- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഡോക്ടര്‍ക്ക് പറ്റിയത് കൈയബദ്ധമല്ല, കൊടും ക്രൂരത! നിയമസഭയില്‍ കുറ്റസമ്മതം നടത്തിയിട്ടും സര്‍ക്കാര്‍ ജോലിയോ നഷ്ടപരിഹാരമോ നല്‍കാതെ സര്‍ക്കാര്‍; ജനറല്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവില്‍ ഇനി നിയമപോരാട്ടം; അധികൃതര്‍ക്കെതിരെ തുറന്നടിച്ച് സുമയ്യ
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയിട്ടും അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ നിയമനടപടിക്ക് സുമയ്യ. സര്‍ക്കാര്‍ ജോലിക്കും നഷ്ടപരിഹാരത്തിനും താന്‍ അര്‍ഹയാണെന്നും എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയൊന്നും എടുക്കാത്തതുകൊണ്ടുതന്നെ താന്‍ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും സുമയ്യ വ്യക്തമാക്കി. ഗൈഡ് വയറുമായി ബന്ധപ്പെട്ട് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് സുമയ്യ ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വിഷയങ്ങളിലൊന്നും ആശുപത്രി അധികൃതരോ സര്‍ക്കാരോ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല എന്നാണ് സുമയ്യയുടെയും കുടുംബത്തിന്റെയും പരാതി.
സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ കീഹോള്‍ വഴി പുറത്തെടുക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഗൈഡ് വയറിന്റെ ഭാഗങ്ങള്‍ ഞരമ്പുമായി ഒട്ടിച്ചേര്‍ന്ന നിലയിലാണ് ശരീരത്തിനുള്ളില്‍ ഇരിക്കുന്നത്. ഇത് ശരീരത്തിനുള്ളില്‍ ഇരിക്കുന്നതുകൊണ്ട് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ല എന്ന അഭിപ്രായത്തിലാണ് ഡോക്ടര്‍മാര്‍. എന്നാല്‍ ഈ വിഷയത്തില്‍ ആശങ്കയുണ്ട് എന്ന് സുമയ്യയുടെ കുടുംബം പറയുന്നു.
സുമയ്യയുടെ വാക്കുകള്‍; 'ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡ് സര്‍ജറിക്ക് വിധേയമായി അഡ്മിറ്റ് ചെയ്തു. അഞ്ചുദിവസം കഴിഞ്ഞ് സര്‍ജറി നടന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞ് മുന്നോട്ടുപോയപ്പോള്‍ സ്‌കാനിങ് ചെയ്തപ്പോള്‍ എന്റെ നെഞ്ചിനുള്ളില്‍ 50 സെന്റിമീറ്റര്‍ നീളമുള്ള ഗൈഡ് വെയര്‍ തെളിഞ്ഞു കണ്ടതായി സ്‌കാനിങ് റിപ്പോര്‍ട്ടില്‍ കാണിച്ചു. അതിനുശേഷം എന്നെ സര്‍ജറി ചെയ്ത രാജീവ് കുമാര്‍ ഡോക്ടറെ കാണുകയും ഡോക്ടര്‍ സര്‍ജറിക്ക് ഇടയില്‍ കൈയബദ്ധം പറ്റിയതാണെന്ന് പറയുകയും ചെയ്തു.
ചികിത്സയുടെ ഭാഗമായിട്ട് രാജീവ് കുമാര്‍ ഡോക്ടര്‍ തന്നെ ശ്രീചിത്രയിലും മെഡിക്കല്‍ കോളേജിലും ഗെയ്ഡ് വയര്‍ തിരിച്ചെടുക്കുന്നതിന് വേണ്ടിയുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരെ പല പ്രാവശ്യം കാണുകയും ചെയ്തു. അതിനുശേഷം ആരോഗ്യവകുപ്പോ ഡോക്ടര്‍മാരോ ഒരു ഇടപെടല്‍ നടത്താതെ വന്നപ്പോള്‍ ഞാന്‍ മാധ്യമങ്ങളെ അറിയിക്കുകയും എന്നെ ചികിത്സിച്ച ഡോക്ടര്‍ രാജീവ് കുമാറിനെതിരെ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കു കയും ചെയ്തു.
മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി എന്നിവര്‍ക്കും, പ്രതിപക്ഷ നേതാവിനെയും മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും കണ്ട് നേരിട്ട് പരാതി കൊടുക്കുകയും ചെയ്തു. അതിനുശേഷം നിയമസഭയില്‍ ഇക്കാര്യം ചര്‍ച്ചാവിഷയമാകുകയും ചെയ്തു. ഡോക്ടറിന് വീഴ്ച്ച പറ്റിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടും ഇതുവരെയും യാതൊരുവിധ നടപടിയും ഡോക്ടറിനെതിരെ എടുത്തിട്ടില്ല.
എന്റെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ എടുക്കാന്‍ മെഡിക്കല്‍ കോളേജില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ശ്രമിച്ചിട്ടും നടന്നില്ല. ഇനിയും അത് എടുക്കാന്‍ കഴിയില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഞാന്‍ മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങളില്‍ എനിക്ക് സര്‍ക്കാര്‍ ജോലിയോ നഷ്ടപരിഹാരമോ തരാന്‍ ആരോഗ്യവകുപ്പോ സര്‍ക്കാരോ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ ഒരു സര്‍ക്കാര്‍ ജോലിക്കും നഷ്ടപരിഹാരത്തിനും എനിക്ക് അര്‍ഹതയുണ്ട്. സര്‍ക്കാര്‍ ജോലി നല്‍കുന്നതിനെക്കുറിച്ചോ, നഷ്ടപരിഹാരത്തുക നല്‍കുന്നതിനെക്കുറിച്ചോ സര്‍ക്കാര്‍ ഇപ്പോഴും ഒന്നും പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ നിയമപരമായി കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.' സുമയ്യ വ്യക്തമാക്കി.




