അഹമ്മദാബാദ്: പ്രണയബന്ധത്തെ എതിര്‍ത്ത പിതാവിനെ പ്രായപൂര്‍ത്തിയാകാത്ത മകളും കാമുകനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. പതിനേഴുകാരിയായ മകള്‍ ഉറക്കഗുളിക കൊടുത്ത് ഉറക്കിയ ശേഷം കാമുകനെ വിളിച്ചുവരുത്തുകയായിരുന്നു. 45കാരനായ ഷന ചാവ്ഡയാണ് കൊല്ലപ്പെട്ടത്. ഫോണ്‍ കോളിനോട് പ്രതികരിക്കാതായതിനെ തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ചുവന്നപ്പോള്‍ ഷന ചാവ്ഡ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ശരീരം മുഴുവന്‍ കുത്തേറ്റതിന്റെ പാടുകള്‍ കണ്ടതോടെ പോലീസിനെ വിവരം അറിയിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.

ഷന ചാവ്ഡയുടെ കൊലപാതകത്തില്‍ മകളുടെ ആണ്‍സുഹൃത്തിന് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് സഹോദരന്‍ പോലീസിന് മൊഴി നല്‍കി. ഷന ചാവ്ഡയുടെ 17 വയസ്സ് പ്രായമുള്ള മകള്‍ 25 കാരനായ രഞ്ജിത്ത് വഘേല എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. മകള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പിതാവ് പ്രണയത്തെ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് മകള്‍ക്കും ആണ്‍സുഹൃത്തിനും ഷന ചാവ്ഡയോട് പകയുണ്ടായിരുന്നുവെന്നാണ് സഹോദരന്‍ പോലീസിന് നല്‍കിയ മൊഴി.

പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യത്തിന്റെ ചുരുളഴിയുന്നത്. തങ്ങളുടെ പ്രണയം അംഗീകരിക്കാത്തതില്‍ പെണ്‍കുട്ടിക്ക് പിതാവിനോട് കടുത്ത പകയുണ്ടായിരുന്നു. രഞ്ജിത്ത് വഘേല വരുമെന്ന് ഭയപ്പെടുന്നതിനാല്‍ രാത്രികാലങ്ങളില്‍ മകളെ ഭാര്യയ്ക്കൊപ്പം കിടത്തി ഷന ചാവ്ഡ മുറിയുടെ വാതില്‍ കുറ്റിയിടുമായിരുന്നു.

പെണ്‍കുട്ടി വ്യാഴാഴ്ച രാത്രി ഭക്ഷണത്തില്‍ ഉറക്ക ഗുളിക ചേര്‍ത്ത് പിതാവിനെ മയക്കിയശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ രഞ്ജിത്ത് വഘേലയെയും സുഹൃത്തായ ഭവ്യ വാസവയെയും വിളിച്ചു വരുത്തുകയായിരുന്നു. രഞ്ജിത്തും സുഹൃത്തും ചേര്‍ന്ന് ഷന ചാവ്ഡയെ വീടിന് പുറത്തേക്ക് എടുത്തുകൊണ്ടു പോവുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. ജനലിലൂടെ കൊലപാതകം കണ്ടുനിന്ന് പിതാവ് മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് പെണ്‍കുട്ടി കിടക്കാന്‍ പോയത്.

മൂന്നാമത്തെ ശ്രമത്തിലാണ് പെണ്‍കുട്ടി പിതാവിനെ കൊലപ്പെടുത്തിയതെന്ന് വഡോദര ജില്ലാ പോലീസ് സൂപ്രണ്ട് സുശീല്‍ അഗര്‍വാള്‍ പറഞ്ഞു. ഇതിന് മുന്‍പും മാതാപിതാക്കളെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് ഉറക്കഗുളിക കലര്‍ത്തി ഇരുവരെയും കൊല്ലാന്‍ ശ്രമിച്ചു. പക്ഷേ ആ പദ്ധതി പരാജയപ്പെട്ടു. കൊലപാതകം നടന്ന ദിവസം ഉറക്ക ഗുളിക കലര്‍ത്തിയ വെള്ളം അമ്മ തുപ്പിക്കളഞ്ഞതിനാല്‍ അവര്‍ രക്ഷപ്പെടുകയായിരുന്നു.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് രഞ്ജിത്തിനൊപ്പം പെണ്‍കുട്ടി ഇറങ്ങിപ്പോയപ്പോള്‍ പിതാവ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോക്സോ നിയമപ്രകാരം രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ജാമ്യത്തില്‍ പുറത്തിറങ്ങിയശേഷം, വീണ്ടും ബന്ധം സ്ഥാപിക്കുകയും പിതാവിനെ കൊന്ന് ഓടിപ്പോകാന്‍ പദ്ധതിയിടുകയും ചെയ്തു. ഉറക്കഗുളികകളുടെ ഉറവിടവും കുറ്റകൃത്യത്തില്‍ ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കൂടാതെ മറ്റാര്‍ക്കെങ്കിലും പദ്ധതിയെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.