- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തിരുമിറ്റക്കോടുനിന്നു തട്ടിക്കൊണ്ടു പോയ പ്രവാസി വ്യവസായി മുഹമ്മദാലിയെ കണ്ടെത്തിയെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് ഇനിയും വിവരമൊന്നുമില്ല; ദുരൂഹമായി ആ തട്ടിക്കൊണ്ടു പോകല്‍
പട്ടാമ്പി: തിരുമിറ്റക്കോടുനിന്നു തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി മുഹമ്മദാലിയെ കണ്ടെത്തിയെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് ഇനിയും വിവരമൊന്നുമില്ല. കോതകുറിശിയില്‍നിന്നാണു പോലീസ് ഇദ്ദേഹത്തെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയശേഷം മുഹമ്മദാലിയെ കോതകുറിശി ഭാഗത്ത് വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അക്രമികള്‍ ഉറങ്ങിയസമയത്ത് വീട്ടില്‍നിന്ന് ഇറങ്ങിയോടി മുഹമ്മദാലി തൊട്ടടുത്തുള്ള പള്ളിയില്‍ കയറി. അങ്ങനെ പോലീസെത്തി. തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപം ശനിയാഴ്ച രാത്രി ആറരയോടെയായിരുന്നു സംഭവം. കൂറ്റനാട് ഭാഗത്തുനിന്നു ആറങ്ങോട്ടുകര ഭാഗത്തേക്കു കാറില്‍ പോവുകയായിരുന്ന മുഹമ്മദലിയെ പിന്തുടര്‍ന്നുവന്ന സംഘം തോക്കുകാണിച്ച് ഭീഷണിപ്പെടുത്തി കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴു സംഘങ്ങളായാണ് തെരച്ചില്‍ നടത്തിയത്. ബിസിനസ് രംഗത്തെ വൈരാഗ്യമാണു സംഭവത്തിനു പിന്നിലെന്ന് മുഹമ്മദാലി പറഞ്ഞു. മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ് പ്രവാസി വ്യവസായി വി.പി. മുഹമ്മദലി. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദാലിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു. പക്ഷേ തുമ്പൊന്നും കിട്ടിയിട്ടില്ല.
സമീപകാലത്ത് ഒരു വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് ചില വ്യക്തികളുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്ന് മുഹമ്മദാലി പോലീസിനോട് പറഞ്ഞു. ഇതിന് പിന്നിലെ വൈരാഗ്യമാവാം തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.




