ബെംഗളൂരു: കര്‍ണാടകയിലെ ശിവമൊഗയില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ മാല മോഷണം പോയി. പ്രതിഷേധക്കാരെ നീക്കം ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ അഞ്ച് പവന്റെ മാലയാണ് മോഷണം പോയത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു. നാഷനല്‍ ഹെറള്‍ഡ് കേസിലെ ഇഡി കുറ്റപത്രം റദ്ദാക്കിയ നടപടിയിലും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതും ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.

ബിജെപി ഓഫിസിനുമുന്നില്‍ പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ ഒഴിപ്പിക്കുന്നതിനിടെയാണ് എഎസ്‌ഐ അമൃത ഭായിയുടെ 40 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല പിന്നില്‍നിന്നും പൊട്ടിച്ചെടുത്തത്. മാല മോഷണം പോയതിനെ തുടര്‍ന്ന് സ്ഥലത്തു പൊലീസ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെടുക്കാന്‍ ആയില്ല. മാല നഷ്ടമായ ഉദ്യോഗസ്ഥയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം ആശ്വസിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്വര്‍ണമാല നഷ്ടപ്പെട്ട വിവരം അമൃത തന്നെയാണ് സഹപ്രവര്‍ത്തകരെ അറിയിച്ചത്. തുടര്‍ന്ന് പരിസരമാകെ തെരഞ്ഞെങ്കിലും മാല കണ്ടെത്താനായില്ല. തിരക്കിനിടയില്‍ ആരോ മാലയില്‍ പിടിച്ചു വലിക്കുകയായിരുന്നു എന്ന് അമൃത പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി നടപടിയിലും തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സമരം സംഘടിപ്പിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് ശിവമൊഗയിലെ ബിജെപി ഓഫീസിന് മുന്നിലും പ്രതിഷേധം നടന്നത്. ഈ പ്രതിഷേധക്കാരിലെ സ്ത്രീകളെ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയാണ് എഎസ്‌ഐ അമൃത. കുത്തിയിരിപ്പിന് ശേഷം ബാരിക്കേഡിന് മുകളില്‍ കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ എല്ലാവരെയും അറസ്റ്റ് ചെയ്തു.

ഇവരെ പിടികൂടി വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് അമൃതയ്ക്ക് കഴുത്തില്‍ കിടന്ന മാല നഷ്ടമായത്. മാല നഷ്ടപ്പെട്ടതോടെ വികാരാധീനയായ അമൃതയെ ആശ്വസിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തി.