- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: നടന്‍ ജയസൂര്യക്ക് ലഭിച്ചത് ഒരു കോടി രൂപയെന്ന് ഇഡി; കരാര്‍ രേഖകളും അക്കൗണ്ട് വിവരങ്ങളും ഹാജരാക്കണം; വീഴ്ച വന്നാല്‍ ജയസൂര്യയുടെ അറസ്റ്റ്; കൂടുതല്‍ സിനിമാക്കാര് അന്വേഷണ പരിധിയില്‍
കൊച്ചി: ഓണ്‍ലൈന്‍ ലേല ആപ്പായ 'സേവ് ബോക്സ്' തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നടന്‍ ജയസൂര്യയിലേക്ക് നീളുന്നു. കേസിലെ പ്രധാന പ്രതി സ്വാതിക് റഹ്‌മാന്റെ കമ്പനികളില്‍ നിന്ന് ജയസൂര്യയുടെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ എത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട കരാര്‍ രേഖകളും അക്കൗണ്ട് വിവരങ്ങളും ഹാജരാക്കാന്‍ താരത്തിന് നിര്‍ദ്ദേശം നല്‍കി. ജനുവരി ഏഴിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സമന്‍സ്.
തട്ടിപ്പില്‍ ഉള്‍പ്പെട്ട സേവ് ബോക്സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ജയസൂര്യ. ഈ ഇനത്തില്‍ ലഭിച്ച പ്രതിഫലമാണ് ഒരു കോടി രൂപയെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി. എന്നാല്‍ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത തേടുന്നതിനാണ് താരത്തെ വീണ്ടും ചോദ്യം ചെയ്യുന്നത്. ഇത് മൂന്നാം തവണയാണ് ജയസൂര്യയെ ഇഡി വിളിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് താരത്തിന്റെ ഭാര്യ സരിതയെയും നേരത്തെ ചോദ്യം ചെയ്തിരുന്നു.
വിവിധയിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത കേസിലാണ് സേവ് ബോക്സ് സ്ഥാപകന്‍ വിയ്യൂര്‍ സ്വദേശി സ്വാതിക് റഹ്‌മാന്‍ അറസ്റ്റിലായത്. ഷൊര്‍ണൂര്‍ റോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഈ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പേരില്‍ വന്‍തോതില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലേലത്തിലൂടെ സ്വന്തമാക്കാം എന്ന വാഗ്ദാനമാണ് ആപ്പിലൂടെ നല്‍കിയിരുന്നത്. കേസില്‍ ജയസൂര്യയെ കൂടാതെ കൂടുതല്‍ സിനിമാ താരങ്ങള്‍ക്ക് പങ്കുണ്ടോ എന്നും ഇഡി പരിശോധിച്ചുവരികയാണ്.
തൃശ്ശൂര്‍ വിയ്യൂര്‍ സ്വദേശിയായ സ്വാതിക് റഹ്‌മാന്‍ 'സേവ് ബോക്‌സ്' (Save Box) എന്ന ഓണ്‍ലൈന്‍ ലേല ആപ്പിന്റെ സ്ഥാപകനാണ്. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലേലത്തിലൂടെ സ്വന്തമാക്കാമെന്ന് വിശ്വസിപ്പിച്ച് ആയിരക്കണക്കിന് ആളുകളെയാണ് ഇയാള്‍ ചതിയില്‍പ്പെടുത്തിയത്. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസികള്‍ നല്‍കാമെന്നും വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാമെന്നും വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തു. ആപ്പ് വഴി ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കാതെ വഞ്ചിച്ചു.
താരപരിവേഷം: സിനിമാ താരങ്ങളെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കി വിശ്വാസ്യത നേടിയെടുക്കുകയായിരുന്നു ഇയാളുടെ രീതി. ഇതിന്റെ ഭാഗമായാണ് നടന്‍ ജയസൂര്യയ്ക്ക് ഒരു കോടി രൂപ നല്‍കിയതെന്ന വിവരം ഇഡി പുറത്തുവിട്ടത്.




