അഹ്‌മദാബാദ്: വിവാഹ മോചനത്തിന് ഉളളിയും വെളുത്തുളളിയും ഒരു കാരണമാണോ? ഗുജറാത്തിലെ അഹ്‌മദാബാദ് സ്വദേശികളുടെ വിവാഹമോചനത്തിന് കാരണമായത് ഉളളിയും വെളുത്തുളളിയുമാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ 23 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം വിവാഹമോചനത്തില്‍ കലാശിച്ചത് ഉളളിയും വെളുത്തുളളിയും കാരണമാണ്

2002ലാണ് അഹ്‌മദാബാദ് സ്വദേശികളുടെ വിവാഹം. യുവതി സ്വാമി നാരായണ്‍ എന്ന സമുദായത്തിലെ വ്യക്തിയായിരുന്നു. ഉളളിയും വെളുത്തുളളിയും കഴിക്കാത്ത ജീവിതശൈലി പിന്തുടരുന്നവരാണിവര്‍. യുവാവിന്റെ വീട്ടിലുള്ളവര്‍ ഉളളിയും വെളുത്തുളളിയും കഴിക്കുന്നവരാണ്. യുവാവിന്റെ അമ്മ യുവതിക്ക് ഉളളിയും വെളുത്തുളളിയും ചേര്‍ക്കാത്ത ഭക്ഷണം പാകം ചെയ്താണ് നല്‍കാറുളളത്. കുടുംബത്തിലെ ഭക്ഷണരീതിയിലെ വ്യത്യാസമാണ് ദമ്പതികള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടാകാന്‍ കാരണമായത്.

തര്‍ക്കങ്ങള്‍ തുടര്‍ന്നതോടെ 2007ല്‍ യുവതി കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് പോയി. തുടര്‍ന്ന് 2013ല്‍ യുവാവ് വിവാഹമോചനത്തിനായി അപേക്ഷ നല്‍കി. പീഡനത്തിന് ഇരയായെന്നും തന്നെ ഉപേക്ഷിച്ചെന്നും യുവാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി. 2024ല്‍ കുടുംബകോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു.

എന്നാല്‍, യുവതി ഗുജറാത്ത് ഹൈകോടതിയില്‍ വിവാഹമോചനത്തെ ചോദ്യം ചെയ്ത് കൊണ്ട് ഹരജി സമര്‍പ്പിച്ചു. കോടതി നടപടികള്‍ക്കിടയില്‍ വിവാഹമോചനത്തെ എതിര്‍ക്കുന്നില്ലെന്നും വ്യക്തമാക്കി. ഇതോടെ അപ്പീല്‍ തളളികൊണ്ട് അഹ്‌മദാബാദ് കോടതിവിധി ഗുജറാത്ത് ഹൈകോടതി ശരിവെക്കുകയായിരുന്നു.