- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മകളുമായി പ്രണയബന്ധമെന്ന് സംശയം; അധ്യാപകന്‍ മുന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വെടിയേറ്റു മരിച്ചു; നെഞ്ചിലൂടെ തുളച്ചുകയറിയ വെടിയുണ്ട ഭിത്തിയില്‍ തറച്ച നിലയില്‍; ആരോപണവുമായി യുവാവിന്റെ പിതാവ്; കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് പൊലീസ്
പിലിബിത്ത്: മുന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അധ്യാപകന്‍ വെടിയേറ്റു മരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ പിലിബിത്തില്‍ വിരമിച്ച സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടറുടെ വീട്ടിലാണ് അധ്യാപകനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഖ്ദേവ് സിങ് (30) ആണ് കൊല്ലപ്പെട്ടത്. സുഖ്ദേവ് സിങ്ങിന്റെ നെഞ്ചിലൂടെ തുളച്ചുകയറിയ വെടിയുണ്ട ഭിത്തിയില്‍ തറച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിഐഎസ്എഫ് മുന്‍ ഉദ്യോഗസ്ഥനായ പുരണ്‍ സിങ്ങിന്റ വീട്ടിലാണ് സംഭവം നടന്നത്. പുരണ്‍ സിങ്ങിന്റ ഭാര്യ ഗുര്‍മീത് കൗറിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവയ്ക്കാന്‍ ഉപയോഗിച്ച റിവോള്‍വര്‍ പിടിച്ചെടുത്തു.
മകളുമായി പ്രണയബന്ധത്തിലായിരുന്നുവെന്ന് സംശയിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് അധ്യാപകന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. സിഐഎസ്എഫ് മുന്‍ ഉദ്യോഗസ്ഥനായ പുരണ്‍ സിങ്ങിന്റ വീട്ടില്‍ സുഖ്ദേവ് പതിവായി എത്താറുണ്ടായിരുന്നുവെന്നും അവിടെ ഐഇഎല്‍ടിസ് കോച്ചിങ് ക്ലാസുകള്‍ നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിയ ഇടപാടാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച സൂചനയെന്ന് പൊലീസ് സൂപ്രണ്ട് വിക്രം ദാഹിയ പറഞ്ഞു.
'ദേഷ്യത്തില്‍ സുഖ്ദേവ് തന്റെ റിവോള്‍വര്‍ പുറത്തെടുത്ത് വെടിയുതിര്‍ത്തു. ഒരു വെടിയുണ്ട എന്റെ ഭാര്യക്ക് കൊണ്ടു. അതിനുശേഷം അയാള്‍ സ്വയം നെഞ്ചില്‍ വെടിവയ്ക്കുകയായിരുന്നു.' പുരണ്‍ സിങ് പറഞ്ഞു. 'തന്റെ മകളുമായി സുഖ്ദേവിന് പ്രണയബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന പുരണ്‍ സിങ്, മകനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. പുരണ്‍ സിങ് എന്റെ മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.' സുഖ്ദേവിന്റെ പിതാവ് ഹര്‍ജീന്ദര്‍ സിങ് ആരോപിച്ചു.
സുഖ്ദേവിന്റെ പിതാവ് ഹര്‍ജീന്ദര്‍ സിങ്ങിന്റെ പരാതിയില്‍ പുരണ്‍ സിങ്ങിനും ഭാര്യ ഗുര്‍മീത് കൗറിനുമെതിരെ കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുടുംബം പ്രണയബന്ധം ആരോപിക്കുന്ന സാഹചര്യത്തില്‍ വെടിവയ്പ്പിലേക്ക് നയിച്ച യഥാര്‍ഥ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.




