ഗാന്ധിനഗര്‍: ഗുജറാത്തില്‍ സുഹൃത്തിന്റെ കാമുകിയെ വലയിലാക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തുള്ള തര്‍ക്കത്തിനൊടുവില്‍ 20കാരനെ കൊലപ്പെടുത്തി കഷണങ്ങളാക്കി കിണറ്റിലെറിഞ്ഞു. യുവാവിനെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണത്തിനിടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നഖത്രാന മുരു സ്വദേശി രമേഷ് മഹേശ്വരിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് കിഷോറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറുദിവസമായി യുവാവിനെ കാണാനില്ലായിരുന്നു. അന്വേഷണത്തിനൊടുവില്‍ സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു.

ഡിസംബര്‍ രണ്ടിനാണ് രമേഷിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് സംശയത്തെ തുടര്‍ന്ന് കിഷോറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇരുവര്‍ക്കും പരിചിതയായ ഒരു യുവതിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴിനല്‍കിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കിഷോര്‍ ഇന്‍സ്റ്റാഗ്രാമില്‍ യുവതിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. യുവതി ഇത് രമേശിനെ അറിയിച്ചതിനെത്തുടര്‍ന്ന് ഇരുവര്‍ക്കിടയിലും വാക്കുതര്‍ക്കമുണ്ടാകുകയും ഇത് ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ കിഷോര്‍ രമേശിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

കിഷോര്‍ രമേഷിനെ ഗ്രാമത്തിന് പുറത്തേക്ക് കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. കൊന്നതിനു ശേഷം കത്തി ഉപയോഗിച്ച് തലയും കൈകളും കാലുകളും വെട്ടിമാറ്റി ബോര്‍വെല്ലില്‍ വലിച്ചെറിയുകയും, ബാക്കിയുള്ള ശരീരഭാഗം സമീപത്ത് കുഴിച്ചിടുകയും ചെയ്തു. കിഷോറിന്റെ കുറ്റസമ്മതത്തെ തുടര്‍ന്ന്, നഖത്രന പോലീസും ജില്ലാ ഭരണകൂടവും തിങ്കളാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ച് ബോര്‍വെല്ലില്‍ എറിഞ്ഞ തലയും കൈയ്യും കാലും കുഴിച്ചിട്ട ശരീരഭാഗവും കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.