പാലക്കാട്: പാലക്കാട് പ്രസവത്തിന് പിന്നാലെ കുട്ടി മരിച്ചത് ചികിത്സാ പിഴവെന്ന് കുടുംബത്തിന്റെ ആരോപണം. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലാണ് സംഭവം. കുട്ടി മരിച്ചത് ആശുപത്രിയുടെ ചികിത്സാ പിഴവാണെന്ന് രക്ഷിതാവാണ് ആരോപിച്ചത്. വണ്ടി താവളം സ്വദേശി നാരായണന്‍ കുട്ടിയുടെ കുഞ്ഞാണ് മരിച്ചത്.

ചിറ്റൂര്‍ വണ്ടിത്താവളം നാരായണന്‍കുട്ടി- ആനന്ദി ദമ്പതികളുടെ കുഞ്ഞാണ് ഇന്നലെ രാത്രി മരിച്ചത്. പ്രസവത്തില്‍ കുഞ്ഞിന്റെ ഇടതുകൈക്ക് ഗുരുതര പരുക്കേറ്റെന്നും മതിയായ സംവിധാനങ്ങളില്ലാതെ ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചെന്നും കുടുംബം ആരോപിച്ചു.

ബുധനാഴ്ചയായിരുന്നു താലൂക്ക് ആശുപത്രിയില്‍ സിസേറിയന്‍ ചെയ്യുന്നതിനുള്ള തിയതി നല്‍കിയിരുന്നത്. ചൊവ്വാഴ്ച രാവിലെ ഭാര്യയ്ക്ക് പ്രസവ വേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് നാരായണന്‍ കുട്ടി പറയുന്നു. കുഞ്ഞിന്റെ കാല്‍ ആദ്യം പുറത്ത് വരുന്ന നിലയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രസവത്തിനു ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

എന്നാല്‍ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.പരാതിയില്‍ ഡിഎംഒ തലത്തില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഡെലിവറിയില്‍ സങ്കീര്ണ്ണത ഉണ്ടായിട്ടും സുഖപ്രസവത്തിന് ഡോക്ടര്‍മാര്‍ കാത്തിരുന്നെന്നും ആരോപണമുണ്ട്. പ്രസവത്തില്‍ കുട്ടിയുടെ ഇടതു കൈക്ക് ഗുരുതര പരിക്കേറ്റു. തുടര്‍ന്ന് ശ്വാസം എടുക്കുന്നതിലും ബുദ്ധിമുട്ടുണ്ടായി. സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത് മതിയായ സുരക്ഷ ഉറപ്പാക്കാതെയെന്നും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുടുംബം പൊലീസിനും ആരോഗ്യവകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.