- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ ദോഷമകറ്റാന്‍ എന്ന വ്യാജേന ജ്യോത്സ്യനെ കെണിയില്‍ പെടുത്തിയത് മൈമുന; ഹണിട്രാപ്പ് നടക്കുമ്പോള്‍ ചിറ്റൂര്‍ പോലീസ് എത്തിയത് മുക്രോണിയെ പൊക്കാന്‍; മദ്യലഹരിയില്‍ റോഡില്‍ കിടന്ന യുവതിയില്‍ നിന്ന് നാട്ടുകാര്‍ സത്യം അറിഞ്ഞത് മാസങ്ങള്‍ക്ക് മുമ്പ്; ഒടുവില്‍ മുഖ്യപ്രതിയെ സാഹസികമായി കുടുക്കി പോലീസ്; കൊഴിഞ്ഞാമ്പാറയില്‍ നിര്‍ണ്ണായക അറസ്റ്റ്
കൊഴിഞ്ഞാമ്പാറ: കുടുംബദോഷമകറ്റാന്‍ എന്ന വ്യാജേന ജ്യോത്സ്യനെ കെണിയില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത് നിര്‍ണ്ണായക നീക്കങ്ങളിലൂടെ. ഒളിവിലായിരുന്ന കഞ്ചിക്കോട് മുക്രോണി എസ്. ബിനീഷ് കുമാര്‍ (40) ആണ് എട്ടു മാസത്തിനുശേഷം പിടിയിലായത്. സാഹസിക നീക്കത്തിലൂടെയായിരുന്നു അറസ്റ്റ്. പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിച്ച പ്രതിക്കെതിരേ കേസെടുത്തു. ഇയാളുടെ ആക്രമണത്തില്‍ എസ്‌ഐ കെ. ഷിജു, സീനിയര്‍ സിപിഒമാരായ ബി. അബ്ദുള്‍ നാസര്‍, എം. കൃഷ്ണനുണ്ണി, ഹരിദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മാര്‍ച്ച് 12നാണ് കേസിനാസ്പദമായ സംഭവം. കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു ജ്യോത്സ്യനെ വിളിച്ചുവരുത്തി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഈ കവര്‍ച്ചാസംഘത്തിലെ പ്രധാന പ്രതിയാണ് ബിനീഷ്‌കുമാര്‍. ഇയാള്‍ക്കെതിരേ കുഴല്‍മന്ദം, ആലത്തൂര്‍, വാളയാര്‍, എറണാകുളം, തൃശൂര്‍, കൊല്ലം, തിരുപ്പുര്‍, കോയമ്പത്തൂര്‍ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്.
കേസിലുള്‍പ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശിനി മൈമുന (44), കുറ്റിപ്പള്ളം പാറക്കാല്‍ വട്ടേക്കാട് സ്വദേശി എസ്. ശ്രീജേഷ് (24), നല്ലേപ്പിള്ളി പന്നിപ്പെരുന്തല എം. രഞ്ജിത്ത് (35), കഞ്ചിക്കോട് പുതുശേരി ചീനിക്കല്‍ വീട്ടില്‍ സരിത (സംഗീത- 43), കൊല്ലങ്കോട് വെള്ളനേറ പണിക്കത്ത് പ്രഭു (സുനില്‍കുമാര്‍ -35), എറണാകുളം ചെല്ലാനം കാണിപ്പയ്യാരത്ത് അപര്‍ണ പുഷ്പന്‍ (23), കൊല്ലങ്കോട് നെന്മേനി കിഴക്കേപ്പറമ്പ് പി. പ്രശാന്ത് (37), കൊഴിഞ്ഞാമ്പാറ കുറ്റിപ്പള്ളം സിപിചള്ള എം. ജിതിന്‍ (26), കല്ലാണ്ടിച്ചള്ള എന്‍. പ്രതീഷ് (37), തെക്കേദേശം നറണി വി. പ്രശാന്ത് (29) എന്നിവരെ പിടികൂടിയിരുന്നു. ഇതോടെ 11 പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചിറ്റൂര്‍ ഡിവൈഎസ്പി പി. അബ്ദുള്‍ മുനീര്‍, കൊഴിഞ്ഞാമ്പാറ ഇന്‍സ്‌പെക്ടര്‍ എം.ആര്‍. അരുണ്‍കുമാര്‍, എസ്‌ഐ കെ. ഷിജു, സീനിയര്‍ സിപിഒമാരായ ബി. അബ്ദുള്‍ നാസര്‍, എം. കൃഷ്ണനുണ്ണി, ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിനേഷ്‌കുമാറിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഒരു ദിവസം വൈകുന്നേരം മൈമൂനയും മറ്റൊരു യുവാവും ചേര്‍ന്ന് കൊല്ലങ്കോട്ടെ ജോത്സ്യന്റെ വീട്ടിലെത്തി. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണെന്നും വീട്ടില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചു. അതനുസരിച്ച് രാവിലെ 11 മണിയോടെ കൊഴിഞ്ഞാമ്പാറയില്‍ എത്തിയ ജോത്സ്യനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
