തൃശൂര്‍: മണലൂര്‍ ഗവ.ഐടിഐ റോഡില്‍ വാടകവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. മണലൂര്‍ തൃക്കുന്ന് സ്വദേശി പുത്തന്‍പുരയ്ക്കല്‍ സലീഷിന്റെ ഭാര്യ നിഷമോള്‍ (35) ആണ് മരിച്ചത്. ഭര്‍ത്താവ് സലീഷിനെ കാണാനില്ല. ഇതും ദുരൂഹത കൂട്ടുകയാണ്. നിഷമോളിനെ കൊല്ലാനും സാധ്യതയുണ്ട്.

ഇന്നലെ രാവിലെയാണ് മുറിയിലെ കിടക്കയില്‍ നിഷയെ മരിച്ച നിലയില്‍ കണ്ടത്. കുട്ടികള്‍ അടുത്തവീട്ടില്‍ ചെന്ന് അമ്മ ഉണരുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് അയല്‍ക്കാരെത്തി നോക്കിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. അന്തിക്കാട് പൊലീസെത്തി സലീഷിനെ പലതവണ ഫോണില്‍ വിളിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ മരണകാരണം പറയാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി. സലീഷ് വരാതിരുന്നതിനെ തുടര്‍ന്ന് വൈകിട്ട് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഒന്നര വര്‍ഷമായി ഐടിഎ റോഡിലെ വാടക വീട്ടിലാണ് താമസം. കാഞ്ഞാണിയിലെ സ്വകാര്യസ്ഥാപനത്തില്‍ ഒന്നര വര്‍ഷത്തിലേറെയായി സെയില്‍സ് ജോലി ചെയ്തിരുന്ന നിഷ 2 ദിവസമായി അവധിയിലായിരുന്നു.

ചാലക്കുടി സ്വദേശിനിയായ നിഷ നേരത്തേ വിവാഹിതയായിരുന്നു. അസുഖം മൂലം ആദ്യഭര്‍ത്താവ് മരിച്ചു. തുടര്‍ന്നാണു നിഷയും സലീഷും വിവാഹിതരായത്. നിഷയുടെ ആദ്യ ഭര്‍ത്താവിലുള്ള 2 കുട്ടികളാണ് ഇവരോടൊപ്പം താമസം. സലീഷുമായുള്ള ബന്ധത്തില്‍ മക്കളില്ല. നിഷയെ സലീഷ് മര്‍ദിക്കാറുണ്ടെന്നും പൊലീസില്‍ നേരത്തേ പല തവണ പരാതി നല്‍കിയിട്ടുണ്ടെന്നും പറയുന്നു. മക്കള്‍: വൈഗ, വേദ.