കാസര്‍കോട്: കാസര്‍കോട് നഗര മദ്ധ്യത്തില്‍ നിന്ന് യുവാവിനെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയ സംഘം കര്‍ണ്ണാടകയിലെ സകലേഷ് പുരയില്‍ പിടിയില്‍. ജില്ലാ പൊലീസ് മേധാവി വൈ.ബി വിജയ് ഭരത് റെഡി കര്‍ണ്ണാടക, ഹൈദരാബാദ് പൊലീസുമായി ഇടപെട്ട് നടത്തിയ മിന്നല്‍ നീക്കമാണ് സംഘത്തെ കുടുക്കിയത്. യുവാവിനെയും തട്ടികൊണ്ടുപോയ സംഘത്തെയും രാത്രി വൈകി കാസര്‍കോട്ടെത്തിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് കാസര്‍ഗോട്ടെ ഉഡുപ്പി ഹോട്ടലിന് സമീപമാണ് നടകീയ സംഭവം നടന്നത്. ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷന്‍ കാറിലാണ് മേല്‍പ്പറമ്പ് സ്വദേശി ഹനീഫയെ ഒരു സംഘം തട്ടികൊണ്ടുപോയത്. നാലംഗ സംഘമാണ് ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞു.

ഇതോടെ ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയുടെ നിര്‍ദേശത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തലപ്പാടി വഴി ആന്ധ്രയിലേക്ക് കടക്കാന്‍ സാധ്യത ഉണ്ടെന്നു മനസ്സിലാക്കി കാസര്‍കോട് ജില്ലാ പൊലീസ് മേധാവി കര്‍ണാടക പോലീസിന്റെ സഹായം തേടി. ഉടന്‍ കര്‍ണാടക പൊലീസും അന്വേഷണം ആരംഭിച്ചു. ഒരു ചെക്ക് പോസ്റ്റില്‍ നിന്നും പോലീസ് വാഹനം കണ്ടെത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് കര്‍ണാടക പൊലീസ് മൂന്നു കിലോ മീറ്റര്‍ പിന്തുടര്‍ന്ന് സംഘത്തെ പിടികൂടുകയായിരുന്നു. ആന്ധ്രാ സ്വദേശികളായ നാല് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ആന്ധ്രാ രജിസ്‌ട്രേഷനില്‍ ഉള്ള വാഹനമടക്കം കസ്റ്റഡിയില്‍ എടുത്തു. മേല്‍പ്പറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്നെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

കൂടുതല്‍ കാര്യങ്ങള്‍ യുവാവിനെയും പ്രതികളെയും നാട്ടില്‍ എത്തിച്ചതിനു ശേഷം വ്യക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ രാത്രി തന്നെ കാസര്‍കോട്ട് എത്തിക്കുമെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട് ടൗണ്‍ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡുമാണ് കാസര്‍കോടേക്ക് പ്രതികളെ കൊണ്ടുവരുന്നത്.

ആന്ധ്ര രജിസ്‌ട്രേഷനിലുള്ള കാറില്‍ എത്തിയ സംഘം കറന്തക്കാട് ദേശീയപാതക്ക് സമീപമുള്ള ഉഡുപ്പി ഹോട്ടലിന് മുന്നില്‍ വെച്ചാണ് യുവാവിനെ കയറ്റിക്കൊണ്ടുപോയത്. എ പി 40 എ യു 4077 നമ്പര്‍ കാറില്‍ എത്തിയ സംഘത്തില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ഹോട്ടലിന്റെ സെക്യൂരിറ്റി ജീവനക്കാരും ഏതാനും നാട്ടുകാരുമാണ് സംഭവത്തിന് ദൃക്സാക്ഷികള്‍. സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസിന് നല്‍കിയ മൊഴിയാണ് സംഘത്തെ കണ്ടെത്താന്‍ പൊലീസിന് സഹായകമായത്.

ജീവനക്കാര്‍ ആണ് യുവാവിനെ ബലം പ്രയോഗിച്ചു കാറില്‍ കയറ്റിക്കൊണ്ടുപോയ വിവരം പൊലീസിനെ അറിയിച്ചത്. മാസ്‌ക്ക് ധരിച്ച സംഘം യുവാവിനെ കാറില്‍ ബലമായി കയറ്റുകയായിരുന്നു. സി സി ടി.വിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ചു കാര്‍ ഉച്ചക്ക് 12.30 മണിക്ക് തലപ്പാടി ടോള്‍ ബൂത്ത് കടന്നതായി വിവരം ലഭിച്ചു.

ജില്ലാ പൊലീസ് മേധാവി രണ്ടു സംസ്ഥാനങ്ങളിലെയും പൊലീസ് സേനയുമായി ബന്ധപ്പെട്ട് നടത്തിയ ഏകോപനമാണ് സംഘത്തെ സമര്‍ത്ഥമായി കുടുക്കാന്‍ സാധിച്ചത്. ആരും പരാതി നല്കിയിട്ടില്ലാത്തതിനാല്‍ യുവാവില്‍ നിന്നും സംഘത്തില്‍ നിന്നും മൊഴിയെടുത്തതിന് ശേഷം തുടര്‍നടപടിയെടുക്കും.