- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ലേഡീസ് കോച്ചില്‍ കയറിയ 50 കാരനോട് പുറത്തിറങ്ങണമെന്ന് ആവശ്യം; വാക്കുതര്‍ക്കത്തിന് പിന്നാലെ ആക്രമണം; 18 കാരിയായ വിദ്യാര്‍ഥിനിയെ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ടു
മുംബൈ: മുംബൈയില്‍ ലേഡീസ് കോച്ചില്‍ കയറിയ 50 കാരന്‍ 18 കാരിയായ വിദ്യാര്‍ഥിനിയെ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ടു. പന്‍വേല്‍-സിഎസ്എംടി ട്രെയിനിലാണ് ആക്രമണം ഉണ്ടായത്. വനിതാ യാത്രക്കാര്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ 50 കാരന്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നു. സംഭവത്തില്‍ പന്‍വേല്‍ ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് (ജിആര്‍പി) പ്രതി ഷെയ്ഖ് അക്തര്‍ നവാസിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂ പന്‍വേലിലെ ഉസര്‍ലി ഗ്രാമത്തില്‍ നിന്നുള്ള ശ്വേത മഹാദിക് ആണ് ആക്രമണത്തിനിരയായ വിദ്യാര്‍ഥിനി.
വ്യാഴാഴ്ച കോളജിലേക്കുള്ള യാത്രയിലായിരുന്നു ശ്വേതയും സുഹൃത്തും. രാവിലെ 7:59 ന് പന്‍വേല്‍-സിഎസ്എംടി ട്രെയിനിന്റെ ലേഡിസ് കംപാര്‍ട്‌മെന്റില്‍ കയറി. ഇതേ സ്റ്റേഷനില്‍ നിന്നാണ് പ്രതി നവാസും ലേഡിസ് കംപാര്‍ട്‌മെന്റില്‍ കയറിയത്. പിന്നാലെ സ്ത്രീ യാത്രക്കാര്‍ എതിര്‍ക്കുകയും ട്രെയിന്‍ എടുക്കുന്നതിന് മുന്‍പു തന്നെ ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നവാസ് ഇറങ്ങാന്‍ വിസമ്മതിച്ചു. പിന്നാലെ ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടുകയും ചെയ്തു. പിന്നാലെ വാക്കുതര്‍ക്കമായി. ഇതിനിടയിലാണ് കോച്ചിന്റെ ഫുട്‌ബോര്‍ഡിന് സമീപം നില്‍ക്കുകയായിരുന്ന ശ്വേതയെ നവാസ് പുറത്തേക്കുതള്ളിയിട്ടത്.
പന്‍വേല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റര്‍ അകലെവച്ചായിരുന്നു സംഭവം. വനിതാ യാത്രക്കാരാണ് ഉടന്‍ റെയില്‍വേ ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ വിവരം അറിയിക്കുന്നത്. പൊലീസ് ട്രാക്കിലൂടെ നടന്ന് സ്ഥലത്തെത്തിയെങ്കിലും അതിനകം ശ്വേതയെ പ്രദേശവാസികള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ശ്വേതയ്ക്ക് സാരമായി പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നവാസിനെ പിന്നാലെ ഖണ്ഡേശ്വര്‍ സ്റ്റേഷനില്‍ വെച്ച് ജിആര്‍പി പൊലീസ് നവാസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവത്തില്‍ നവാസിനെതിരെ ബിഎന്‍എസ് പ്രകാരം കൊലപാതകശ്രമത്തിനും ഇന്ത്യന്‍ റെയില്‍വേ ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. തനിക്ക് വീടില്ലെന്നും ഖാര്‍-ബാന്ദ്ര റോഡ് പ്രദേശത്താണ് താമസിക്കുന്നതെന്നുമാണ് നവാസ് പൊലീസിനോട് പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ പന്‍വേല്‍ സിറ്റി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളുടെ ബന്ധുക്കളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്.




