കോഴിക്കോട് നഗരത്തില്‍ യാത്രകാരുടെ ജീവന് ഭീഷണിയായി സ്വകാര്യബസുകളുടെ മത്സരയോട്ടം. സമയക്രമം പാലിക്കാനായി സ്വകാര്യ ബസ് മറ്റു രണ്ടുബസുകളില്‍ മനപൂര്‍വം ഇടിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ഇന്നലെ രാവിലെ പത്തരയോടെ മാനാഞ്ചിറയിലാണ് സംഭവം. ഫറോക്ക് മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന ഗ്രീന്‍സ് ബസ്സാണ് മറ്റു രണ്ടു ബസുകളില്‍ ഇടിപ്പിച്ചത്. എന്നാല്‍ ബസിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഗ്രീന്‍സ് ബസ് ഇടിച്ചുകയറ്റിയതിന്റെ കാരണമെന്ന കീര്‍ത്തനം ബസുടമ ആരോപിച്ചു.

മെഡിക്കല്‍ കോളജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കീര്‍ത്തനം, ചന്ദ്രാസ് എന്ന ബസുകളിലാണ് ഗ്രീന്‍സ് ബസ് ഇടിച്ചുകയറ്റിയത്. അപകടമുണ്ടാക്കിയ ശേഷവും ബസ് സര്‍വീസ് നടത്തി. ബസ് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണമെന്നാണ് പറയപ്പെടുന്നത്. കോഴിക്കോട് മാനാഞ്ചിറയില്‍ വെച്ചാണ് ഫറോക്ക് റൂട്ടില്‍ ഓടുന്ന ഗ്രീന്‍സ് ബസ് കീര്‍ത്തന ബസിനെ ഇടിപ്പിച്ചത് . ഇടിയുടെ ആഘാതത്തില്‍ സമീപം നിര്‍ത്തിയിട്ട മറ്റൊരു ബസ്സിലും കീര്‍ത്തന ബസ് പോയി ഇടിക്കുകയായിരുന്നു.

രണ്ടു ബസുകളിലും യാത്രക്കാരുള്ളപ്പോഴാണ് സംഭവം . തന്റെ ബസ് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് മനഃപൂര്‍വമുള്ള ഇടിക്ക് പിന്നില്‍ എന്ന് കീര്‍ത്തന ബസ് ഉടമ ബിനോജ് പറയുന്നു. ചെറിയ വിലയ്ക്ക് തന്റെ ബസ് ഇവര്‍ ചോദിച്ചിരുന്നു എന്നും ഇതു താന്‍ സമ്മതിച്ചില്ല എന്നുമാണ് ബിനോജിന്റെ ആരോപണം. സംഭവത്തില്‍ ടൗണ്‍ പോലീസില്‍ ഇവര്‍ പരാതി നല്‍കി. സംഭവസമയത്ത് ട്രാഫിക് പൊലീസ് സ്ഥലത്തുണ്ടായിട്ടും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം തുടങ്ങി.