- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ലാന്‍ഡിങ് റണ്‍വേയ്ക്ക് പകരം ടേക്ക് ഓഫ് റണ്‍വേയിലേക്ക് പറന്നിറങ്ങി അഫ്ഗാന്‍ വിമാനം; ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷാ ആശങ്ക; വന്‍ ദുരന്തം ഒഴിവായത് മറ്റു വിമാനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍; വ്യോമയാന അധികൃതര്‍ അന്വേഷണം തുടങ്ങി
ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ തെറ്റിച്ച് അഫ്ഗാന്‍ വിമാനം പറന്നിറങ്ങിയത് ആശങ്ക പരത്തി. കാബൂളില്‍ നിന്നുള്ള കാബൂളില്‍ നിന്നുള്ള അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സ് വിമാനം, ടേക്ക് ഓഫ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന റണ്‍വേയിലാണ് അബദ്ധത്തില്‍ ലാന്‍ഡ് ചെയ്തത്. ആ സമയം റണ്‍വേയില്‍ പറന്നുയരാന്‍ വിമാനം ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അരിയാന അഫ്ഗാന്‍ വിമാനം എഫ്.ജി 311 ആണ് തെറ്റായി റണ്‍വേയില്‍ ലാന്‍ഡ് ചെയ്തത്. ഈ വിമാനത്തിന് ഇടതുവശത്തെ റണ്‍വേ 29 (29L) യിലാണ് ലാന്‍ഡിങിന് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പൈലറ്റ് വിമാനം ഇറക്കിയത് വലതുവശത്തെ റണ്‍വേ 29 (29R)ല്‍ ആയിരുന്നു. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 29ആര്‍ റണ്‍വേ ടേക്ക് ഓഫിനായും 29എല്‍ റണ്‍വേ ലാന്‍ഡിങിനായും ആണ് ഉപയോഗിക്കുന്നത്.
വിഷയത്തില്‍ വ്യോമയാന അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ഗുരുതര വീഴ്ച സംബന്ധിച്ച് അഫ്ഗാനിസ്താനിലെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കത്തെഴുതുമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
മോശം ദൃശ്യപരതയോടൊപ്പം അവസാന നിമിഷത്തില്‍ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റത്തിന് (ഐഎല്‍എസ്) തകരാര്‍ സംഭവിച്ചതാണ് വിമാനം ലക്ഷ്യസ്ഥാനത്തുനിന്ന് മാറി ലാന്‍ഡ് ചെയ്യാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. വ്യതിയാനം സംബന്ധിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ (എടിസി) മുന്നറിയിപ്പ് നല്‍കിയില്ലെന്നും പൈലറ്റ് ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. അത് സ്ഥിരീകരിക്കുന്നതിനായി അധികൃതര്‍ ആശയവിനിമയ രേഖകള്‍ പരിശോധിക്കുകയാണ്.
അനുമതിയില്ലാത്ത റണ്‍വേയില്‍ ഇറങ്ങിയതിന്റെ ഗൗരവം കണക്കിലെടുത്ത്, ഇന്ത്യന്‍ വ്യോമയാന അധികൃതര്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. അഫ്ഗാന്‍ അധികൃതരുമായി ഈ വിഷയം ചര്‍ച്ച ചെയ്യും. റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത ശേഷം, കുറഞ്ഞ ദൃശ്യപരത കാരണം വിമാനത്തിന്റെ ലാറ്ററല്‍ ഗൈഡന്‍സ് നഷ്ടപ്പെട്ടതു കൊണ്ടാണ് വിമാനം അബദ്ധത്തില്‍ റണ്‍വേ മാറി ലാന്‍ഡ് ചെയ്തത് എന്നാണ് വിമാന ജീവനക്കാരുടെ വിശദീകരണം.




