കൊച്ചി: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഹരിയാന സ്വദേശി അമിത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് താമസസ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയായിരുന്നു പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നേവി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സഹകരിക്കുമെന്നും വിഷയം അന്വേഷണ പരിധിയിലാണെന്നുമാണ് നേവി നല്‍കുന്ന വിശദീകരണം.

ഹരിയാന റോഹ്തക് സ്വദേശി അമിത്തിനെയാണ് പോക്‌സോ കേസിലാണ് ഹാര്‍ബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മകളാണ് പീഡനത്തിനിരയായത്. അമിത് താമസിച്ചിരുന്ന മുണ്ടംവേലിയിലെ വീട്ടിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു പീഡനം. അറസ്റ്റിലായ അമിത് നിലവില്‍ റിമാന്‍ഡിലാണ്. പോക്‌സോ കേസില്‍ നാവികന്‍ അറസ്റ്റിലായത് സ്ഥിരീകരിച്ച് നാവികസേന പത്രകുറിപ്പിറക്കി. പൊലീസിന്റെ അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുമെന്ന് നാവികസേന വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ നേവിയും ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.