പത്തനംതിട്ട: പ്രണയം നടിച്ച് 17കാരിയെ വീട്ടില്‍ കയറി ലൈംഗിക പീഡനത്തിനിരയാക്കിയ മോഷണക്കേസുകളിലെ സ്ഥിരം പ്രതി പിടിയില്‍. പത്തനംതിട്ട മല്ലപ്പള്ളി മടുക്കോലി സ്വദേശി കെഎം മനുവാണ് (28) അറസ്റ്റിലായത്. പ്രണയം നടിച്ചെത്തിയ മനു പെണ്‍കുട്ടിയെ വലയിലാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ്. ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്ന കാര്യമൊന്നും പെണ്‍കുട്ടിക്ക് അറിവില്ലായിരുന്നു.

വീട്ടില്‍ മുതിര്‍ന്ന ആരും ഇല്ലാതിരുന്ന സമയത്ത് കുട്ടിയുടെ വീട്ടിലെത്തിയ മനു ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മോഷണക്കേസുകളുള്‍പ്പടെ നിരവധി കേസില്‍ പ്രതിയായ മനു, പീഡനത്തിന് ശേഷം പൊലീസ് തിരയുന്നുണ്ടെന്ന് കണ്ടതോടെ ഒളിവില്‍പ്പോയിരുന്നു.

പെരുമ്പെട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാര്‍, സിവില്‍പൊലീസ് ഓഫീസര്‍മാരായ അലക്സ്, അഭിജിത്ത് എന്നിവര്‍ അടങ്ങുന്ന സംഘം എരുമേലിയില്‍ നിന്നാണ് പ്രതിയെ പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, തിരുവല്ല, റാന്നി, കീഴ്വായ്പൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ മനുവിന്റെ പേരില്‍ നിരവധി മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.