ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി മെട്രോ സ്റ്റേഷനില്‍ നിന്നു ചാടി ജീവനൊടുക്കി. അധ്യാപകരുടെ മാനസിക പീഡനത്തില്‍ മനംനൊന്ത പതിനാറുകാരന്‍ മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ നിന്നും ചാടുക ആയിരുന്നു. അധ്യാപകര്‍ക്കെതിരെ മാനസിക പീഡനം ആരോപിക്കുന്ന ആത്മഹത്യാ കുറിപ്പ് വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്നു കണ്ടെടുത്തു. തനിക്ക് ചെയ്യേണ്ടി വന്നത് മറ്റൊരു കുട്ടിയും ചെയ്യാന്‍ നിര്‍ബന്ധിതമാകാതിരിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ പേര് പരാമര്‍ശിക്കുന്ന മൂന്ന് അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്നും വിദ്യാര്‍ഥി എഴുതിയ കത്തില്‍ പറയുന്നു.

അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മകന്‍ ജീവനൊടുക്കിയതെന്ന് കാട്ടി പ്രിന്‍സിപ്പലിനും മറ്റ് രണ്ട് അധ്യാപകര്‍ക്കുമെതിരെ പിതാവ് പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടെ കത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെ; 'കത്ത് ലഭിക്കുന്നവര്‍ ഇതിലെ ഫോണ്‍ നമ്പറില്‍ വിളിക്കണം. അമ്മ എന്നോട് ക്ഷമിക്കണം, ഞാന്‍ പല തവണ അമ്മയുടെ ഹൃദയം തകര്‍ത്തു. ഇത് അവസാനത്തേതാണ്. എന്നോട് ക്ഷമിക്കണം, പക്ഷെ അധ്യാപകര്‍ എന്നോട് മോശമായി പെരുമാറി. സ്‌കൂളിലെ അധ്യാപകര്‍ ഇങ്ങനെയാണ്, ഞാന്‍ എന്ത് പറയാന്‍?. എന്നാല്‍ സ്‌കൂളില്‍ നടന്ന സംഭവങ്ങള്‍ കാരണം തനിക്ക് മറ്റു മാര്‍ഗമില്ല. എന്റെ ഏതെങ്കിലും അവയവം പ്രവര്‍ത്തനക്ഷമമാണെങ്കില്‍ അല്ലെങ്കില്‍ ഉപയോഗപ്രദമെങ്കില്‍, അത് ആവശ്യമുള്ള ആര്‍ക്കെങ്കിലും ദയവായി ദാനം ചെയ്യണം' വിദ്യാര്‍ഥി കത്തില്‍ പറയുന്നു. 20 വയസ്സുകാരനായ തന്റെ ജ്യേഷ്ഠനോട് മോശമായി പെരുമാറിയതിനും, അച്ഛനെപ്പോലെ നല്ലൊരു മനുഷ്യനാകാന്‍ കഴിയാത്തതിനും വിദ്യാര്‍ഥി കത്തില്‍ മാപ്പ് ചോദിക്കുന്നു. തനിക്ക് എല്ലായ്‌പ്പോഴും പിന്തുണ നല്‍കിയതിന് അമ്മയ്ക്ക് നന്ദി പറയുന്ന വിദ്യാര്‍ഥി, അച്ഛനും സഹോദരനും വേണ്ടി അത് തുടരണമെന്നും ആവശ്യപ്പെടുന്നു.

അധ്യാപകരുചടെ മാനസിക പീഡനത്താല്‍ കുട്ടി കുറച്ച് ദിവസങ്ങളായി കടുത്ത വിഷമത്തിലായിരുന്നു. പഠിക്കാന്‍ മിടുക്കനായ വിദ്യാര്‍ത്ഥിയെ വീട്ടുകാര്‍ സമാധാനിപ്പിച്ചാണ് സ്‌കൂളില്‍ വിട്ടിരുന്നത്. സാധാരണ പോലെ രാവിലെ 7.15ന് സ്‌കൂളിലേക്കു പോയതായിരുന്നു കുട്ടി. പിന്നീട് മെട്രോ സ്‌റ്റേഷനിലെത്തി ആത്മഹത്യ ചെയ്യുക ആയിരുന്നു. മധ്യഡല്‍ഹിയിലെ മെട്രോ സ്റ്റേഷനു സമീപം കുട്ടി പരുക്കേറ്റ് കിടക്കുന്നെന്ന് ഉച്ചയ്ക്ക് 2.45ന് അമ്മയ്ക്ക് ഫോണ്‍ വന്നു. മകനെ ബിഎല്‍ കപൂര്‍ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിച്ച ശേഷം അവിട എത്തിയപ്പോള്‍ മകന്‍ മരിച്ചെന്ന വിവരമാണ് അറിഞ്ഞത്.

സ്‌കൂളില്‍ നിന്നു പുറത്താക്കുമെന്ന് നാലു ദിവസമായി അധ്യാപകരിലൊരാള്‍ മകനെ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടിയുടെ സഹപാഠി പറഞ്ഞു. മറ്റൊരു അധ്യാപകന്‍ മകനെ തള്ളി. ഒരു നാടക ക്ലാസിനിടെ മകന്‍ വീണപ്പോള്‍ അധ്യാപകരിലൊരാള്‍ 'അമിതാഭിനയം' ആണെന്ന് പറഞ്ഞ് അവനെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തു. ഒരുപാട് ശകാരിച്ചതിനെ തുടര്‍ന്ന് അവന്‍ കരയാന്‍ തുടങ്ങി. എത്ര വേണമെങ്കിലും കരയാമെന്നും അത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും അധ്യാപിക പറഞ്ഞു.

പ്രിന്‍സിപ്പലിന്റെ കണ്‍മുന്നില്‍ ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും തടയാന്‍ അവര്‍ ഒന്നും ചെയ്തില്ല. അധ്യാപകരുടെ ഭാഗത്തുനിന്ന് മാനസിക പീഡനം നേരിടുന്നുണ്ടെന്ന് മകന്‍ എന്നോടും ഭാര്യയോടും പറഞ്ഞിരുന്നു. സ്‌കൂളില്‍ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ മകന്റെ പരീക്ഷകളുണ്ടായിരുന്നു. ഇരുപത് മാര്‍ക്ക് സ്‌കൂളില്‍ നിന്നാണ് ലഭിക്കേണ്ടത്. അതിനാല്‍ എനിക്ക് ഒന്നും തടസ്സപ്പെടുത്താന്‍ തോന്നിയില്ല, പരീക്ഷകള്‍ കഴിഞ്ഞാല്‍ അവനെ മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു.' ഇതിനിടെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പിതാവ് പറഞ്ഞു.