- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഈ 'വിഐപി'കളാണ് എല്ലാ നശിപ്പിച്ചതെന്ന് ട്രോള്‍; മെസ്സിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത ബംഗാളി നടിക്കെതിരെ സൈബര്‍ ആക്രമണം; ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്കൊപ്പമുള്ള ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് ബംഗാളി നടി സുഭശ്രീ ഗാംഗുലിക്കെതിരെ വ്യാപക സൈബറാക്രമണം. 'ഗോട്ട് ടൂര്‍ ഇന്ത്യ 2025'ന്റെ ഭാഗമായി മെസ്സി കൊല്‍ക്കത്തയില്‍ എത്തിയപ്പോഴാണ് സുഭശ്രീ ഗാംഗുലി, താരത്തോടൊപ്പം ചിത്രമെടുത്തത്. മെസ്സി താമസിച്ചിരുന്ന സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ നടന്ന 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്' പരിപാടിയില്‍ നടി പങ്കെടുത്തിരുന്നു. സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ എത്തിയ വിഐപികള്‍ക്കൊപ്പവും സുഭശ്രീ ഉണ്ടായിരുന്നു. മെസ്സിക്കൊപ്പമുള്ള ചിത്രം നടി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് വ്യാപകമായ ട്രോളും സൈബറാക്രമണമവും ആരംഭിച്ചത്.
സൈബര്‍ അധിക്ഷേപം കടുത്തതോടെ നടിയുടെ ഭര്‍ത്താവും സിനിമാ നിര്‍മാതാവുമായ രാജ് ചക്രവര്‍ത്തി പൊലീസില്‍ പരാതി നല്‍കി. ഭാര്യയെ അനാവശ്യമായി അധിക്ഷേപിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ടിറ്റാഗഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈബറാക്രമണം അതികടന്നതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ നടിയുടെ ഭര്‍ത്താവ് രാജ് ചക്രവര്‍ത്തി പൊലീസില്‍ പരാതി നല്‍കിയത്.
പരിപാടിയില്‍ സുഭശ്രീ ഗാംഗുലിയെ പങ്കെടുപ്പിച്ചതു വരെ ചോദ്യം ചെയ്ത ചിലര്‍, ഇങ്ങനെയുള്ള 'വിഐപി'കള്‍ കാരണമാണ് കൊല്‍ക്കത്തയിലെ പരിപാടി അലങ്കോലമായതെന്നും ആരോപിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ മെസ്സിയെ ജനപ്രതിനിധികളും ഉന്നതോദ്യോഗസ്ഥരും മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വരെ ചുറ്റുംനിന്ന് വളഞ്ഞിരുന്നു. ഇതോടെ ആള്‍ത്തിരക്കില്‍ അസ്വസ്ഥനായ മെസ്സി സ്റ്റേഡിയത്തില്‍നിന്നു മടങ്ങുകയും ചെയ്തു. ഇതിനു പിന്നാലെ നിരാശരായ കാണികള്‍ ഗ്രൗണ്ട് കയ്യേറുകയായിരുന്നു. ഈ വിവാദങ്ങള്‍ക്കിടെ മെസ്സിക്കൊപ്പമുള്ള ചിത്രം സുഭശ്രീ പോസ്റ്റ് ചെയ്തതാണ് ചിലരെ ചൊടിപ്പിച്ചത്.
''ഒരു സിനിമാ നടി അവിടെ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു എന്നു ചോദിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ചില രാഷ്ട്രീയ നേതാക്കളോട്, ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു: ശുഭശ്രീ ഗാംഗുലിയെ നിങ്ങള്‍ക്ക് എത്രത്തോളം നന്നായി അറിയാം? ഒരു നടിയായത് അവളെ മെസ്സി ആരാധികയാകുന്നതില്‍ നിന്ന് അയോഗ്യയാക്കുമോ?'' രാജ് ചക്രവര്‍ത്തി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
''ശുഭശ്രീ ഒരു അമ്മയാണ്, ചിലപ്പോള്‍ സഹോദരിയാണ്, ചിലപ്പോള്‍ ഭാര്യയാണ്, ചിലപ്പോള്‍ നടിയാണ്, ചിലപ്പോള്‍ സുഹൃത്താണ്, ചിലപ്പോള്‍ ഒരു ആരാധിക മാത്രമാണ്. എല്ലാറ്റിനുമുപരി, അവര്‍ ഒരു മനുഷ്യനാണ്. എന്നിട്ടും, അടിസ്ഥാന മാനുഷികതയുടെ എല്ലാ അതിരുകളും മറികടന്ന്, രാഷ്ട്രീയ നേതാക്കളും ഒരു വിഭാഗം മാധ്യമങ്ങളും നടി ശുഭശ്രീ ഗാംഗുലിയെ ലക്ഷ്യം വച്ചുകൊണ്ട് മീമുകള്‍ സൃഷ്ടിച്ചും ട്രോള്‍ ചെയ്തും ഒരു ബദല്‍ ആഖ്യാനം സൃഷ്ടിച്ചു.'' രാജ് ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.




