- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പോറ്റിക്ക് ലക്ഷങ്ങള്‍ കൈമാറിയതായി സംശയിക്കുന്ന സ്പോണ്‍സര്‍ രമേശ് റാവുവിനെ ചോദ്യം ചെയ്യും; ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള മറ്റ് ചില വ്യവസായികളും അന്വേഷണ നിഴലില്‍; ശബരിമലയില്‍ സംഭവിക്കുന്നത്
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വര്‍ണപ്പാളികള്‍ മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം സ്പോണ്‍സര്‍മാരിലേക്ക് നീളുന്നു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ലക്ഷങ്ങള്‍ കൈമാറിയതായി സംശയിക്കുന്ന സ്പോണ്‍സര്‍ രമേശ് റാവുവിനെ ഈ ആഴ്ച തന്നെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. സ്വര്‍ണപ്പാളി വിവാദത്തിന് പിന്നാലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള മറ്റ് ചില വ്യവസായികളും അന്വേഷണ നിഴലിലാണ്.
ശബരിമലയില്‍ മുന്‍പ് അന്നദാനത്തിനും മറ്റുമായി പണം നല്‍കിയിരുന്ന രമേശ് റാവു, ഉണ്ണികൃഷ്ണന്‍ പോറ്റിയുമായാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത്. സന്നിധാനത്തെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശുന്നതിനായി സ്വര്‍ണം നല്‍കിയതായി ഇയാള്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ ഇടപാടുകള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് സി.ഐ.ടി വിലയിരുത്തല്‍. പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, ഡി. സുധീഷ് കുമാര്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ വന്‍തോതിലുള്ള സംശയാസ്പദമായ ഇടപാടുകള്‍ കണ്ടെത്തി. ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചു. അന്താരാഷ്ട്ര പുരാവസ്തു കടത്ത് സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
എറണാകുളം സ്വദേശിയായ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനും വ്യവസായിക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്ന സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ നടക്കും. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് 6 ആഴ്ച കൂടി സമയം അനുവദിച്ചിട്ടുണ്ട്. 30.5 കിലോ സ്വര്‍ണം കാണാതായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഈ ആരോപണങ്ങളില്‍ എത്രത്തോളം സത്യമുണ്ടെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.
നിലവില്‍ സന്നിധാനത്തെ സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ ലാബ് റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കേസിലെ ഗൂഢാലോചന കൂടുതല്‍ വ്യക്തമാകും. ശബരിമലയില്‍ നിന്ന് കടത്തിയ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ ചെന്നൈയിലെ പുരാവസ്തു മാഫിയ വഴി വിദേശത്തേക്ക് വിറ്റഴിച്ചതായി ഒരു വിദേശ വ്യവസായി രമേശ് ചെന്നിത്തലയ്ക്ക് വിവരം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ചെന്നിത്തല അന്വേഷണ സംഘത്തിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര മാഫിയയുടെ പങ്ക് പോലീസ് പരിശോധിക്കുന്നുണ്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവിലെ ശ്രീറാംപുര ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന കാലം മുതല്‍ രമേശ് റാവുവുമായി ബന്ധമുണ്ട്. 22 വര്‍ഷത്തെ പരിചയമുണ്ടെന്ന് റാവു സമ്മതിച്ചിട്ടുണ്ട്. സന്നിധാനത്തെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശുന്നതിനായി പണം നല്‍കിയത് താനാണെന്നും എന്നാല്‍ കൊള്ളയുമായി തനിക്ക് ബന്ധമില്ലെന്നുമാണ് റാവുവിന്റെ വാദം. എന്നാല്‍, പോറ്റിക്ക് സ്ഥിരവരുമാനമില്ലാതിരുന്നിട്ടും കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചതില്‍ റാവുവിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് പങ്കുണ്ടോ എന്നാണ് എസ് ഐ ടി പരിശോധിക്കുന്നത്. കേസില്‍ ഇതുവരെ ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ ഉള്‍പ്പെടെ 9 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
അന്വേഷണം കൃത്യമായ ദിശയിലാണെന്ന് വിലയിരുത്തിയ കേരള ഹൈക്കോടതി, എസ് ഐ ടിയ്ക്ക് 6 ആഴ്ച കൂടി സമയം അനുവദിച്ചു. ഇതുവരെ 181 സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പ്രതികള്‍ക്ക് ഭരണതലത്തില്‍ ഉന്നതരായ ചില വ്യക്തികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. എറണാകുളം സ്വദേശിയായ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ മൊഴികളില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് സൂചന. ഇദ്ദേഹത്തിലേക്ക് അന്വേഷണം നീളുന്നത് തടയാന്‍ ഉന്നതതലങ്ങളില്‍ നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.




