ന്യൂഡല്‍ഹി: തീര്‍ഥാടനത്തിന്റെ മറവില്‍ പാക്കിസ്ഥാനിലെത്തി പാക് പുരുഷനെ വിവാഹം കഴിച്ച പഞ്ചാബ് യുവതി സരബ്ജിത് കൗറിനെ നാടുകടത്തും. പഞ്ചാബ് സ്വദേശിനി സരബ്ജിത് കൗര്‍ വാഗ അതിര്‍ത്തിയിലെത്തി. തല്‍വണ്ടി ചൗധരിയാന്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള കപൂര്‍ത്തല ജില്ലയിലെ അമാനിപുര്‍ ഗ്രാമത്തിലെ 52 വയസ്സുകാരിയാണ് കൗര്‍. ഗുരുനാനാക്കിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പാക്കിസ്ഥാനിലേക്ക് തീര്‍ഥാടനയാത്ര നടത്തിയ സരബ്ജിത്, പിന്നീട് പാക് പുരുഷനെ വിവാഹം കഴിക്കുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു.

ഗുരുനാനാക്കിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2025 നവംബര്‍ നാലിന് 1,932 അംഗങ്ങളടങ്ങിയ സിഖ് ജാഥയുടെ ഭാഗമായി പാക്കിസ്ഥാനിലേക്ക് തീര്‍ഥാടനയാത്ര പുറപ്പെട്ടതായിരുന്നു ഇവര്‍. നവംബര്‍ 13-ന് സംഘം തിരിച്ചെത്തിയെങ്കിലും കൗര്‍ പാക്കിസ്ഥാനില്‍ തുടര്‍ന്നു. പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും നൂര്‍ ഹുസൈന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. നവംബര്‍ അഞ്ചിനാണ് ഷെയ്ഖുപുരയില്‍നിന്നുള്ള നാസിര്‍ ഹുസൈനെ വിവാഹം കഴിച്ചത്.

തിങ്കളാഴ്ച നങ്കാന സാഹിബിനടുത്തുള്ള ഒരു ഗ്രാമത്തില്‍വെച്ച് കൗറിനേയും നാസിറിനേയും പാക് ഇന്റലിജന്‍സ് ബ്യൂറോയും പ്രാദേശിക പോലീസും അറസ്റ്റുചെയ്തു. പാക്കിസ്ഥാന്‍ സിഖ് ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (പിഎസ്ജിപിസി) പ്രസിഡന്റും പഞ്ചാബ് മന്ത്രിയുമായ രമേഷ് സിങ് അറോറ അറസ്റ്റ് സ്ഥിരീകരിക്കുകയും അവരുടെ സിംഗിള്‍ എന്‍ട്രി വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ ഇന്ത്യയിലേക്ക് നാടുകടത്താന്‍ തയ്യാറെടുക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു.

ഇവരുടെ വിവാഹ കരാറായ 'നികാഹ്നാമ'യും ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുബായില്‍ ജോലി ചെയ്യുന്നതിനിടെയാണ് നസീറിനെ പരിചയപ്പെട്ടതെന്നും ഒന്‍പത് വര്‍ഷത്തെ ബന്ധമുണ്ടെന്നും അവര്‍ വീഡിയോയില്‍ അവകാശപ്പെട്ടു. താന്‍ വിവാഹമോചിതയാണെന്നും മുന്‍ വിവാഹത്തില്‍ രണ്ട് ആണ്‍മക്കളുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

ഗ്രാമത്തിലുള്ളവര്‍ പറയുന്നത് സരബ്ജിത് അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരിയാണെന്നാണ്. അവര്‍ താമസിക്കുന്ന ഹവേലിക്ക് ചുറ്റുമുള്ളവരുമായി അവര്‍ക്ക് വലിയ ബന്ധമില്ലായിരുന്നു. സുല്‍ത്താന്‍പൂര്‍ ലോധിയില്‍ ഇവരുടെ കുടുംബത്തിനെതിരെ വേശ്യാവൃത്തി ഉള്‍പ്പെടെ പത്തിലധികം കേസുകള്‍ ഉണ്ടെന്നും പറയപ്പെടുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് തീര്‍ത്ഥാടനത്തിന് അനുമതിയില്ലാത്ത സാഹചര്യത്തില്‍, പോലീസ് വെരിഫിക്കേഷന് ശേഷം ഇവര്‍ക്ക് എങ്ങനെ വിസ ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

പാക്കിസ്ഥാനിലെ ഇമിഗ്രേഷന്‍ ഫോമില്‍ തന്റെ ദേശീയത, പാസ്പോര്‍ട്ട് നമ്പര്‍ തുടങ്ങിയ പ്രധാന വിവരങ്ങള്‍ ഇവര്‍ മറച്ചുവെച്ചതായും ആരോപണമുണ്ട്. നസീറിനൊപ്പം ഒളിവില്‍ പോയതിന് ശേഷം ഇവരെ കണ്ടെത്താന്‍ ഇത് തടസ്സമായി. പാക്കിസ്ഥാനില്‍ നിന്നുള്ള എക്‌സിറ്റ് റെക്കോര്‍ഡുകളിലോ ഇന്ത്യയിലേക്കുള്ള എന്‍ട്രി റെക്കോര്‍ഡുകളിലോ ഇവര്‍ ഇല്ലാതിരുന്നതിനാല്‍ ആദ്യം കാണാതായതായിട്ടാണ് കരുതിയിരുന്നത്. പിന്നീട് വിവാഹ വാര്‍ത്ത പുറത്തുവന്നതോടെയാണ് സത്യാവസ്ഥ വ്യക്തമായത്.