ഹൈദരാബാദ്: നാല് കോടിയുടെ ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ കൊലപ്പെടുത്തിയ അനിയനും സുഹൃത്തുക്കളും പിടിയില്‍. തെലങ്കാനയില്‍ കരിംനഗര്‍ ജില്ലയിലെ രാമദുഗുയില്‍ ആണ് സംഭവം. നാല് കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ മാനസിക വെല്ലുവിളി നേരിടുന്ന വെങ്കിടേഷ് എന്നയാളെയാണ് അനിയനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

സംഭവത്തില്‍ വെങ്കിടേഷിന്റെ സഹോദരന്‍ മാമിദി നരേഷ് (30) എന്നയാളാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ രാകേഷ് (28), ടിപ്പര്‍ ഡ്രൈവര്‍ പ്രദീപ് എന്നിവരും പിടിയിലായിട്ടുണ്ട്. ബിസിനസില്‍ ഉണ്ടായ നഷ്ടം നികത്താനാണ് മാമിദി നരേഷ് സഹോദരനെ വകവരുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം മുമ്പ് നരേഷ് രണ്ട് ടിപ്പറുകള്‍ വാങ്ങി വാടകയ്ക്ക് നല്‍കുന്ന ബിസിനസ് ആരംഭിച്ചിരുന്നു. ബിസിനസില്‍ നഷ്ടം നേരിട്ടതാണ് ഇയാളെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചത്. തുടര്‍ന്നാണ് വിശാലമായ പദ്ധതി തയ്യാറാക്കിയ നരേഷ് സഹോദരന്റെ പേരില്‍ 4.14 കോടിയുടെ ഇന്‍ഷുറന്‍സ് എടുക്കുകയായിരുന്നു.

തുടര്‍ന്ന്, കൂട്ടാളിയായ പ്രദീപിന്റെ സഹായത്തോടെ വെങ്കിടേഷിനെ വിജനമായ സ്ഥലത്ത് എത്തിച്ച് ടിപ്പര്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാഹനം കേടായെന്ന് അറിയിച്ച് വെങ്കിടേഷിനെ വിളിച്ചുവരുത്തിയ ശേഷം ലോറിക്കടിയില്‍ കിടത്തി ശരീരത്തിലൂടെ കയറ്റി ഇറക്കുകയായിരുന്നു. വെങ്കിടേഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

സാമ്പത്തികബാധ്യതയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഒന്നരക്കോടിയിലേറെ രൂപയുടെ കടമുണ്ടായിരുന്നു നരേഷിന്. തുടര്‍ന്നാണ് സുഹൃത്തുക്കള്‍ക്കൊപ്പം നരേഷ് ഗൂഢാലോചന നടത്തിയത്. വിവിധയിടങ്ങളില്‍നിന്ന് വെങ്കിടേഷിന്റെ പേരില്‍ 4.14 കോടി രൂപയുടെ ഇന്‍ഷുറന്‍സ് നരേഷ് എടുത്തു. വാഹനാപകടമെന്ന് വരുത്തിതീര്‍ത്ത് വെങ്കിടേഷിനെ കൊലപ്പെടുത്തുകയായിരുന്നു പദ്ധതി. സുഹൃത്തായ രാകേഷ്, ടിപ്പര്‍ ഡ്രൈവര്‍ പ്രദീപ് എന്നിവരെയും ഒപ്പംകൂട്ടി.

ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടക്കവെ നരേഷിന്റെ വാദങ്ങളില്‍ അവ്യക്തത തോനേനിയ ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. രാമദുഗു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. നരേഷിനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു.

സഹോദരനെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക വാങ്ങി കടം വീട്ടാനുള്ള പദ്ധതി രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നരേഷ് തയ്യാറാക്കിയത്. തുടര്‍ന്ന് രണ്ട് മാസത്തിനിടെ സഹോദരന്റെ പേരില്‍ പല കമ്പനികളില്‍ നിന്നായി 4,14,00,000 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികളെടുത്തു. അതോടൊപ്പം 20 ലക്ഷം രൂപയുടെ സ്വര്‍ണവായ്പയും എടുത്തു. അതിന് ശേഷമാണ് കഴിഞ്ഞ 26ാം തീയതി ലോറി തകരാറിലായെന്ന് പറഞ്ഞ് സഹോദരനെ രാത്രിയില്‍ വിളിച്ചുവരുത്തിയത്. ലോറിയുടെ അടിയില്‍ കിടക്കാന്‍ സഹോദരനോട് ആവശ്യപ്പെട്ടു. ലോറി കയറ്റി സഹോദരനെ കൊലപ്പെടുത്തി.

അപകടമരണം എന്നാണ് പൊലീസിനെയും ഇന്‍ഷുറന്‍സ് കമ്പനിയെയും നരേഷ് ധരിപ്പിച്ചത്. സ്ഥലത്തെത്തി പരിശോധന നടത്തിയ ലോക്കല്ഡ പൊലീസിനും ഇന്‍ഷുറന്‍സ് കമ്പനിക്കും സംശയങ്ങള്‍ തോന്നിയതാണ് സംഭവത്തില്‍ വഴിത്തിരിവായത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം തുകയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ ഇയാള്‍ എടുത്തിട്ടുണ്ടെന്ന് പൊലീസിന് മനസിലായത്. ചോദ്യം ചെയ്യലില്‍ നരേഷ് കുറ്റം സമ്മതിച്ചു.

കൊലപാതകത്തിന് മുമ്പ് 3 പ്രതികളും ചേര്‍ന്ന് മൊബൈലില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തതായും കണ്ടെത്തി. കൊലപാതകം ആസൂത്രണം ചെയ്തത് 3 പേരും ഒരുമിച്ചാണ്. പിടിക്കപ്പെട്ടാല്‍ 3 പേര്‍ക്കും തുല്യ ഉത്തരാദിത്വമുണ്ട് എന്നതടക്കമുള്ള കാര്യങ്ങള്‍ ഈ വീഡിയോയിലുണ്ടായിരുന്നു. നരേഷിനെയും കൂട്ടാളികളായ 2 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ രാകേഷ് എന്നയാള്‍ക്ക് 7 ലക്ഷം രൂപ നരേഷ് നല്‍കാനുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാള്‍ നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. കൃത്യത്തില്‍ പങ്കാളിയായാല്‍ 13 ലക്ഷം രൂപ അധികമായി തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് കൊലപാതകത്തില്‍ പങ്കാളിയാക്കിയതെന്നാണ് നരേഷിന്റെ മൊഴി. മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.