ആലപ്പുഴ: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ നീലംപേരൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ സിപിഎം - ബിജെപി സംഘര്‍ഷം. കൈനടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡിവൈഎഫ്ഐ നേതാവിനുനേരേ വധശ്രമം. സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ.ആര്‍. രാംജിത്തിന് നേരേയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയുമായിരുന്ന രാംജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്ത് ഒന്‍പത് തുന്നിക്കെട്ടുകളാണ് രാംജിത്തിനുള്ളത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് രാംജിത്തിനെ ആക്രമിച്ചതെന്നാണ് ആരോപണം.

ജില്ലാ പഞ്ചായത്തില്‍ വെളിയനാട് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു രാംജിത്ത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ രാംജിത്ത് പരാജയപ്പെടുകയും സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയുംചെയ്തു. രാംജിത്തിന്റെ സ്വദേശമായ കൈനടി ഉള്‍പ്പെടുന്ന നീലംപേരൂര്‍ പഞ്ചായത്തില്‍ ഇത്തവണ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. വര്‍ഷങ്ങളായി എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തിലാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഇതിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ രാംജിത്തിന്റെ വീടിന് സമീപത്തുവെച്ച് പടക്കം പൊട്ടിച്ചെന്നും ഇത് ചോദ്യംചെയ്തതിനാണ് രാംജിത്തിനെ ആക്രമിച്ചതെന്നുമാണ് പരാതി. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷമാണ് സംഘര്‍ഷം നടന്നത്. പത്താം വാര്‍ഡില്‍ പരാജയപ്പെട്ട സിപിഎം സ്ഥാനാര്‍ഥിയുടെ വീട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സംഘര്‍ഷം. അതേസമയം, സിപിഎം സ്ഥാനാര്‍ഥിയും സമീപത്തെ വീട്ടുകാരുമായി ഉണ്ടായ വാക്ക് തര്‍ക്കം പരിഹരിക്കാന്‍ ചെന്നപ്പോള്‍ സിപിഎം നേതാക്കള്‍ എത്തുകയും പിന്നീട് സംഘര്‍ഷത്തിലേക്ക് പോവുകയുമായിരുന്നു എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.