കൊലപാതകം ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എന്‍. പ്രതീഷി(37)ന്റെ വീട്ടിലേക്കാണ് ജ്യോത്സ്യനെ കൊണ്ടുപോയത്. ഇവിടെവെച്ച് പൂജ ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രതീഷ് അസഭ്യം പറഞ്ഞ് ജ്യോത്സ്യനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മര്‍ദിച്ച് വിവസ്ത്രനാക്കുകയും ചെയ്തു. ശേഷം നഗ്നയായി മുറിയിലെത്തിയ മൈമൂനയെ ജ്യോത്സ്യനൊപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും പകര്‍ത്തി. തുടര്‍ന്ന് ജ്യോത്സ്യന്റെ കഴുത്തിലുണ്ടായിരുന്ന നാലര പവന്‍ വരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണും 2000 രൂപയും കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെടുകയും തന്നില്ലെങ്കില്‍ സാമൂഹികമാധ്യമങ്ങളിലും ബന്ധുക്കള്‍ക്കും ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അല്പസമയത്തിനുശേഷം ഇവര്‍ പുറത്തുപോയ തക്കത്തിന് പുറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ജോത്സ്യന്‍ കൊഴിഞ്ഞാമ്പാറ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. അതിനിടെ, ഇതേസമയം ചിറ്റൂര്‍ പോലീസ് മറ്റൊരു കേസിലെ പ്രതിയെ തേടി കല്ലാണ്ടിച്ചള്ളയിലെ വീട്ടിലെത്തിയിരുന്നു. ഞായറാഴ്ച ചിറ്റൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ തെരഞ്ഞെത്തിയതായിരുന്നു ചിറ്റൂര്‍ പോലീസ്. ഈ സമയം പോലീസിനെ കണ്ട് വീട്ടിലുണ്ടായിരുന്നവര്‍ നാലു ഭാഗത്തേക്കും ചിതറിയോടി. പോലീസും പുറകെ ഓടിയെങ്കിലും അവര്‍ തിരഞ്ഞെത്തിയ പ്രതിയെ കിട്ടിയില്ല. തുടര്‍ന്ന് വീടിനകത്ത് നടന്ന സംഭവങ്ങളും ഹണിട്രാപ്പ് കവര്‍ച്ചയുമൊന്നും അറിയാതെ ചിറ്റൂര്‍ പോലീസ് തിരികെ മടങ്ങുകയുംചെയ്തു.
ചിറ്റൂര്‍ പോലീസിനെ കണ്ട് തട്ടിപ്പ് സംഘത്തില്‍ ഉണ്ടായിരുന്നവര്‍ ചിതറിയോടിയ തക്കത്തിലാണ് ജോത്സ്യന്‍ വീട്ടില്‍നിന്ന് രക്ഷപ്പെട്ടത്. ചിതറിയോടിയ സ്ത്രീകളില്‍ ഒരാള്‍ മദ്യലഹരിയില്‍ റോഡില്‍ വീണു കിടക്കുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യംചെയ്തതോടെയാണ് ഹണിട്രാപ്പും കവര്‍ച്ചയും പുറത്തറിയുന്നത്. മദ്യലഹരിയില്‍ നിലത്തുവീണ സ്ത്രീ, ചോദ്യംചെയ്ത നാട്ടുകാരെ അസഭ്യം പറഞ്ഞു. ഇതോടെ നാട്ടുകാര്‍ വിവരം കൊഴിഞ്ഞാമ്പാറ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് കൊഴിഞ്ഞാമ്പാറ പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ നടന്ന സംഭവമെല്ലാം പുറത്തറിഞ്ഞത്. ഇതിനിടെ തട്ടിപ്പിനിരയായ ജ്യോത്സന്‍ പരാതി നല്‍കാനായി കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. തുടര്‍ന്ന് കൊല്ലങ്കോട് പോലീസിന്റെ നിര്‍ദേശപ്രകാരം ജ്യോത്സ്യന്‍ കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രതീഷിന്റെ വീട്ടില്‍വെച്ചാണ് സംഭവം നടന്നത്. കവര്‍ച്ചയുടെ മുഖ്യ ആസൂത്രകനും പ്രതീഷാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.




