- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സാന്‍വിച്ചില്‍ ചിക്കനെച്ചൊല്ലി കയ്യാങ്കളി; മര്‍ദ്ദനമേറ്റ് ആശുപത്രിയിലായ മാനേജരുടെ പണിയും പോയി; ഫോര്‍ട്ട് കൊച്ചി സ്വദേശിയെ പിരിച്ചുവിട്ട് ചിക്കിംഗ്; അക്രമത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ്
കൊച്ചി: എറണാകുളം എംജി റോഡിലെ ചിക്കിംഗില്‍ സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന പരാതിയുടെ പേരില്‍ വിദ്യാര്‍ത്ഥികളുമായുണ്ടായ അടിപിടിക്ക് പിന്നാലെ ചിക്കിങ്ങ് മാനേജരെ പിരിച്ചുവിട്ടു. സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മാനേജറായ ജോഷ്വായെ പുറത്താക്കിയത്. ഒരു തരത്തിലുള്ള അക്രമത്തേയും പ്രോത്സാഹിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഭവത്തിന് പിന്നാലെ മാജേജര്‍ക്കും സ്ഥാപനത്തിനുമെതിരെ വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് നടപടി.
ഭക്ഷണം കഴിക്കാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സഹോദരങ്ങളും മാനേജരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ചിക്കിങ്ങില്‍ സംഘര്‍ഷം ഉണ്ടായത്. കൊച്ചിയില്‍ സിബിഎസ്ഇ സ്‌കൂള്‍ സംസ്ഥാന കായികമേളയില്‍ പങ്കെടുക്കാനെത്തിയ കുട്ടികളാണ് ഭക്ഷണം കഴിക്കാനെത്തിയതോടെ മാനേജരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. സാന്‍വിച്ചില്‍ ചിക്കന്‍കുറവാണെന്ന് പറഞ്ഞതോടെ മാനേജര്‍ കുട്ടികളെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കുട്ടികള്‍ സഹോദരന്‍മാരെ വിളിച്ചുവരുത്തിയതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെ കത്തിയുമായി മാനേജര്‍ ഭീഷണിപ്പെടുത്തിയതോടെ ഇരുകൂട്ടരും തമ്മില്‍ കൈയ്യാങ്കളിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയത്. ഇരുവിഭാഗത്തിന്റെ പരാതിയില്‍ എറണാകുളം സെട്രല്‍ പൊലീസ് കേസ് എടുത്തിരുന്നു. കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതിന് മാനേജര്‍ക്കെതിരെയും മാനേജരെ കയ്യേറ്റം ചെയ്തതിന് വിദ്യാര്‍ഥികള്‍ക്കെതിരെയുമാണ് കേസെടുത്തത്.
ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ് ജോഷ്വാ. കൊച്ചി എം ജി റോഡിലെ ചിക്കിംഗ് മാനേജറായിരുന്ന ഇയാള്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ഇപ്പോള്‍ ചികിത്സയിലാണ്. ജീവനക്കാര്‍ക്ക് നല്‍കുന്ന പരിശീലനത്തില്‍ മാറ്റം വരുത്തുമെന്നും കമ്പനി പറഞ്ഞു.
സാന്‍വിച്ചില്‍ പേരിനു പോലും ചിക്കന്‍ ഇല്ലല്ലോ എന്ന് ജീവനക്കാരോട് വിദ്യാര്‍ത്ഥികളുടെ പരാതി പറഞ്ഞു. തുടര്‍ന്ന് വാക്കു തര്‍ക്കത്തില്‍ എത്തി. ബഹളം കൂടിയതോടെ വിദ്യാര്‍ഥികള്‍ കടയില്‍നിന്ന് ഇറങ്ങി. ജീവനക്കാര്‍ ഭീഷണിപ്പെടുത്തി എന്നും കാര്യം ചോദിക്കണമെന്നും ചേട്ടന്‍മാരെ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളായ സഹോദരന്മാര്‍ കടയിലേക്ക് പാഞ്ഞ് എത്തി. അതോടെ സാഹചര്യം മാറി. ചോദ്യങ്ങളും ഉത്തരങ്ങളും കയ്യാങ്കളിയിലായി. പിന്നാലെ ചിക്കിംഗ് മാനേജര്‍ അടുക്കളയിലേക്ക് ഓടി കത്തിയുമായി വന്നു. വെല്ലുവിളിക്കിടെ മാനേജറെ എതിര്‍സംഘം കസേര കൊണ്ട് കീഴ്‌പെടുത്തി. മര്‍ദിച്ചു.
പരിക്കുകളുമായി ഇരുകൂട്ടരും ആശുപത്രിയില്‍ ചികിത്സ തേടി. സെന്‍ട്രല്‍ പൊലീസില്‍ വിവരം അറിഞ്ഞ് എത്തിയപ്പോഴേക്കും പരാതിയുമായി രണ്ട് സംഘങ്ങളും എത്തി. വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം എത്തിയവര്‍ തന്റെ മൊബൈല്‍ തട്ടിപ്പറിച്ച് ഓടിയെന്നും ജീവന്‍ രക്ഷിക്കാനാണ് കത്തി എടുക്കേണ്ടി വന്നതെന്നും മാനേജറുടെ മൊഴി. ചിക്കിംഗ് ജീവനക്കാരാണ് കയ്യേറ്റം തുടങ്ങിയതെന്നാണ് മറു പക്ഷത്തിന്റെ വാദം.




