- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന പാളയം വാര്‍ഡില്‍ മാത്രം 12.90 കോടി രൂപ കുടിശ്ശിക; കോര്പറേഷന് ജീവനക്കാരെ വിരട്ടാന്‍ പാര്‍ട്ടി ഗുണ്ടകള്‍! തിരുവനന്തപുരം കോര്‍പറേഷനിലെ അഴിമതിക്കഥകള്‍ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന് വസ്തു നികുതി ഇനത്തില്‍ പിരിച്ചെടുക്കാനുള്ളത് കോടിക്കണക്കിന് രൂപ. സ്വകാര്യ കെട്ടിടങ്ങള്‍, സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് കോടികളാണ് പിരിച്ചെടുക്കാനുള്ളത്. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ 2023-24 ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. വാടകയും നികുതിയും ലേലത്തുകയും യഥാസമയം പിരിച്ചെടുക്കാത്തതിനാല്‍ വന്‍ വരുമാന ചോര്‍ച്ചയാണ് കോര്‍പറേഷന് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷത്തെ കുടിശ്ശികയും കൂടി ചേര്‍ന്ന് 107.91 കോടി രൂപയാണ് ലഭിക്കാനുള്ളത്. ഏറ്റവും കൂടുതല്‍ പിരിച്ചെടുക്കാനുള്ള 10 വാര്‍ഡുകളിലെ 3058 കെട്ടിടങ്ങളിലെ കുടിശ്ശിക 37.84 കോടി രൂപ. കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന പാളയം വാര്‍ഡില്‍ നിന്ന് മാത്രം 827 കെട്ടിടങ്ങളില്‍ നിന്ന് 12.90 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ട്.
നഗരസഭയുെട ഒരു പ്രധാന വരുമാന സ്രോതസായ വസ്തുനികുതിയിനത്തില്‍ വന്‍കുടിശ്ശികയാണ് പിരിച്ചെടുക്കാന്‍ അവശേഷിക്കുന്നത്. നഗരസഭയുടെ മുപ്പതോളം വാര്‍ഡുകളിലായുള്ള അനധികൃത ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ ഉള്‍പ്പെടയുള്ള അനധികൃത കെട്ടിടങ്ങള്‍, മറ്റ് വാണിജ്യ കെട്ടിടങ്ങള്‍, സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങള്‍, മൊബൈല്‍ ടവറുകള്‍ എന്നിവയുടെ വസ്തുനികുതി പരിശോധനയില്‍ 61.09കോടി (61,09,99,750 രൂപ) രൂപയുടെ കുടിശ്ശികയാണ് കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ കെട്ടിടങ്ങളില്‍ കൂടുതലും സിപിഎം പ്രാദേശിക നേതാക്കളോ അനുഭാവികളോ ലേലത്തിന് എടുത്തവയും. ബിനാമി പേരില്‍ വന്‍കിട സിപിഎം നേതാക്കള്‍ ലേലത്തിന് എടുത്തിട്ടുള്ളവയും ഇക്കൂട്ടത്തിലുണ്ട്.
നഗരസഭ മെയിന്‍ ഓഫീസ് പരിധിയിലെ കെട്ടിടങ്ങളുടെ വാടക കുടിശ്ശിക 1,54,97,901 രൂപ. കടകംപള്ളി സോണല്‍ ഓഫീസ് പരിധിയിലെ കടമുറികളുടെ വാടക ഈടാക്കിയിട്ടില്ല. പാര്‍ക്കിങ് ഏരിയ, മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി ഹാള്‍ എന്നിവയുടെ ലേലത്തുകയിലും 10 ലക്ഷത്തോളം രൂപ പിരിച്ചെടുക്കാന്‍ അവേശഷിക്കുന്നു. ഇവയെല്ലാം സിപിഎം ബിനാമികളായ ഗുണ്ടകളെ വച്ചാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കുടിശ്ശിക ചോദിച്ചാല്‍ ജീവനക്കാരെ ഗുണ്ടകള്‍ വിരട്ടുന്നതും പതിവാണ്.
കോര്‍പറേഷന്‍ പരിധിയിലുള്ള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ വസ്തു നികുതി കുടിശ്ശിക 50,18,98,383 രൂപയാണ്. 1994ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് 233 പ്രകാരം ഒഴിവാക്കപ്പെട്ടിട്ടില്ലാത്ത കെട്ടിടങ്ങള്‍ക്ക് വസ്തു നികുതി ചുമത്തേണ്ടതാണ്. കൂടാതെ സെക്ഷന്‍ 235 പ്രകാരം വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള കെട്ടിടങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളെ ഉള്‍പ്പെടുത്തിയിട്ടുമില്ല. ചതുരശ്ര അടിക്ക് 22 രൂപയാണ് മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്ക്. കൂടിശ്ശിക സംബന്ധിച്ചുള്ള കെട്ടിടങ്ങളുടെ വിശദ വിവരങ്ങള്‍ ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ 2024 ജനുവരി ഒന്നു മുതല്‍ സഞ്ചയ സോഫറ്റ്്വെയര്‍ നിലവില്‍ ഇല്ലാത്തതിനാല്‍ ലഭ്യമല്ലെന്നാണ് കോര്‍പറേഷന്‍ അധികൃതരുടെ മറുപടി. എങ്കിലും ലഭ്യമായ രേഖകള്‍ പ്രകാരം സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നാളിതുവരെ 50.18 കോടി രൂപ നികുതി കുടിശ്ശികയുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.




