കൊച്ചി: ലിവ് ഇന്‍ പങ്കാളി ക്രൂരമായി മര്‍ദിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവമോര്‍ച്ച എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി ഗോപു പരമശിവന്‍ കസ്റ്റഡിയില്‍. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. ദേഹം മുഴുവന്‍ മര്‍ദനമേറ്റ പാടുകളുമായി യുവതി മരട് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. അതിക്രൂരമായ രീതിയിലാണ് പെണ്‍കുട്ടിയെ മര്‍ദിച്ചിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി യുവതിയുടെ കൂടെ താമസിക്കുന്ന സുഹൃത്തും യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഗോപുവാണ് യുവതിയെ മര്‍ദിച്ചതെന്നാണ് വിവരം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിക്ക് മര്‍ദനമേറ്റത്. പുറംഭാഗത്തും തുടകളിലുമടക്കം, യുവതിയുടെ ദേഹമാസകലം മര്‍ദനത്തിന്റെ പാടുകള്‍ ഉണ്ട്. മര്‍ദ്ദനത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

വൈറ്റില തൈക്കൂടത്തിനടുത്തുള്ള ഫ്ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു പോലീസില്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെ യുവതിയുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട പോലീസിനോട് ബന്ധുവിന്റെ വീട്ടിലാണ് ഉള്ളതെന്നും ഇപ്പോള്‍ വരാന്‍ സാധിക്കില്ലെന്നുമായിരുന്നു യുവതിയുടെ പ്രതികരണം.

ഇതിന് പിന്നാലെ യുവതി ഇന്ന് പോലീസ് സ്റ്റേഷനിലെത്തി മര്‍ദന വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതിയുടെ പരാതിയില്‍ മരട് പോലീസ് ഗോപുവിനെതിരേ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.