കൊച്ചി: സ്പാ ജീവനക്കാരിയുടെ മാല മോഷ്ടിച്ചെന്നും ഇത് ഭാര്യയെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി സിപിഒയുടെ പണം തട്ടിയ കേസില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍ വരുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വലിയ ഗൂഡാലോചനയാണ് കേസില്‍ നടന്നത്. കേസിലെ ഒന്നാം പ്രതിയായ പാലാരിവട്ടം സ്റ്റേഷന്‍ എസ്ഐ കെ കെ ബൈജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്ഐ ഉള്‍പ്പെട്ട സംഘം പൊലീസുകാരനില്‍നിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പാലാരിവട്ടം റോയല്‍ വെല്‍നസ് സ്പാ നടത്തിപ്പുകാരന്‍ ഷിഹാം, ജീവനക്കാരി രമ്യ എന്നിവരാണ് മറ്റ് പ്രതികള്‍. ബോഡി മസാജിങ്ങിനു സ്പായില്‍ പോയ കാര്യം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാരനില്‍ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് എസ്‌ഐക്കെതിരെ കേസ്.

കൊച്ചി സിറ്റി എ.ആര്‍ ക്യാംപിലുള്ള മരട് സ്വദേശിയായ പൊലീസുകാരനാണ് പണം നഷ്ടമായത്. ഓഗസ്റ്റ് എട്ടിന് വൈകിട്ട് അഞ്ചരയോടെ സ്പായിലെത്തി ഇയാള്‍ ബോഡി മസാജ് ചെയ്‌തെന്ന് എഫ്‌ഐആറില്‍ പറയുന്നു. പിറ്റേന്നു രാവിലെ 10 മണിയോടെ മൂന്നാം പ്രതിയായ രമ്യ പൊലീസുകാരനെ വിളിച്ചു. മസാജ് ചെയ്യുന്ന സമയത്ത് താന്‍ ഊരിവച്ചിരുന്ന മാല ഇപ്പോള്‍ കാണുന്നില്ലെന്നും മാലയോ അല്ലെങ്കില്‍ പണമായി ആറര ലക്ഷം രൂപയോ നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പണമില്ലെന്നും കേസു കൊടുക്കാനുമായിരുന്നു പൊലീസുകാരന്റെ മറുപടി. പിന്നാലെ രണ്ടാം പ്രതി ഷിഹാം നിരന്തരമായി ബന്ധപ്പെട്ട് ഭാര്യയേയും ബന്ധുക്കളേയും അറിയിച്ച് നാണം കെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്‍ പറയുന്നു. തുടര്‍ന്ന് ഒന്നാം പ്രതിയായ ഗ്രേഡ് എസ്‌ഐ ബൈജു മുഖേനെ നാലു ലക്ഷം രൂപ പൊലീസുകാരനില്‍ നിന്ന് തട്ടി എന്നാണ് കേസ്.

രണ്ടാംപ്രതി ഷിഹാം പൊലീസുകാരനെ ഫോണില്‍ വിളിച്ച്, സ്പായില്‍ വന്നതും മാല മോഷ്ടിച്ചതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ നാലുലക്ഷം രൂപ പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബൈജു മുഖേന പ്രതികള്‍ക്ക് കൈമാറിയെന്നാണ് പൊലീസുകാരന്റെ മൊഴി. സ്പായിലെ മാല മോഷണക്കേസ് പെട്ടെന്ന് ഒത്തുതീര്‍ന്നത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇവരുടെ അന്വേഷണത്തിലാണ് എസ്ഐയുള്‍പ്പെട്ട് കേസ് ഒത്തുതീര്‍ത്തത് പുറത്തുവന്നത്. വിശദ അന്വേഷണം പുരോഗമിക്കുകയാണ്. മറ്റ് ചില സ്പാ നടത്തിപ്പുകാരുമായി ഇടപാടുകള്‍ നടത്തിയതിന് കെ കെ ബൈജുവിനെതിരെ വകുപ്പുതല അന്വേഷണം നടന്നുവരികയാണ്.

എറണാകുളം ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ സിപിഒയുടെ പരാതിയിലാണ് നടപടി. അതേസമയം ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബന്ധമില്ലെന്നാണ് പോലീസുകാരന്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. സ്പായിലെ മാല മോഷണം പോയതുമായി ബന്ധപ്പെട്ട പരാതി പെട്ടെന്ന് ഒത്തുതീര്‍ന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിനുണ്ടായ സംശയമാണ് പോലീസിനെത്തന്നെ ഞെട്ടിച്ച സ്പാ വിവാദം പുറത്തേക്ക് വരാന്‍ കാരണം. സ്പായില്‍ പോയ സിപിഒ മാല അപഹരിച്ചെന്ന് കാണിച്ച് സ്പാ ജീവനക്കാരി പരാതി നല്‍കിയിരുന്നു. ഈ പരാതിയെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നു. അതിനിടെ കേസ് പെട്ടെന്ന് ഒത്തുതീര്‍പ്പായതും സംശയമുണ്ടാക്കി. കൂടുതല്‍ അന്വേഷണത്തിലാണ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന വിവരം ഉന്നത ഉദ്യോഗസ്ഥര്‍ അറിയുന്നത്. കേസ് തീരാനുള്ള സാഹചര്യവും മറ്റും അന്വേഷിച്ചിറങ്ങിയപ്പോഴാണ് എസ്‌ഐ ഉള്‍പ്പെട്ട കേസ് ഒത്തുതീര്‍ത്തതായി അറിയുന്നത്.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന വിവരം ഉന്നത ഉദ്യോഗസ്ഥര്‍ അറിയുന്നത്. കഴിഞ്ഞ ദിവസം സിപിഒയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. മുന്‍പ് കൊച്ചിയിലെ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ രണ്ട് പോലീസുകാര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇവരെ സസ്പെന്‍ഡ് ചെയ്യുകയും ഉണ്ടായി. ഇതിനു ശേഷമാണ് ഇപ്പോള്‍ സ്പാ നടത്തിപ്പുകാരുമായി പോലീസ് സേനാംഗത്തിന്റെ അടുപ്പം പുറത്തു വന്നിരിക്കുന്നത്. കൊച്ചി സിറ്റിയില്‍ ഏതാണ്ട് 600-ലധികം സ്പാകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഇതിന്റെ നടത്തിപ്പുകാരുമായി പതിവായി ബന്ധം പുലര്‍ത്തുന്ന പോലീസുകാരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇതില്‍ ചില സ്പാകളുടെ മറവില്‍ അനാശാസ്യ ഇടപാടുകള്‍ നടക്കുന്നതായും ഇതിന് പോലീസിലെ ചിലര്‍ ഒത്താശ ചെയ്യുന്നതായുമാണ് ആക്ഷേപം.