ന്യൂഡല്‍ഹി: ഹരിയാണയിലെ പാനിപ്പത്തില്‍ ആറു വയസ്സുകാരിയുടെ കൊലപാതകത്തില്‍ നടത്തിയ അന്വേഷണത്തില്‍ പിടിയിലായ യുവതിയെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പൂനം എന്ന യുവതിയാണ് അറസ്റ്റിലായത്. തന്നേക്കാള്‍ സൗന്ദര്യമുള്ളവരെ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്ന ഈ യുവതി തന്റെ മകനെയടക്കം മൂന്ന് കുട്ടികളെ ഇതിന് മുമ്പ് സമാനമായ രീതിയില്‍ കൊലപ്പെടുത്തിയെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. കൊല്ലപ്പെട്ട ആറു വയസ്സുകാരി വിദി, പൂനത്തിന്റെ സഹോദര പുത്രി കൂടിയാണ്.

തിങ്കളാഴ്ച ഇവരുടെ കുടുംബം ഒരു കല്യാണത്തിന് പോയപ്പോഴാണ് വിദിയെ വാട്ടര്‍ ടബ്ബില്‍ മുക്കി പൂനം കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. വിദിയെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് പൂനം തന്റെ മകന്‍ ഉള്‍പ്പടെയുള്ള മൂന്ന് പേരെ കൊലപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു.

തിങ്കളാഴ്ച വിദിയും അച്ഛനും അമ്മയും മുത്തശ്ശിയും മുത്തച്ഛനും ഉള്‍പ്പടെയുള്ളവര്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പാനിപ്പത്തിലെ ഇസ്രാന താലൂക്കിലെ നൗല്‍ത്ത ഗ്രാമത്തിലായിരുന്നു വിവാഹം. ഇതിനിടെ വിദിയെ കാണാതായി. കുടുംബം അവളെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു. ഒരു മണിക്കൂറിന് ശേഷം മുത്തശ്ശി ഓംവതി ബന്ധുവിന്റെ വീട്ടിലെ ഒന്നാം നിലയിലുള്ള സ്റ്റോര്‍ റൂമില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.

വിദിയുടെ തല വെള്ളം നിറഞ്ഞ ഒരു പാത്രത്തില്‍ താഴ്ന്നും കാലുകള്‍ തറയില്‍ ഊന്നിയിരിക്കുന്നതുമായ നിലയിലായിരുന്നു. കുട്ടിയെ ഉടന്‍ എന്‍സി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. വിദിയുടെ പിതാവ് മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയവും ആരോപിച്ച് പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പ്രതി പൂനമാണെന്ന് പോലീസ് കണ്ടെത്തി.

അസൂയയും വിദ്വേഷവും നിറഞ്ഞ സ്ത്രീയാണ് പൂനമെന്ന് പോലീസ് തിരിച്ചറിഞ്ഞു. മറ്റൊരാളും തന്നെക്കാള്‍ സൗന്ദര്യമുള്ളവരായി കാണാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ചോദ്യം ചെയ്യലിലൂടെ വ്യക്തമായി. പ്രത്യേകിച്ച് സുന്ദരികളായ പെണ്‍കുട്ടികളെയാണ് അവര്‍ ലക്ഷ്യമിട്ടതെന്ന് പോലീസ് പറഞ്ഞു. ആകെ നാല് കുട്ടികളെയാണ് പൂനം കൊലപ്പെടുത്തിയതായി സമ്മതിച്ചിട്ടുള്ളത്. മൂന്ന് പെണ്‍കുട്ടികളും പിന്നെ സ്വന്തം മകനും. സമാനമായ സാഹചര്യങ്ങളിലാണ് കുട്ടികളെല്ലാം മരിച്ചിട്ടുള്ളത്.

2023-ല്‍ പൂനം തന്റെ സഹോദരന്റെ മകളെ കൊലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട സംശയം ഒഴിവാക്കാന്‍ അതേവര്‍ഷം തന്നെ മകനെയും മുക്കിക്കൊന്നു. 2024 ഓഗസ്റ്റില്‍, പൂനം സിവഹ ഗ്രാമത്തില്‍ മറ്റൊരു പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. വിദിയുടെ കൊലപാതകംവരെ നേരത്തെ നടന്ന മരണങ്ങളെല്ലാം ആകസ്മികമാണെന്നായിരുന്നു അനുമാനിക്കപ്പെട്ടിരുന്നത്. ആരും സംശയങ്ങളും ഉന്നയിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കൊലപാതക പരമ്പരയുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്.