- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ഡിജിറ്റല്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി സ്റ്റേഷനില്‍ വരാതെ അന്വേഷണം; യൂണിഫോം ധരിച്ചെത്തി വീഡിയോ കോളും; ഭയന്നുവിറച്ച 85കാരന് നഷ്ടമായത് ഒന്‍പത് കോടി രൂപ; മുംബൈയിലെ ഡിജിറ്റല്‍ അറസ്റ്റില്‍ അന്വേഷണം
മുംബൈ: മുംബൈയില്‍ ഡിജിറ്റല്‍ അറസ്റ്റെന്ന പേരില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. മുംബൈയിലെ താക്കൂര്‍ദ്വാര്‍ സ്വദേശിയായ 85കാരനെ ഡിജിറ്റല്‍ അറസ്റ്റ് ഭീഷണിയില്‍ കുടുക്കി 9 കോടി രൂപ ഇത്തവണ തട്ടിപ്പുകാര്‍ തട്ടിയെടുത്തു. മുംബൈ പൊലീസെന്ന വ്യാജേനയാണ് പ്രതികള്‍ വയോധികനെ സമീപിച്ചത്. 'ഡിജിറ്റല്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി സ്റ്റേഷനില്‍ വരാതെ തന്നെ ഈ അന്വേഷണം നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
നവംബര്‍ 28-നാണ് തട്ടിപ്പിന് ആധാരമായ ആദ്യ ഫോണ്‍ കോള്‍ വയോധികനെ തേടിയെത്തുന്നത്. നാസിക് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറാണെന്ന് പരിചയപ്പെടുത്തിയ വ്യക്തി, വയോധികന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റൊരാള്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും ആ അകൗണ്ട് വഴി കള്ളപ്പണം വെളുപ്പിക്കലിനും നിരോധിത സംഘടനയായ പി.എഫ്.ഐക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പറഞ്ഞ് വയോധികനെ ഭീഷണിപ്പെടുത്തി.
സി.ബി.ഐയും പ്രത്യേക അന്വേഷണ സംഘവും (എസ്.ഐ.ടി) കേസ് അന്വേഷിക്കുന്നുണ്ടെന്നും തുടര്‍ നടപടികളുടെ ഭാഗമായി ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഇയാള്‍ വയോധികനെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് വാട്‌സ്ആപ്പ് വഴി യൂണിഫോം ധരിച്ച ഒരാള്‍ വയോധികനെ വീഡിയോ കോളില്‍ വിളിക്കുകയും ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ ഇയാളെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.
സംഭവത്തില്‍ ഭയന്നുപോയ വയോധികന്‍ തന്റെ ബാങ്ക് ബാലന്‍സ്, മ്യൂച്വല്‍ ഫണ്ട്, ഓഹരി നിക്ഷേപം, ഫിക്‌സഡ് ഡെപ്പോസിറ്റ് എന്നിവയുടെ വിവരങ്ങളെല്ലാം തട്ടിപ്പുകാര്‍ക്ക് നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി സുപ്രീം കോടതിയുടെയും ആര്‍.ബി.ഐയുടെയും പേരിലുള്ള വ്യാജ രേഖകള്‍ അയച്ചുനല്‍കിയ പ്രതികള്‍, നിക്ഷേപങ്ങളെല്ലാം കോടതിയുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും അന്വേഷണം കഴിഞ്ഞാല്‍ പലിശയടക്കം തിരിച്ചുനല്‍കുമെന്നും അറിയിച്ചു. ഇതനുസരിച്ച് ഡിസംബര്‍ 1 മുതല്‍ 17 വരെയുള്ള കാലയളവില്‍ തന്റെ വിവിധ നിക്ഷേപങ്ങള്‍ പിന്‍വലിച്ച് 9 കോടി രൂപ ആര്‍.ടി.ജി.എസ് (RTGS) വഴി ഐ.സി.ഐ.സി.ഐ, ആക്‌സിസ്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകളിലെ വിവിധ അക്കൗണ്ടുകളിലേക്ക് വയോധികന്‍ കൈമാറി.
ഡിസംബര്‍ 22ന് വീണ്ടും 3 കോടി രൂപ ആവശ്യപ്പെട്ടതോടെ വയോധികന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗിര്‍ഗാവ് ബ്രാഞ്ചിലെത്തി. സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥര്‍ ഇടപാട് തടയുകയും വയോധികന്റെ ബന്ധുക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. കുടുംബാംഗങ്ങള്‍ എത്തിയപ്പോഴാണ് താന്‍ വലിയൊരു തട്ടിപ്പിന് ഇരയായ വിവരം വയോധികന്‍ തിരിച്ചറിയുന്നത്. ഉടന്‍ തന്നെ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് പരാതി നല്‍കി. മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




