- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'വിവാഹിതയെന്ന് അറിഞ്ഞിട്ടും വഴിവിട്ട ബന്ധം സ്ഥാപിച്ചു; കുടുംബജീവിതം തകര്‍ത്തുവെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല; രാഹുലിനെ ചോദ്യം ചെയ്യുന്നില്ല; എനിക്കും നീതി വേണം'; തുറന്നടിച്ച് അതിജീവിതയുടെ ഭര്‍ത്താവ്
കൊച്ചി: താന്‍ നല്‍കിയ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭര്‍ത്താവ്. കുടുംബപ്രശ്നത്തില്‍ ഇടപെടാനെന്ന് പറഞ്ഞ് എത്തിയ രാഹുല്‍ തന്റെ കുടുംബ ജീവിതം തകര്‍ത്തുവെന്നാണ് യുവാവിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്നും യുവാവ് പറഞ്ഞു. രാഹുലിന്റെ എംഎല്‍എ സ്ഥാനമാണ് കോണ്‍ഗ്രസ് ആദ്യം രാജിവെപ്പിക്കേണ്ടതെന്നും എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യുവാവ് വ്യക്തമാക്കി. തനിക്കും നീതി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.
''ഞാനും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി വന്നയാള്‍ ആണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ പറഞ്ഞത് എന്നാണ് കേട്ടത്. അപ്പോള്‍ എന്നെയും വിളിച്ച് സംസാരിക്കേണ്ടതല്ലേ? അതു ചെയ്യാത്തതു കൊണ്ടു തന്നെ എംഎല്‍എയുടെ ഉദ്ദേശം എന്താണെന്ന് ചോദിക്കേണ്ടതില്ലല്ലോ. ഒരു നിയമസഭാംഗത്തിനെതിരെയാണ് പരാതി നല്‍കിയത്. ഒരു എംഎല്‍എയാണ് അന്തസ്സില്ലാത്ത പ്രവൃത്തി ചെയ്തത്. അദ്ദേഹം ഇപ്പോഴും പാലക്കാട് വിലസുകയാണ്. ഇത് എന്റെ മാത്രം പ്രശ്‌നമല്ല. പുറത്തു പറഞ്ഞാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും എന്നു കരുതുന്ന ഒരുപാടുപേരുണ്ട്. അവര്‍ക്ക് വേണ്ടി കൂടിയാണ് പറയുന്നത്. കുടുംബ ജീവിതം തകര്‍ത്തു എന്ന് കാട്ടിയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നില്ല. മാങ്കൂട്ടത്തിലിനെക്കൊണ്ട് എംഎല്‍എ സ്ഥാനം രാജി വയ്പിച്ചിട്ടു വേണമായിരുന്നു പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മറുപടി പറയണം'' അദ്ദേഹം പറഞ്ഞു.
അതിജീവിതയുമായുള്ള വിവാഹമോചന നടപടികള്‍ക്കായി അപേക്ഷ ഉടന്‍ സമര്‍പ്പിക്കുമെന്നും ഭര്‍ത്താവ് പറഞ്ഞു. ''വലിയ വേദനയില്‍ കൂടിയാണ് ഞാനും മാതാപിതാക്കളും കടന്നു പോയത്. ഏക മകനാണ് ഞാന്‍. അവരെയും ആശ്വസിപ്പിച്ച് കൂടെ നിര്‍ത്തി മുന്നോട്ടു പോയത് ഞാന്‍ തന്നെയാണ്. അതുകൊണ്ട് എനിക്കും നീതിക്ക് അര്‍ഹതയുണ്ട്. അതു ലഭിക്കുന്നതു വരെ പ്രതികരിക്കുകയും പോരാടുകയും ചെയ്യും'' അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. പരാതിയില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ കുടുംബജീവിതം തകര്‍ത്തെന്നും വലിയ മാനനഷ്ടത്തിന് ഇടയാക്കിയെന്നുമായിരുന്നു യുവാവ് പരാതിയില്‍ പറഞ്ഞിരുന്നത്. വിവാഹിതയാണെന്ന് അറിഞ്ഞിട്ടും തന്റെ ഭാര്യയുമായി രാഹുല്‍ വഴിവിട്ട ബന്ധം സ്ഥാപിച്ചു. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുല്‍ ഭാര്യയെ വശീകരിച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.




