തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവര്‍ക്ക് പൊലീസ് മര്‍ദനമെന്ന് പരാതി. നാലാഞ്ചിറ സ്വദേശി ദസ്തക്കീര്‍ എന്നയാളെ മണ്ണന്തല പൊലീസ് മര്‍ദിച്ചെന്നാണു ആരോപണം. ഇയാള്‍ നിലവില്‍ ആശുപത്രിയിലാണ്. ഓട്ടോ ഡ്രൈവറായ ദസ്തക്കീര്‍ മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയതോടെ ഭാര്യ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്നു ദസ്തക്കീറിനെ സ്റ്റേഷനിലെത്തിച്ചു പൊലീസ് മര്‍ദിച്ചെന്നാണു കുടുംബത്തിന്റെ ആരോപണം. ജാമ്യത്തിലിറങ്ങിയ ദസ്തക്കീര്‍ വീട്ടിലെത്തിയത് അവശനിലയിലാണെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശരീരമാസകലം ലാത്തികൊണ്ടുള്ള മര്‍ദനമേറ്റ പാടുകളുമായാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മണ്ണന്തല പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് ആരോപണം. മര്‍ദനമേറ്റയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഇയാളെ മര്‍ദിച്ചിട്ടില്ലെന്നാണ പൊലീസ് പറയുന്നത്. മദ്യപിച്ച് ഭാര്യയേയും മക്കളെയും ഇയാള്‍ ആക്രമിച്ചെന്ന് പൊലീസിന് പരാതി കിട്ടിയിരുന്നു. ഭാര്യയുടെ പരാതിയിലാണ് ഇയാളെ പിടികൂടാന്‍ പൊലീസ് എത്തിയത്.

പൊലീസിനെ ആക്രമിച്ച് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. എന്നാല്‍ മര്‍ദനത്തില്‍ ഇയാള്‍ പരാതി നല്‍കിയിട്ടില്ല. നാളെ കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കുമെന്നാണ് പറയുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.

കുടുംബകലഹത്തെ തുടര്‍ന്ന് ദസ്തക്കീറിന്റെ ഭാര്യ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. വീട്ടിലെത്തിയ പൊലീസ് ദസ്തക്കീറിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടില്‍ വെച്ചും പിന്നീട് സ്റ്റേഷനില്‍ വെച്ചും ക്രൂരമായി മര്‍ദിച്ചുവെന്ന് ഇയാളുടെ മാതാവ് ആരോപിക്കുന്നു. തടിക്കഷണം ഉപയോഗിച്ച് വീട്ടില്‍ വെച്ച് മര്‍ദിച്ചെന്നും തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് ക്രൂരത തുടര്‍ന്നെന്നുമാണ് കുടുംബം പറയുന്നത്.

എന്നാല്‍ മര്‍ദനമേറ്റെന്ന വാര്‍ത്ത മണ്ണന്തല പൊലീസ് നിഷേധിച്ചു. ദസ്തക്കീര്‍ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മക്കളെയും മര്‍ദിക്കുന്നുവെന്ന പരാതിയിലാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും അതിനിടയില്‍ വീണപ്പോള്‍ ഉണ്ടായ പരുക്കുകളാണെന്നുമാണ് വാദം.