പത്തനംതിട്ട: പത്തനംതിട്ട തൂമ്പാക്കുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ അമ്പത് അടി താഴ്ചയിലുള്ള തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് വയസുകാരനെ കാണാനില്ലെന്ന് വിവരം. തൈപ്പറമ്പില്‍ മന്‍മദന്റെ മകന്‍ നാല് വയസുകാരനായ യദു കൃഷ്ണനെയാണ് അപകട സ്ഥലത്ത് കാണാതായി എന്ന സംശയം ഉള്ളത്. അപകടത്തില്‍ എട്ട് വയസുകാരി മരിച്ചു.

പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ആറ് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. അഞ്ച് കുട്ടികളെ ആശുപത്രിയിലെത്തിച്ചിരുന്നു. അതിലൊരു കുട്ടിയാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്ത് ഫയര്‍ഫോഴ്‌സ് തെരച്ചില്‍ നടത്തുകയാണ്.

ഒരു വിദ്യാര്‍ഥി ഒഴികെ എല്ലാവര്‍ക്കും പരുക്കേറ്റു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആദിലക്ഷ്മി മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ തൂമ്പാക്കുളം മാടപ്പള്ളില്‍ മനോജിന്റെ മകള്‍ ജുവല്‍ സാറാ തോമസിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാഞ്ഞപ്‌ളാക്കല്‍ അനിലിന്റെ മകന്‍ ശബരിനാഥ്, കൊല്ലംപറമ്പില്‍ ഷാജിയുടെ മകള്‍ അല്‍ഫോണ്‍സ എന്നിവര്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവറുടെ പരുക്ക് ഗുരുതരമല്ല.