കോട്ടയം: കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുന്‍ കൗണ്‍സിലറുടെ മകനെ കീഴ്‌പ്പെടുത്തിയത് സാഹസികമായി. കുത്തേറ്റ് യുവാവ് മരിച്ചതിനു പിന്നാലെ സ്ഥലത്തെത്തിയ പോലീസുമായി ഏറെനേരം മല്‍പിടിത്തത്തിന് ശേഷമാണ് ജീപ്പില്‍ കയറാന്‍ തയാറായത്. പോലീസ് ജീപ്പില്‍ കയറാന്‍ തയാറാകാതെ വീണ്ടും വെല്ലുവിളി മുഴക്കുകയായിരുന്നു. വീട്ടുകാര്‍ അടക്കം ഇയാളോടു ജീപ്പില്‍ കയറാന്‍ പറയുകയും ചെയ്തു. പക്ഷേ അനുസരിച്ചില്ല.

പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം നഗരസഭ മുന്‍ കൗണ്‍സിലര്‍ അനില്‍കുമാറിനെയും (ടിറ്റോ) മകന്‍ അഭിജിത്തിനെയുമാണ് പോലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. അനില്‍ കുമാറിന്റെ വീടിന്റെ മുന്നിലായിരുന്നു സംഘര്‍ഷവും കത്തിക്കുത്തും. അഭിജിത്തും കൊല്ലപ്പെട്ട ആദര്‍ശും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമായത്. ആദര്‍ശും സുഹൃത്തുക്കളും അര്‍ധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. വാക്കുതര്‍ക്കം വൈകാതെ സംഘര്‍ഷത്തിലെത്തുകയും ആദര്‍ശിനു കുത്തേല്‍ക്കുകയുമായിരുന്നു. കുത്തേറ്റു വീണ ആദര്‍ശ് വീടിന്റെ ഗേറ്റിനു സമീപം കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഭിജിത്ത് നേരത്തെയും ചില കേസുകള്‍ പ്രതിയാണ്. ആദര്‍ശിനെതിരേയും മയക്കു മരുന്നു കേസുകളുണ്ട്.

മാല പൊട്ടിക്കല്‍, എംഡിഎംഎ, കഞ്ചാവ് കടത്ത് വില്‍പന അടക്കം നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് അഭിജിത്ത്. കൊല്ലപ്പെട്ട ആദര്‍ശും രണ്ട് ലഹരിക്കേസുകളില്‍ പ്രതിയാണ്. ഇവര്‍ തമ്മില്‍ കാലങ്ങളായി ലഹരി ഇടപാടുണ്ടായിരുന്നു. അഭിജിത്തിന് എംഡിഎംഎ ആദര്‍ശ് കടമായിട്ട് നല്‍കിയിരുന്നു. എന്നാല്‍ അഭിജിത്ത് പണം തിരിച്ചുനല്‍കിയില്ല. ഇത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മാണിക്കുന്നത്ത് അനില്‍കുമാറിന്റെ വീടിന് മുമ്പില്‍വെച്ച് തിങ്കള്‍ പുലര്‍ച്ചെ നാലോടെയാണ് ആദര്‍ശിന് കുത്തേറ്റത്. വീട്ടിലെ ഗേറ്റിനോട് ചേര്‍ത്ത് ആദര്‍ശിനെ അഭിജിത് കുത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആദര്‍ശുമായി വാക്കേറ്റമുണ്ടാകുകയും ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ അഭിജിത് കത്തികൊണ്ട് കൊലപ്പെടുത്തുകയുമായിരുന്നു.

തുടര്‍ന്ന് സമീപത്തുള്ള കുളത്തിലേക്ക് അനില്‍കുമാറും അഭിജിതും ചേര്‍ന്ന് ആദര്‍ശിനെ വലിച്ചുകൊണ്ടുപോകാനും ശ്രമിച്ചു. ഇത് നാട്ടുകാര്‍ കാണുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന്, പട്രോളിങിലുണ്ടായിരുന്ന പൊലീസ് സ്ഥലത്തെത്തി അനില്‍കുമാറിനെയും അഭിജിതിനെയും പിടികൂടി. കുത്തേറ്റ ആദര്‍ശിനെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.