ഹാക്കര്‍മാര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. 2021-ല്‍ കൗമാരക്കാരനായ അമേരിക്കന്‍ സ്വദേശി ഗ്രഹാം ക്ലാര്‍ക്ക് വഞ്ചനയില്‍ കുറ്റം സമ്മതിച്ചിരുന്നു.

സോഷ്യല്‍ എഞ്ചിനീയറിംഗ് തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ഹാക്കിംഗ് നടത്തിയത്. പ്രശസ്ത വ്യക്തികളുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, അവര്‍ സെലിബ്രിറ്റികളായി നടിക്കുകയും ആളുകളുടെ പണം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് വിവിധ ഡിജിറ്റല്‍ വാലറ്റുകളിലേക്ക് ബിറ്റ്കോയിന്‍ അയയ്ക്കാന്‍ ് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. തട്ടിപ്പിന്റെ ഫലമായി, ആപ്പിള്‍, ഉബര്‍, കാനി വെസ്റ്റ്, ബില്‍ ഗേറ്റ്സ് എന്നിവയുള്‍പ്പെടെ പ്ലാറ്റ്‌ഫോമിലെ ഏറ്റവും വലിയ ഉപയോക്താക്കളില്‍ ചിലരുടെ ഔദ്യോഗിക അക്കൗണ്ടുകളില്‍ നിന്നുള്ള സംശയാസ്പദമായ ട്വീറ്റുകള്‍ ഏകദേശം 350 ദശലക്ഷം ട്വിറ്റര്‍ ഉപയോക്താക്കള്‍ കണ്ടു.

ഒരു ക്രിപ്‌റ്റോ സമ്മാനത്തുക യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കാന്‍ ആയിരക്കണക്കിന് ആളുകളെ സംഘം കബളിപ്പിക്കുകയായിരുന്നു. 2020 ജൂലൈ 15 നും 16 നും ഇടയില്‍, പണം ഇരട്ടിയാക്കുമെന്ന് പറഞ്ഞ് ആളുകളില്‍ നിന്ന് വന്‍ തുകകളാണ് ഇവര്‍ തട്ടിയെടുത്തത്. യു.കെയിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ഇവരില്‍ നിന്ന് മൊത്തം 42 ബിറ്റ്കോയിനും മറ്റ് ഡിജിറ്റല്‍ കറന്‍സികളും കണ്ടെടുത്തു.