തൃശ്ശൂര്‍: ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീടിന് സമീപം പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വരന്തരപ്പിള്ളി മാട്ടുമല മാക്കോത്തുവീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന(20)യാണ് മരിച്ചത്. ഭര്‍തൃവീട്ടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. വീട്ടിനുള്ളില്‍വെച്ച് തീകൊളുത്തിയ അര്‍ച്ചന, ദേഹമാസകലം തീപടര്‍ന്നതോടെ വീട്ടില്‍നിന്ന് ഇറങ്ങിയോടി പിറകുവശത്തെ കോണ്‍ക്രീറ്റ് കാനയില്‍ ചാടിയതാണെന്നാണ് നിഗമനം. സംഭവസമയത്ത് അര്‍ച്ചന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍തൃമാതാവ് ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയില്‍നിന്ന് വിളിക്കാനായി പോയതായിരുന്നു. ഇവര്‍ തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്.

അതേസമയം, എന്താണ് മരണത്തിന് പിന്നിലെ കാരണമെന്ന് ഇതുവരെ വ്യക്തമല്ല. വരന്തരപ്പിള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുകാരുടെ വിശദമായ മൊഴി രേഖപ്പെടുത്തി, വിശദമായ അന്വേഷണത്തിനു ശേഷമേ സംഭവം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. വ്യാഴാഴ്ച രാവിലെ ഫൊറന്‍സിക് സംഘവും പരിശോധനയ്ക്കെത്തും. ഇതിനുശേഷമാകും പോസ്റ്റ്മോര്‍ട്ടം.

ആറുമാസം മുന്‍പാണ് ഷാരോണും അര്‍ച്ചനയും തമ്മില്‍ പ്രണയ വിവാഹം നടന്നത്. ഭര്‍തൃപീഢനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ ഫോണ്‍ വിളിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനമില്ലാത്തതിന്റെ പേരിലും അര്‍ച്ചനയെ പീഡിപ്പിച്ചു. പെയിന്റിങ്ങ് തൊഴിലാളിയായ ഷാരോണ്‍ കഞ്ചാവു കേസിലെ പ്രതിയാണ് .