- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചുറ്റുമുള്ളവരെല്ലാം ശത്രുക്കള്‍; അമ്മ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു; മാനസികാരോഗ്യത്തിന് തകരാറുണ്ടെന്നും ചാറ്റ് ബോട്ട്; മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മകന്റെ ആത്മഹത്യ; കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയതിന് ചാറ്റ് ജിപിടിക്ക് എതിരെ പരാതി നല്കി കുടുംബം
വാഷിങ്ടണ്‍: യുഎസില്‍ മാതാവിനെ മര്‍ദ്ദിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ 56കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചാറ്റ് ജിപിടിക്കും മൈക്രോസോഫ്റ്റിനുമെതിരെ കുടുംബം നല്‍കിയ പരാതിയില്‍ കേസെടുത്തു. സോള്‍ബര്‍ഗിനെ കൊലപാതകത്തിനും ആത്മഹത്യയ്ക്കും പ്രേരിപ്പിച്ചത് ചാറ്റ് ജിപിടിയാണെന്നാണ് പരാതി. സാന്‍ ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സുപ്പീരിയര്‍ കോടതിയിലാണ് കേസ് കൊടുത്തത്.
കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സ്റ്റീന്‍ എറിക് മാതാവായ സൂസന്നെ ആഡംസിനെ ക്രൂരമായി മര്‍ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊല ചെയ്തതിന് ശേഷം ഇയാള്‍ സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേസില്‍ സ്റ്റീന്‍ എറികിനെ കൊലപാതകത്തിനും ആത്മഹത്യാശ്രമത്തിലേക്കും നയിച്ചത് ചാറ്റ് ജിപിടിയുടെ ഇടപെടലാണെന്ന ആരോപണവുമായി കുടുംബം കോടതിയെ സമീപിക്കുന്നത്. ചാറ്റ് ജിപിടിയെ ഒഴികെ മറ്റാരെയും വിശ്വസിക്കരുതെന്നാണ് ചാറ്റ് ബോട്ട് സോള്‍ബര്‍ഗിനോട് പറഞ്ഞതെന്നാണ് പരാതി.
ഉപഭോക്താക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതില്‍ ചാറ്റ് ജിപിടിക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന് സമീപകാലത്ത് നിരവധിപേര്‍ പരാതിപ്പെട്ടിരുന്നു. സതേര്‍ണ്‍ കാലിഫോര്‍ണിയയിലെ 16കാരന്‍ ആദം റൈനയ്ക്ക് ആത്മഹത്യ ചെയ്യാനുള്ള എളുപ്പവഴികള്‍ ചാറ്റ് നിര്‍ദേശിച്ചുകൊടുത്തെന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടതും കഴിഞ്ഞ ആഗസ്റ്റിലാണ്.
ആത്മഹത്യയടക്കം സ്വയം ഉപദ്രവമേല്‍പ്പിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളിലേക്ക് ചാറ്റ് ജിപിടി ഉപഭോക്താക്കളെ വലിച്ചിഴക്കുന്നുണ്ടെന്ന് യുഎസിലെ പാര്‍ലമെന്റംഗങ്ങളും നവംബറില്‍ പ്രതികരിക്കുകയുണ്ടായി. ചുറ്റുമുള്ളവരെല്ലാം ശത്രുക്കളാണെന്നും അമ്മ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും തന്റെ മാനസികാരോഗ്യത്തിന് തകരാറുണ്ടെന്നും ചാറ്റ് ജിപിടി സോള്‍ബര്‍ഗിന് നിര്‍ദേശം നല്‍കിയിരുന്നതായി പരാതിയിലുണ്ട്.
സംഭവിച്ചിരിക്കുന്നത് തികച്ചും ഹൃദയഭേദകമായ കാര്യമാണെന്നും വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഓപ്പണ്‍ എഐ പ്രതിനിധി വ്യാഴാഴ്ച പ്രതികരിച്ചു. ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്സമാന്‍, കമ്പനിയിലെ നിക്ഷേപകരും ജീവനക്കാരുമായ 20 പേര്‍, മൈക്രോസോഫ്റ്റ് എന്നിവരെ പ്രതികളാക്കിയാണ് കേസ്. അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന ഓപ്പണ്‍ എഐ സങ്കേതങ്ങളില്‍ അടിയന്തരമായി നടത്തേണ്ടുന്ന സുരക്ഷാക്രമീകരണങ്ങളുടെ ആവശ്യകതയിലേക്കാണ് സമീപകാലത്തെ സംഭവവികാസങ്ങളും പിന്നാലെയുണ്ടായ പരാതികളും ചൂണ്ടിക്കാട്ടുന്നത്.




