കോഴിക്കോട്: വടക്കന്‍ കേരളത്തെ പിടിച്ചുലച്ച മൈത്രി നിധി ലിമിറ്റഡ് സാമ്പത്തിക തട്ടിപ്പിന്റെ അന്വേഷണം എന്‍ഫോഴ്സ്‌മെന്റ് ഡയറക്റ്ററേറ്റ് ഏറ്റെടുത്തു. കോഴിക്കോട് പറയഞ്ചേരി ആസ്ഥാനമാക്കിയാണ് മൈത്രി നിധി ലിമിറ്റഡിന്റെ ഓഫീസ് പ്രവര്‍ത്തിച്ചു പോന്നിരുന്നത്. മലപ്പുറം ജില്ല യിലെ കവന്നൂര്‍ സ്വദേശി വലിയതൊടുവില്‍ ജമാലുദ്ദീന്‍, എടവണ്ണപാറ സ്വദേശി അന്‍വര്‍ പുതുതൊടീക്കാ, കോഴിക്കോട് കക്കോടി സ്വദേശി റയ്മന്‍ ജോസഫ് ബെഞ്ചമിന്‍, കൊയിലാണ്ടി നടേരി സ്വദേശി വലിയ പറമ്പില്‍ ബാബു, ഉള്ളിയേരി തെരുവത്ത് കടവ് സ്വദേശി മപ്പുറത്ത് ബിജു, പുതുക്കള്ളി പുറത്ത് സുജ, ഉള്ളിയേരി ഒറവില്‍ സ്വദേശി ലജിത്ത് കുമാര്‍, ഇദ്ദേഹത്തിന്റെ ഭാര്യ സീത തുടങ്ങിയവരായിരുന്നു ഇതിന്റെ പ്രധാന നടത്തിപ്പുകാര്‍.

പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ വിരുന്നൊരുക്കിയും, മോട്ടിവേഷന്‍ ക്ലാസുകള്‍ സംഘടിപ്പിച്ചും, ഒരു ലക്ഷം രൂപയ്ക്ക് മൂവായിരം രൂപ വീതം മാസപലിശ നല്‍കുമെന്നും പറഞ്ഞായിരുന്നു ഇവര്‍ നിക്ഷേപകരെ വലയിലാക്കിയത്. നിക്ഷേപകരില്‍ നിന്നും പണം കളക്ഷന്‍ ചെയ്യുന്ന ഏജന്റുമാര്‍ക്ക് പ്രോത്സാഹന സമ്മാനമായി വന്‍ തുകകള്‍ കമ്മീഷന്‍ ഇനത്തില്‍ നല്‍കുകയും, കൂടുതല്‍ പണം സ്വരൂപിച്ചു നല്‍കുന്നവര്‍ക്ക് കമ്പനി ചിലവില്‍ യൂറോപ്യന്‍ രാജ്യങ്ങിലേക്ക് ടൂര്‍ പോകാനുള്ള അവസങ്ങള്‍ നല്‍കുമെന്നും പറഞ്ഞായിരുന്നു കൂടുതല്‍ പേരെ ഇവര്‍ തട്ടിപ്പിനിരയാക്കിയത്.

വടക്കന്‍ കേരളത്തില്‍ നിന്നുമാത്രം നിരവധി പേരെ കബളിപ്പിച്ചു കൊണ്ട് ഏകദേശം 1,500 കോടിയിലേറെ രൂപ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് സംശയിച്ചു വരുന്നുണ്ട്. പണം നിക്ഷേപിച്ചവര്‍ക്ക് മൈത്രി നിധി ലിമിറ്റഡ്, കോക്ടാക്‌സ് ട്രെഡിങ് & സര്‍വീസസ്, അര്‍ത്ഥം ഇന്‍വെസ്റ്റ്മെന്റ് സൊല്യൂഷന്‍ തുടങ്ങിയ പേരുകളിലാണ് ഇവര്‍ റസ്സീറ്റ് (ബോണ്ട്) നല്‍കിയിരുന്നത്. മാസ പലിശയും, നിക്ഷേപിച്ച പണവും തിരികെ ലഭിക്കാതെ വന്നതോടെ നിക്ഷേപര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇപ്പോള്‍ ഈ കേസുകള്‍ അന്വേഷിക്കുന്നത്. ബിജു പാറോല്‍ (പ്രസിഡന്റ് ), പ്രഭാകരന്‍ പാനോളി (സെക്രട്ടറി) ശ്രീമതി ആശാ രശ്മി, ശ്രീമതി ജില, ശ്രീമതി പത്മിനി ടീച്ചര്‍ എന്നിവര്‍ അംഗങ്ങളായുള്ള ആക്ഷന്‍ കമ്മറ്റി നല്‍കിയ പരാതിയിന്മേലാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഈ കേസിന്റെ കേസന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.