- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തിരക്കുള്ള സമയത്ത് 'കുടവയറനി'ല്‍ കയറി വയര്‍നിറച്ചു; ബില്ല് വന്നത് 950 രൂപ; തുക അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് കാണിച്ചു പറ്റിച്ചു; വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്; കളമശ്ശേരിയില്‍ യുവതിയും നാല് സുഹൃത്തുക്കളും പിടിയില്‍; മൂന്ന് ലക്ഷം രൂപയുടെ സമാന തട്ടിപ്പ് നടത്തിയെന്ന് വിവരം
കളമശ്ശേരി: തിരക്കുള്ള സമയത്ത് ഹോട്ടലില്‍ കയറി വയറുനിറയെ വിലയേറിയ ഭക്ഷണം കഴിച്ചശേഷം യു.പി.ഐ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ യുവതിയും നാല് സുഹൃത്തുക്കളും പിടിയില്‍. പണം അയയ്ക്കുന്നത് പോലെ കാണിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. എന്നാല്‍ അക്കൗണ്ടുകളിലേക്ക് പണം എത്താത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉടമകളുടെ പരാതിയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. നാല് യുവാക്കളും ഒരു യുവതിയുമാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായവരില്‍ നാല് പേര്‍ കൊയ്‌ലാണ്ടി സ്വദേശികളും ഒരാള്‍ തിരുവനന്തപുരം സ്വദേശിയുമാണ്. സൗത്ത് കളമശ്ശേരി കോടതിയുടെ എതിര്‍വശത്തുള്ള 'കുടവയറന്‍ ആന്‍ഡ് കമ്പനി' എന്ന ഹോട്ടലിലാണ് വ്യാജ ആപ്പ് ഉപയോഗിച്ച് അഞ്ചംഗസംഘം തട്ടിപ്പ് നടത്തിയത്.
സംഭവത്തില്‍ യുവാന, റൂബിന്‍ രാജ്, മുഹമ്മദ് അനസ്, അജ്‌സല്‍ അമീന്‍, നിഷാദ് എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി, തിരുവനന്തപുരം സ്വദേശികളാണ് പ്രതികള്‍. കളമശ്ശേരി, ഇടപ്പള്ളി മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജ ആപ്പ് വഴി പണം നല്‍കി, അതിന്റെ റസിപ്റ്റും പണം സ്വീകരിച്ചതിന്റെ ശബ്ദവും കേള്‍പ്പിച്ചാണ് കടയുടമകളെ പറ്റിച്ചിരുന്നത്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ തട്ടിപ്പ് ഇവര്‍ നടത്തിയതായാണ് വിവരം.
കഴിഞ്ഞ ദിവസം സൗത്ത് കളമശ്ശേരിയിലെ ഹോട്ടല്‍ ഉടമയാണ് ഇവര്‍ക്കെതിരെ പരാതിയുമായി ആദ്യം പൊലീസിനെ സമീപിച്ചത്. വ്യാപാരി സംഘടനകള്‍ വഴി അന്വേഷിച്ചപ്പോഴാണ് കൂടുതല്‍ കടക്കാര്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇടകളായതായി പൊലീസിന് മനസ്സിലാകുന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
ഉച്ച ഭക്ഷണം കഴിക്കാനാണ് പ്രതികള്‍ എത്തിയതെന്ന് കടയുടമ പറഞ്ഞു. 'നല്ല തിരക്കുള്ള സമയത്താണ് അവര്‍ വന്നത്. ഏകദേശം 950 രൂപയുടെ ഭക്ഷണം കഴിച്ചു. തുക പെയ്‌മെന്റ് ചെയ്തു എന്ന് പറഞ്ഞ് അവര് നമുക്ക് സ്‌ക്രീന്‍ഷോട്ട് കാണിച്ചു തന്നു. അടുത്തുള്ള കുട്ടിയുടെ ഫോണില്‍ നിന്ന് പെയ്‌മെന്റ് റെസീവ് ചെയ്തതിന്റെ ശബ്ദം നമുക്ക് കേള്‍ക്കാന്‍ സാധിക്കുകയും ചെയ്തു. സ്വാഭാവികമായിട്ടും ഭക്ഷണം കഴിച്ച് തുക കിട്ടി എന്നറിഞ്ഞതോടെ മാനേജര്‍ അവരെ പറഞ്ഞുവിടുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് പെയ്‌മെന്റ് ലിസ്റ്റ് നോക്കിയപ്പോള്‍ ഈ തുക കാണാതെ വന്നു. ഇതോടെയാണ് കബളിപ്പിച്ചതായി മനസ്സിലയത്. വിവിധ കടയുടമകളുമായി അന്വേഷിച്ചപ്പോള്‍ പല സ്ഥാപനങ്ങളിലും ഇങ്ങനെ പറ്റിച്ചതായി മനസ്സിലായി. അതിന്റെ അടിസ്ഥാനത്തില്‍ കളമശ്ശേരി സ്റ്റേഷനില്‍ കേസ് കൊടുക്കുകയായിരുന്നു' -ഹോട്ടലുടമ പറഞ്ഞു.
കളമശേരി എളമക്കര പ്രദേശങ്ങളിലെ വിവിധ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്ത ശേഷം പണം യുപിഐ ആപ്പുവഴി നല്‍കിയെന്ന് കാണിച്ച് ഇവര്‍ തട്ടിപ്പ് നടത്തിയെന്നാണ് വിവരം. ബില്‍ തുക ടിക്ക് വീണതായി ഫോണില്‍ കാണിച്ചായിരുന്നു തട്ടിപ്പ്. കടകളില്‍ സ്ഥാപിച്ചിട്ടുള്ള സൗണ്ട് ബോക്‌സുകളില്‍ അറിയിപ്പ് ലഭിക്കാത്തത് സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് കടയുടമകളെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്നലെ കളമശേരിയിലെ ഒരു ഹോട്ടലില്‍ നിന്നും ഇവര്‍ ഭക്ഷണം കഴിച്ചു. തട്ടിപ്പ് ആപ്പ് ഉപയോഗിച്ച് പണം നല്‍കിയെന്ന് വിശ്വസിപ്പിച്ച് രക്ഷപ്പെട്ടു. വൈകുന്നേരം വീണ്ടും അതേ കടയില്‍ ഭക്ഷണം കഴിച്ച് പണം നല്‍കിയപ്പോള്‍ കടയുടമകള്‍ക്ക് സംശയം തോന്നി ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം വ്യാപക തട്ടിപ്പ് നടത്തിയതായി തിരിച്ചറിയുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേരള പൊലീസ് കടയുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.




