ഗുരുവായൂര്‍: കേരളത്തിലങ്ങോളം ഇങ്ങോളം പ്രവര്‍ത്തിച്ചു പോന്ന ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിലെ മൂന്നു പേരെ ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിന്റെ മുക്കിലും മൂലയിലും വരെ വേരൂന്നിയ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റാണ് പോലിസിന്റെ ശക്തമായ ഇടപെടലില്‍ തകര്‍ന്നത്. റാക്കറ്റിലെ പ്രധാനിയും വാട്‌സാപ് ഗ്രൂപ്പ് അഡ്മിനുമായ ഗുരുവായൂര്‍ നെന്മിനി അമ്പാടി വീട്ടില്‍ അജയ് വിനോദ് (24), ഏജന്റുമാരായ കൊടുങ്ങല്ലൂര്‍ എസ്എന്‍പുരം പനങ്ങാട് മരോട്ടിക്കല്‍ എം.ജെ.ഷോജിന്‍ (24), പടിഞ്ഞാറെനടയില്‍ ലോഡ്ജ് നടത്തുന്ന പാലക്കാട് പെരിങ്ങോട് അയിനിക്കാട് രഞ്ജിത്ത് (41) എന്നിവരാണ് അറസ്റ്റിലായത്.

സംഘത്തിലെ മറ്റൊരു ഗ്രൂപ്പ് അഡ്മിന്‍ ആയ സ്ത്രീയെ പിടികൂടാനുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലിസ്. യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലിസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് അതില്‍ വിശ്വസ്തരായ ആളുകളെ മാത്രം ചേര്‍ത്ത് വളരെ രഹസ്യമായായിരുന്നു ഈ സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനം. പതിനായിരത്തിലേറെ ഉപഭോക്താക്കളുള്ള നാല് വാട്‌സാപ് ഗ്രൂപ്പുകളുടെയും ബ്രോഡ്കാസ്റ്റിങ് ഗ്രൂപ്പുകളുടെയും അഡ്മിനാണ് അജയ് വിനോദും പിടികിട്ടാനുള്ള സ്ത്രീയുമെന്ന് പൊലീസ് പറയുന്നു.

പൊലീസ് ഇവരെ ഒരു മാസമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനു ശേഷം സകല തെളിവുകളോടെയുമാണ് അറസ്റ്റിലേക്ക് കടന്നത്. സംസ്ഥാനത്തെ ഓരോ ചെറിയ പ്രദേശത്തെയും വിശ്വസ്തരായ ആളുകളെ ചേര്‍പ്പിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തന രീതി. ഓരോ പ്രദേശത്തും ഏജന്റുമാരുണ്ട്. ആവശ്യക്കാര്‍ അവരുടെ സ്ഥലം അറിയിച്ചാല്‍ ആ പരിസരത്തുകാരായവരുടെ ചിത്രങ്ങള്‍ നല്‍കും. ഒരു വര്‍ഷത്തോളമായി ഇവര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. വിശ്വസ്തരായവരെ മാത്രമേ ഗ്രൂപ്പില്‍ ചേര്‍ക്കുകയുള്ളൂ. അജയ് വിനോദിന്റെ ഫോണില്‍ നിന്ന് ഗ്രൂപ്പിലുള്ളവരുടെ വിവരങ്ങളും ഗൂഗിള്‍ പേ വഴിയും ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയും പണം കൈമാറിയതിന്റെ വിശദാംശങ്ങളും ലഭിച്ചു.

അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ ദേശ്മുഖ് രൂപീകരിച്ച സ്‌പെഷല്‍ സ്‌ക്വാഡിലെ അസി. പൊലീസ് കമ്മിഷണര്‍ സി.പ്രേമാനന്ദകൃഷ്ണന്‍, ടെംപിള്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി.അജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.