ബാരാബങ്കി: വയറുവേദനയുമായി ചികിത്സയ്ക്ക് എത്തിയ യുവതിയെ യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തി. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കിലെ ഉടമയും മരുമകനും ചേര്‍ന്നാണ് ഒരു യുവതിക്ക് യൂട്യൂബ് വീഡിയോ നോക്കി ശസ്ത്രക്രിയ നടത്തിയത്. മതിയായ അംഗീകാരമില്ലാതെയാണ് ഇരുവരും ക്ലിനിക്ക് നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.

തേബഹദൂര്‍ റാവത്തിന്റെ ഭാര്യയായ മുനിഷ്ര റാവത്തിന് മൂത്രത്തില്‍ കല്ലുമായി ബന്ധപ്പെട്ട അസുഖമുണ്ടായിരുന്നത്. ഡിസംബര്‍ അഞ്ചിന് ഭര്‍ത്താവ് ഇവരെ കോത്തിയിലുള്ള ശ്രീ ദാമോദര്‍ ഔഷധാലയത്തില്‍ എത്തിച്ചു. വയറുവേദനയ്ക്ക് കാരണം കല്ലുകളാണെന്ന് പറഞ്ഞ ക്ലിനിക്ക് ഓപ്പറേറ്റര്‍ ഗ്യാന്‍ പ്രകാശ് മിശ്ര ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുകയും, ഇതിന് 25,000 രൂപ ചെലവ് വരുമെന്ന് അറിയിക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് മുമ്പ് ഭര്‍ത്താവ് 20,000 രൂപ കെട്ടി വെച്ചതായി പൊലീസ് പറഞ്ഞു.

മിശ്ര മദ്യലഹരിയിലായിരുന്നെന്നും യൂട്യൂബ് വീഡിയോ ട്യൂട്ടോറിയല്‍ കണ്ട ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നും ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. മിശ്ര തന്റെ ഭാര്യയുടെ വയറ്റില്‍ ആഴത്തില്‍ മുറിവുണ്ടാക്കുകയും, നിരവധി ഞരമ്പുകള്‍ മുറിക്കുകയും ചെയ്തു. തുടര്‍ന്ന് ഡിസംബര്‍ ആറിന് വൈകുന്നേരത്തോടെ യുവതി മരണത്തിന് കീഴടങ്ങി എന്നും അദ്ദേഹം ആരോപിച്ചു.

ശസ്ത്രക്രിയ നടത്തുമ്പോള്‍ മിശ്രയുടെ മരുമകന്‍ വിവേക് കുമാര്‍ മിശ്ര സഹായിയായി ഉണ്ടായിരുന്നു. വിവേക് കുമാര്‍ മിശ്ര റായ്ബറേലിയിലെ ഒരു ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരനാണെന്നും, ഈ സര്‍ക്കാര്‍ ജോലിയുടെ മറവില്‍ അനധികൃത ക്ലിനിക്ക് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

ഈ അനധികൃത ക്ലിനിക്ക് ഇപ്പോള്‍ പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. ക്ലിനിക്ക് ഓപ്പറേറ്റര്‍ക്കും മരുമകനുമെതിരെ അശ്രദ്ധ കാരണം മരണത്തിനിടയാക്കിയതിന് പുറമെ, എസ്‌സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമം 1989 പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.